ഒഴിവു ദിവസത്തെ കളികൾ അഥവാ അധികാരത്തിന്റെ ഉടലളവുകൾ…

എന്റെ കൂടെ കോളജിൽ ഒരുമിച്ചു പഠിച്ചിരുന്നവർ ആണ് അനിലും ജോസെഫും. വർഷങ്ങൾ കഴിഞ്ഞു അനിൽ ഇലെക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി. ജോസഫ് PSC എഴുതി ഇലെക്ട്രിസിറ്റി ബോർഡിൽ കാഷ്യർ ആയി കയറി.
വർഷങ്ങൾക്ക് ശേഷം രണ്ടു പേർക്കും ഒരു ഓഫീസിൽ ജോലി ചെയ്യേണ്ടി വന്നു. കൂട്ടുകാരൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയ ഓഫീസിൽ തന്നെ ജോലി കിട്ടിയ സന്തോഷം പങ്കിടാൻ അനിലിനെ കാണാൻ എത്തിയ ജോസഫിനെ മാറ്റി നിർത്തി അനിൽ പറഞ്ഞു.
“നമ്മൾ ഒരുമിച്ചു പഠിച്ചതൊക്കെ ശരിയാണ്, പക്ഷെ ഈ ഓഫീസിൽ ഞാനാണ് നിന്റെ ബോസ്. എന്നെ ഓഫീസിൽ നീ സാർ എന്ന് വിളിക്കണം. മറ്റുള്ളവരുടെ മുൻപിൽ എന്റെ പേര് വിളിച്ചു സംസാരിക്കരുത്.”
അനിലിന്റെ സ്വഭാവം എങ്ങിനെയാണ് ഇങ്ങിനെ മാറിയത് എന്ന് ഞങ്ങൾ എല്ലാവരും അത്ഭുതപ്പെട്ടു.  പക്ഷെ കൂട്ടുകാർ എല്ലാവരും കൂടുന്പോൾ അനിലിന് ഈ പ്രശ്നം ഇല്ലായിരുന്നു, ഓഫീസിൽ മാത്രം അനിൽ വേറൊരാളെ പോലെ പെരുമാറി.
ഇക്കഴിഞ്ഞ ഇന്ത്യ സന്ദർശനത്തിൽ  തിരുവനന്തപുരത്ത് എന്റെ കൂടെ പഠിച്ചു ഇപ്പോൾ കുറച്ചു ഉയർന്ന നിലയിൽ സർക്കാർ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ അവന്റെ ഓഫീസിൽ ചെന്ന് കാണാൻ പോയപ്പോൾ എനിക്ക് സമാന അനുഭവം ഉണ്ടായി. ഇല്ലാത്ത സമയം ഉണ്ടാക്കി പോയ ഞാൻ കുറെ ഏറെ കാത്തിരുന്ന് കണ്ട സുഹൃത്ത് ഞാൻ കോളേജിൽ കണ്ട ആളെ ആയിരുന്നില്ല. അധികാരത്തിന്റെ പല പടികളിലുള്ളവർ തമ്മിലുള്ള ഒരു സിംഫണി ആയിരുന്നു ആ ഓഫീസിൽ  ഞാൻ കണ്ടത്. താഴെ നിന്ന് മുകളിലേക്കുള്ള ഓരോ പടികളിലും ഉള്ളവർ തങ്ങൾക്ക് മുകളിലുള്ളവരെ ഭയ ഭക്തി ബഹുമാനത്തോടെ അനുസരിക്കുന്ന കാഴ്ച. അധികാരത്തിന്റെ ദുഷിച്ച ആ കാഴ്ച എന്റെ ഉള്ളിൽ തികട്ടലുണ്ടാക്കി. അഞ്ചു മിനിറ്റ് നേരത്തെ ഹ്ര്വസ സംഭാഷണത്തിൽ ഞാൻ ആ കണ്ടുമുട്ടൽ അവസാനിപ്പിച്ച് പുറത്തു കടന്നു. ഓഫീസിനെ പുറത്തു വച്ചായിരുന്നു കണ്ടതെങ്കിൽ ഇങ്ങിനെ ആയിരിക്കില്ല ഈ സുഹൃത്ത് പെരുമാറിയിരിക്കുക എന്ന് ഞാൻ കരുതുന്നു. പക്ഷെ പറയാൻ കഴിയില്ല ചിലർ അധികാരത്തെ ഓഫീസിന് പുറത്തേക്കും കൊണ്ട് നടക്കും.
വ്യക്തിയുടെ ആന്തര സ്വഭാവമാണോ അതോ ചുറ്റുപാടുകളാണോ ഒരാളെ അധികാരത്തിന്റെ അടിമയാക്കുന്നത് എന്ന് കണ്ടുപിടിക്കാൻ നടത്തിയ ഏറ്റവും പ്രശസ്തമായ പരീക്ഷണം 1971 ൽ സ്റ്റാൻഫോർഡ് സർവകലാശാലയിലെ സൈക്കോളജി ഡിപ്പാർട്മെന്റിന്റെ ബേസ്‌മെന്റിൽ പ്രൊഫസർ ഫിലിപ്പ് സിംബാർഡോ നടത്തിയ സ്റ്റാൻഫോർഡ് ജയിൽ പരീക്ഷണം ആണ് (https://en.wikipedia.org/wiki/Stanford_prison_experiment). ഒരുവിധ മാനസിക പ്രശ്നവുമില്ലാത്ത പ്രായപൂർത്തിയായ ഇരുപത്തിനാല് വിദ്യാർത്ഥികളെ ആണ് അദ്ദേഹം ഈ പരീക്ഷണത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഇതിൽ ഒന്നിടവിട്ട് പന്ത്രണ്ടു പേരെ യൂണിവേഴ്സിറ്റിയിലെ ബേസ്‌മെന്റിൽ സെറ്റ് ചെയ്ത പരീക്ഷണ ജയിലിലെ ജയിലർമാരായും ബാക്കി പന്ത്രണ്ടു പേരെ അവിടത്തെ അന്തേവാസികൾ ആയും തിരഞ്ഞെടുത്തു. 14 ദിവസം നീളുന്ന ഈ പരീക്ഷണത്തിൽ പങ്കെടുക്കുന്നതിന് ഓരോരുത്തർക്കും ദിവസം15 ഡോളർ ആയിരുന്നു കൂലി.
ഈ പരീക്ഷണം കുറച്ചു യാഥാർഥ്യബോധത്തോടെ ചെയ്യാനായി പന്ത്രണ്ടു ജയിലർമാർക്കും ബാറ്റൺ ഉൾപ്പെടെ യഥാർത്ഥ ജയിലിലെ യൂണിഫോം കൊടുത്തു. ശാരീരികമായി ജയിലിലെ അന്തേവാസികളെ ഉപദ്രവിക്കരുത് എന്ന് മാത്രം ആയിരുന്നു ഒരേ ഒരു നിബന്ധന. ഭക്ഷണം നിഷേധിക്കരുത്, പക്ഷെ തടവുകാരെ മാനസികമായി തളർത്തുന്ന, അവർ ജയിലർമാരുടെ നിയന്ത്രണത്തിൽ ആണെന്ന് അവരെ തോന്നിപ്പിക്കുന്ന അവരുടെ സ്വത്വം നിഷേധിക്കുന്ന എല്ലാം ചെയ്യാൻ ജയിലർമാർക്ക് സ്വാതന്ത്ര്യം കൊടുത്തു. തടവുപുള്ളികളെ പേര് വിളിക്കാതെ അവരുടെ നന്പർ മാത്രം വിളിക്കാനും നിർദ്ദേശിച്ചു. തടവുകാരുടെ ഐഡന്റിറ്റി ഇല്ലാതെയാക്കി അവരെ ജയിലർമാരെ അനുസരിക്കുന്ന “വെറും” തടവുപുള്ളികൾ ആക്കിത്തീർക്കുക എന്നതായിരുന്നു നിർദ്ദേശം.
ജയിലിലെ അന്തേവാസികളെ യഥാർത്ഥ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്തു വിലങ്ങ് വച്ചാണ്  ജയിലിൽ കൊണ്ട് വന്നത്. വസ്ത്രം എല്ലാം അഴിച്ചു പരിശോധന നടത്തി യഥാർത്ഥ ജയില്പുള്ളികളെ ജയിലിനുള്ളിൽ കയറ്റുന്ന പോലെ അവർക്ക് യൂണിഫോം എല്ലാം കൊടുത്ത് ആദ്യ ദിവസം രാത്രി ജയിലിൽ അടച്ചു. എല്ലാവരുടെയും ഒരു കാലിൽ ചങ്ങല ഇട്ടിരുന്നു. ഇതൊരു പരീക്ഷണം ആണെന്ന് എല്ലാവര്ക്കും അറിയാവുന്നത് കൊണ്ട് വളരെ സമാധാനമായി തീരും എന്ന പ്രതീക്ഷയിൽ അങ്ങിനെ പരീക്ഷണം തുടങ്ങി.
പക്ഷെ രണ്ടാം ദിവസം കളി മാറി. ജയിലർമാർ തങ്ങൾ തടവുകാരേക്കാൾ അധികാരമുള്ള ആരൊക്കെയോ ആണെന്ന് തോന്നിത്തുടങ്ങി. തടവുപുള്ളികൾ ശരിക്കും തടവുപുള്ളികളുടെ മാനസിക അവസ്ഥ കാണിച്ചു തുടങ്ങി. ജയിലർമാരുടെ അധികാരം ചോദ്യം ചെയ്തു കൊണ്ട് കുറെ തടവുകാർ തങ്ങളുടെ സെല്ലിലേക്കുള്ള വാതിലുകൾ മേശകളും മറ്റും ഉപയോഗിച്ച് തടഞ്ഞു. ഇതിൽ രോഷം പൂണ്ട ജയിലർമാർ ചില തടവുകാരെ തീ കെടുത്തുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. തടവുകാരുടെ പ്രതിഷേധത്തിൽ പങ്കെടുക്കാതെ ചില തടവുകാർക്ക് മെച്ചപ്പെട്ട സെല്ലും ഭക്ഷണവും കൊടുത്തു തങ്ങളുടെ കൂടെ നിർത്തി.
മൂന്നാം ദിവസം ഒരു തടവുകാരന്റെ മാനസിക നില തെറ്റി. അയാൾ ഉറക്കെ ഒച്ചവയ്ക്കാനും ശപിക്കാനും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കാനും തുടങ്ങി. കൂടുതൽ കുഴപ്പം ഉണ്ടാകുന്നതിനു മുൻപ് ആ തടവുകാരനെ ഈ പരീക്ഷണത്തിൽ നിന്ന് പുറത്തു വിട്ടു. തടവുമാരെ കൂടുതൽ ശിക്ഷിക്കാൻ ജയിലർമാർ തടവുകാരെ കൊണ്ട് അവരുടെ ജയിൽ ഐഡി നന്പർ തുടർച്ചയായി പറയിപ്പിച്ചു. കിടക്ക എടുത്തു മാറ്റിയും തറയിൽ ഉറക്കിയും പല പ്രാവശ്യം ഉറക്കത്തിൽ നിന്ന്  എഴുന്നേൽപ്പിച്ചും തടവുകാരെ ജയിലർമാർ ശിക്ഷിച്ചു കൊണ്ടിരുന്നു.പരീക്ഷണം തുടരവേ പല ജയിലർമാരും വളരെ ക്രൂരമായി തടവുകാരോട് പെരുമാറാൻ തുടങ്ങി.
ഈ പരീക്ഷണത്തില് ഏറ്റവും വലിയ പ്രശ്നം പരീക്ഷണം നടത്തിയ ഫിലിപ്പ് സിംബാർഡോ തന്നെ ജയിലർമാരുടെ അധികാരിയായി ഉള്ള റോളിൽ ആയിരുന്നു എന്നതാണ്. തടവുകാർ പ്രശ്നം ഉണ്ടാക്കി തുടങ്ങിയപ്പോൾ അവരെ എങ്ങിനെ “ഒതുക്കാം” എന്നുള്ള ചർച്ചകളിൽ ഫിലിപ്പും ഉൾപ്പെട്ടിരുന്നു. പരീക്ഷണം നിരീക്ഷിക്കേണ്ട ആൾ തന്നെ പരീക്ഷണത്തിൽ ഭാഗമായി മാറി. അവസാനം ഫിലിപ്പിന്റെ കാമുകി ഫിലിപ്പിനെ അന്വേഷിച്ചു ഈ “സങ്കൽപ്പ” ജയിലിൽ വന്നപ്പോഴാണ് ഈ പരീക്ഷണത്തിന്റെ അപകടം പരീക്ഷണം നടത്തുന്നവർക്ക് മനസിലായത്. തങ്ങൾ യഥാർത്ഥത്തിൽ തടവുകാരോ ജയിൽ വാർഡന്മാരോ ഒന്നും അല്ല എന്നറിയാവുന്നർ തന്നെ സാഹചര്യങ്ങൾ കൊണ്ട്  പരസ്പരം ആക്രമിക്കുന്ന അവസ്ഥയിൽ ആറാം ദിവസം ഈ പരീക്ഷണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
മുകളിൽ വിവരിച്ച പരീക്ഷണം വളരെ വ്യക്തമായി സാഹചര്യങ്ങളും യൂണിഫോമും ചില ചിഹ്നങ്ങളും അധികാരവും ആയി എങ്ങിനെ ബന്ധപെട്ടു കിടക്കുന്നു എന്ന് കാണിക്കുന്നു. കാക്കിയിട്ട പോലീസിനെ കണ്ടാൽ ഒരു പേടി നമ്മുടെ ഉള്ളിൽ വരുന്നതും ഈ അധികാരത്തിന്റെ ചിഹ്നങ്ങളിലൂടെയുള്ള പ്രയോഗത്തെയാണ് കാണിക്കുന്നത്. മനഃശാസ്ത്ര പരീക്ഷണങ്ങളിലെ  ഏറ്റവും കുപ്രസിദ്ധ പരീക്ഷണം ആയാണ് ഈ പരീക്ഷണം ഇപ്പോൾ അറിയപ്പെടുന്നത്.
അധികാരത്തിന് ഒരു ചാക്രിക സ്വഭാവം ഉണ്ട്. മേൽപ്പറഞ്ഞ പോലെ അധികാരത്തിൽ ഉള്ളവർ പെൻഷൻ പറ്റി പെൻഷൻ ഓഫീസിൽ പോകുന്പോൾ അധികാരം ഇവർക്ക് മേൽ പ്രയോഗിക്കപ്പെടുന്നു എന്ന് കാണാം. ചെമ്മനം ചാക്കോ ഭാര്യയുടെ പെൻഷൻ വാങ്ങാൻ പോയപ്പോൾ ഓഫീസിലുള്ളവരുടെ അധികാര സ്വഭാവത്തെ കുറിച്ച് ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്.
“കയ്യിലെ കാശും കൊടു-
ത്തീവിധം തേരാപ്പാരാ
വയ്യെനിക്കേജീസ് ഓഫീസ്
കേറുവാന്‍ ഭഗവാനേ…..” എന്നാണ് അത് തുടങ്ങുന്നത്.
സ്കൂളിൽ പഠിക്കുന്പോൾ സ്കോളർഷിപ് കിട്ടാൻ ഒരു വരുമാന സർട്ടിഫിക്കറ്റിന്‌ വേണ്ടി വില്ലേജ് ഓഫീസിൽ പോയപ്പോൾ ആണ് എനിക്ക്  ആദ്യമായി വില്ലേജിലെ ഒരാൾക്ക് നമ്മളോട്  എങ്ങിനെ ഒക്കെ അധികാരം വെളിവാക്കാൻ കഴിയും എന്ന് മനസ്സിൽ ആയതു. FCI യിൽ കോൺട്രാക്ടറുടെ കീഴിൽ ചുമട്ടു തൊഴിലാളി ആയ എന്റെ ബാപ്പ ഓവർടൈം ചെയ്തു വളരെ അധികം പൈസ ഉണ്ടാക്കുന്നു എന്നും വരുമാന സർട്ടിഫിക്കറ്റ് വേണമെങ്കിൽ FCI യിലെ ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണം എന്നെല്ലാം പറഞ്ഞു വരുമാന സെർട്ടിഫിക്കറ്റ് നിഷേധിച്ച ഒരാളെ  കുറെ നാൾ കഴിഞ്ഞു പെൻഷൻ പറ്റി രോഗാവസ്ഥയിൽ ആരും നോക്കാനില്ലാതെ കണ്ടു എനിക്ക് സങ്കടം വന്നിട്ടുണ്ട്. ഇപ്പോഴും നാട്ടിൽ പോയാൽ ആദ്യം കാണുന്നത് അദ്ദേഹത്തെ ആണ്. അദ്ദേഹത്തിന്റെ ഒരേ ഒരു മകൾ എന്റെ കോളേജിൽ പഠിച്ച് അവസാന സെമസ്റ്റർ കഴിഞ്ഞ ദിവസം ഒരു അപകടത്തിൽ മരിച്ചു പോയത് മുതൽ ഞാൻ അദ്ദേഹത്തെയും ഭാര്യയെയും നാട്ടിൽ പോയാൽ എപ്പോഴും പോയി കാണുന്നതാണ്. വില്ലേജ് ഓഫിസ് എന്ന ഒരു സ്ഥാപനത്തിന് പുറത്തു ഒരു മകനോട് എന്ന പോലെ എന്നോട് പെരുമാറുന്ന ഇദ്ദേഹം തന്നെയാണോ അന്ന് ഞാൻ കണ്ട മനുഷ്യൻ എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെടുകയും ചെയ്യും.
മേൽപ്പറഞ്ഞെതെല്ലാം സർക്കാർ ജോലിക്കാർക്ക് മാത്രം ബാധകം ആണെന്ന് വിചാരിക്കരുത്. അധികാരത്തിന്റെ ഇത്തരം സ്വഭാവ വിശേഷങ്ങൾ വീടിനുള്ളിലും ഒരു പക്ഷെ നാമറിയാതെ പ്രത്യക്ഷമാവുന്നുണ്ട്. ഭർത്താവു ഭാര്യയോടും , വിവാഹം കഴിഞ്ഞ നാളുകളിൽ അമ്മായിയമ്മ മരുമകളോടും, കാലം ചെന്ന് കഴിഞ്ഞു മരുമകൾ അമ്മായിഅമ്മയോടും , ചെറുപ്പത്തിൽ മാതാപിതാക്കൾ കുട്ടികളോടും മാതാപിതാക്കൾ വയസായികഴിഞ്ഞു കുട്ടികൾ മാതാപിതാക്കളോടും എല്ലാം ഈ അധികാരത്തിന്റെ പ്രയോഗം നടത്തുന്നുണ്ട്. നമ്മൾ അറിയാതെ തന്നെ നാം അധികാരത്തിന്റെ ഉടുപ്പണിയുന്നുണ്ട്, മറ്റുള്ളവരോട് മനസ് തുറന്നു സംസാരിച്ചാൽ ഒരു പക്ഷെ അവർ പറഞ്ഞു തരും.
അധികാരത്തിന്റെ അപകടം അത് ബന്ധങ്ങളിൽ നിന്ന് സ്നേഹത്തിന്റെ നൂൽ മുറിച്ചു മാറ്റുന്നു എന്നതാണ്. നാമറിയാതെ നടത്തുന്ന അധികാര ഇടപെടലുകൾ അറിഞ്ഞു കഴിഞ്ഞാൽ അത് മാറ്റാൻ എളുപ്പം ആയിരിക്കും.
നിങ്ങളോട്  ചില ചോദ്യങ്ങൾ.
നിങ്ങളുടെ അധികാരവുമായുള്ള തിക്ത അനുഭവം എവിടെ / എങ്ങിനെ ആയിരുന്നു?
നിങ്ങൾ അധികാരം ആരോടെങ്കിലും പ്രയോഗിക്കുന്നതായി തോന്നുന്നുണ്ടോ?
നോട്ട് 1 : ഈ ജയിൽ പരീക്ഷണം വായിച്ചിട്ടു കുപ്രസിദ്ധമായ അബു ഗാരിബ് ജയിൽ എത്ര പേർക്ക് ഓർമ വന്നു? ഇറാക്കി തടവുകാരെ ക്രൂരമായി പീഡിപ്പിച്ച അബു ഗാരിബ് തടവറയിൽ നടന്ന കാര്യങ്ങളും ഈ പരീക്ഷണത്തിൽ നടന്ന കാര്യങ്ങളും മേൽപ്പറഞ്ഞ പരീക്ഷണം നടത്തിയ ഫിലിപ്പ് സിംബാർഡോയെ തന്നെ ഞെട്ടിച്ച കാര്യം ആണ്. പരീക്ഷണം നടന്നത്  1971 ലും അബു ഗാരിബ് 2003 ലും ആയിരുന്നു.(https://en.wikipedia.org/wiki/Abu_Ghraib_torture_and_prisoner_abuse)
നോട്ട് 2 : ഒഴിവു ദിവസത്തെ കളി എന്ന സിനിമ കണ്ടപ്പോൾ എനിക്ക് മേൽപ്പറഞ്ഞ പരീക്ഷണം ആണ് ഓർമ വന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: