ഒരിക്കലെങ്കിലും, നാം ഭക്തി മാറ്റിവച്ചു നമ്മുടെ ക്ഷേത്രങ്ങൾ സന്ദർശിക്കണം, കല്ലിൽ വിരിയുന്ന കവിതകൾ നിങ്ങൾക്ക് കാണാം..

ഒരിക്കലെങ്കിലും, നാം ഭക്തി മാറ്റിവച്ചു നമ്മുടെ ക്ഷേത്രങ്ങൾ സന്ദർശിക്കണം, കല്ലിൽ വിരിയുന്ന കവിതകൾ നിങ്ങൾക്ക് കാണാം..
ഈജിപ്തിലെ രാജാക്കന്മാരുടെ താഴ്‌വര (വാലി ഓഫ് ദി കിങ്‌സ്) യിലെ കൊത്തുപണികൾ, ഇറ്റലിയിലെ ഫ്ലോറെൻസിൽ മൈക്കൾ ആഞ്ചലോയുടെ ദാവീദിന്റെ പ്രതിമ, വത്തിക്കാനിലെ പിയാത്ത , മധുരയിലെ ആയിരം കാൽ മണ്ഡപത്തിലെ പ്രതിമകൾ, തെങ്കാശി അന്പലത്തിലെ പഞ്ച പാണ്ഡവ – രതി മന്മഥ പ്രതിമകൾ എല്ലാം കണ്ടിട്ടുള്ളത് കൊണ്ട് , ലോകത്തിലെ ഏറ്റവും നല്ല കുറെ കൊത്തുപണികൾ കണ്ടു എന്ന ഒരു ചെറിയ അഹങ്കാരം എനിക്കുണ്ടായിരുന്നു. ബേലൂർ , ഹലേബീഡു എന്നിവിടങ്ങളിലെ ഹൊയ്സാല അന്പലങ്ങൾ സന്ദർശിച്ചപ്പോൾ ആ അഹങ്കാരം മൊത്തമായും ചില്ലറയായും മാറിക്കിട്ടി. ഇത്ര അടുത്ത് കിടന്നിട്ടു ഈ ക്ഷേത്രങ്ങലെ കുറിച്ച് ഇത് വരെ അറിഞ്ഞില്ലല്ലോ എന്നോർത്ത് നാണം തോന്നുന്നു.
ന്യൂ യോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയത്തിൽ വച്ചാണ് ഞാൻ ആദ്യമായി ഒരു ഹൊയ്സാല പ്രതിമ കാണുന്നത്. കേശവ പ്രതിമ ആയിരുന്നു അത്. (http://www.metmuseum.org/toah/works-of-art/18.41/). അസാധാരണ സൂക്ഷ്മമായി ചെയ്തിരിക്കുന്ന കൊത്തുപണി കണ്ടു ഞാൻ അത്ഭുതപ്പെട്ടു. വിവരണം വായിച്ചു നോക്കിയപ്പോൾ, ഇത് കർണാടകയിലെ ബേലൂരിലെ അന്പലത്തിൽ നിന്നാണ് എന്ന് മനസ്സിൽ ആയി. അന്ന് തൊട്ടു കരുതുന്നതാണ് ഇന്ത്യയിൽ വരുന്പോൾ ബേലൂർ / ഹെലെബിഡു സന്ദർശിക്കണം എന്ന്.
കർണാടകയിലെ ഹാസൻ എന്ന സ്ഥലത്തിന് അടുത്താണ് ബെലൂരും, ഹലെ ബീഡുവും. മൈസൂരിൽ നിന്നും 3 മണിക്കൂർ ദൂരം. സമയം ഇല്ലാത്തവർക്ക്, മൈസൂറിന് ഒരു മണിക്കൂർ മാത്രം അകലെ ഉള്ള സോമനാഥപുര സന്ദർശിക്കാം, ഇവിടെയും ഹൊയ്സാല മാതൃകയിൽ ഉള്ള കേശവ ക്ഷേത്രം. ഞാൻ ന്യൂ യോർക്കിൽ കണ്ട പ്രതിമ ഇവിടെ നിന്നുള്ള കേശവ പ്രതിമ ആയിരുന്നു.
എന്റെയും, അനിയന്റെയും കുടുംബത്തോടൊപ്പം, ഉമ്മയെയും കൂടി കൂട്ടി ആണ് ഈ ക്ഷേത്രം കാണാൻ പോയത്. ബന്ദിപ്പൂർ,മൈസൂർ,ബേലൂർ , ഹൊഗെനക്കൽ വെള്ളച്ചാട്ടം എന്നിങ്ങനെ ആയിരുന്നു റൂട്ട്. ബേലൂരിൽ പാതിരി രാത്രി ആണ് എത്തിയത്. ഒരു ലോഡ്ജിൽ കാവൽക്കാരനെ മുട്ടിവിളിച്ചു എല്ലാവര്ക്കും താമസം ശരിയാക്കി. രാവിലെ നല്ല കർണാടക മസാല ദോശയും ഇഡ്ഡലിയും മറ്റും കഴിച്ചു ഞങ്ങൾ ചെന്നകേശവഃ ക്ഷേത്രത്തിലേക്ക് നടന്നു. പുറത്തു നിന്ന് നോക്കിയാൽ ഒരു ചെറിയ ക്ഷേത്രം ആണിത്. മധുരയും, തഞ്ചാവൂരും കണ്ടവർ, ഇത് കാണാനാണോ ഇവിടെ വന്നത് എന്ന് ചെറുതായെങ്കിലും ഒന്ന് സംശയിക്കും. വളരെ കുറച്ചു സന്ദർശകർ മാത്രമാണ് അന്നുണ്ടായിരുന്നത്. ഒരു ഗൈഡിനെ ഏർപ്പാട് ചെയ്തു ഞങ്ങൾ ക്ഷേത്രത്തിന്റെ അടുത്തേക്കു നടന്നു. എന്തുകൊണ്ടാണ് ഈ ക്ഷേത്രത്തെ യുനെസ്കോ ഇത്ര പുകഴ്ത്തി പൈതൃക പട്ടികയിൽ പെടുത്തിയിരിക്കുന്നത് എന്ന് ഒന്നറിയണമല്ലോ (http://whc.unesco.org/en/tentativelists/5898/)
ക്ഷേത്രം അടുത്ത് നിന്ന് കാണുന്പോൾ നിങ്ങൾ ഇത് എന്ത് കൊണ്ട് ഇത് യുനെസ്കോ പട്ടികയിൽ പെട്ടു എന്നല്ല ആലോചിക്കുക, ഇത് ശരിക്കും മനുഷ്യന് സാധ്യമാണോ എന്നാണ്. ഈജിപ്തിലെ വാലി ഓഫ് കിങ്‌സ്, ഇറ്റലിയിലെ ലോകോത്തര പ്രതിമകൾ എല്ലാം നിഷ്പ്രഭം ആയി പോകുന്ന ശില്പ ഭംഗി. ക്ഷേത്രത്തിന്റെ മതിൽ മുഴുവനും, അകത്തും പുറത്തും അസാധാരണ പെർഫെക്ഷൻ ഉള്ള കൊത്തു പണികൾ. ദേവീദേവന്മാർ, അവതാരപുരുഷന്മാർ, പുരാണ കഥ സന്ദർഭങ്ങൾ, കൂടെ അസാധാരണ രൂപ ഭംഗി ഉള്ള സാലഭഞ്ജികകൾ… ഒരു കാര്യം എനിക്കുറപ്പാണ്, ഇത് വിവരിക്കാൻ ഉള്ള ഭാഷ എന്റെ കയ്യിൽ ഇല്ല.
ഇതിന്റെ ചരിത്രം ഗൈഡ് പറഞ്ഞു കേട്ടപ്പോൾ അതിലേറെ ആശ്ചര്യം. 12 ആം നൂറ്റാണ്ടിൽ ഹൊയ്സാല സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു ഹലെബിഡു. അന്നാണ് ഈ ക്ഷേത്രങ്ങൾ പണിതതു. അന്നത്തെ പേര് ദ്വാരസമുദ്ര. ഈ നഗരവും, ക്ഷേത്രങ്ങളും 14 -ആം നൂറ്റാണ്ടിൽ മുസ്ലിം ആക്രമണത്തിൽ തകർന്നതാണ്. അലാവുദ്ധീൻ ഖില്ജിയുടെ ജനറൽ ആയ മാലിക് കഫുർ ആണ് ആ കടുംകൈ ചെയ്തത്. (മാലിക് കഫുറിന്റെ കഥയും, മധുരൈ സുൽത്താനെറ്റും ചരിത്രം ഇഷ്ടമുള്ളവർക്ക് ഇവിടെ വായിക്കാം : https://en.wikipedia.org/wiki/Malik_Kafur). ഈ ബാക്കി ഉള്ള ക്ഷേത്രങ്ങളും ശില്പങ്ങളും ആണ് നിങ്ങൾ ഇന്ന് കാണുന്നവ. ഹാലേബീട് എന്നാൽ തകർന്ന നഗരം എന്നാണ് കന്നഡയിൽ അർഥം എന്ന് ഗൈഡ് പറഞ്ഞു.
വളരെ സൂക്ഷ്മമായ കൊത്തുപണിക്കു പേരുകേട്ടവ ആണ് ഹൊയ്സാല ശില്പങ്ങൾ. ചിത്രങ്ങൾ കണ്ടാൽ അത് മനസിലാവും. മറ്റു പല ക്ഷേത്രങ്ങളിലും വലിയ പ്രതിമകൾ ധാരാളം ഉണ്ട്. പക്ഷെ ഹൊയ്സാല ക്ഷേത്രങ്ങളിൽ വലിപ്പത്തിൽ വലിയ ഊന്നൽ കൊടുക്കാതെ ഡീറ്റെയിൽസിൽ ആണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതു. ഉദാഹരത്തിനു, ഓരോ സാലഭഞ്ജികയും ഒരു സ്റ്റൈലിൽ ആണ് മുടി കെട്ടിവച്ചിരിക്കുന്നതു, ചില മുടികെട്ടുകൾ പഴയ മലയാള സിനിമകളിലെ നായികമാരെ ഓർമിപ്പിക്കും. സാലഭഞ്ജികയുടെ അടുത്ത് ഒരു തോഴി, തോഴി ഒരു മുന്തിരിക്കുല എടുത്തു കൊടുക്കുന്നു, ആ കുലയിലെ ഒരു മുന്തിരിയിൽ ഒരു ഈച്ച ഇരിക്കുന്നു, സൂക്ഷിച്ചു നോക്കിയാൽ, ഈച്ചയുടെ കണ്ണുകൾ വരെ നിങ്ങള്ക്ക് കാണാം. ഇതിൽ കൂടുതൽ ഞാൻ എന്താണ് പറയേണ്ടത്?
ചെറുപ്പത്തിൽ വിക്രമാദിത്യന്റെയും, അനുജൻ ഭട്ടിയുടെയും വേതാളത്തിന്റെയും കഥകൾ ഉള്ള പുസ്തകത്തിലെ ആദ്യ അധ്യായത്തിൽ ആണ് ഞാൻ ആദ്യമായി സാലഭഞ്ജിക എന്ന വാക്ക് കേൾക്കുന്നത്. പുസ്തകത്തിന്റെ പേര് മറന്നു പോയി, പക്ഷെ ഒരു പഴയ കൊട്ടാരം മണ്ണ് മാറ്റി കണ്ടു പിടിക്കുമ്പോൾ ആദ്യമായി ആളുകൾ കാണുന്നത് സാലഭഞ്ജിക പ്രതിമകൾ ആണ് എന്ന് വായിച്ചതു നല്ല ഓർമ ഉണ്ട്. ഓർക്കുക, വിക്രമാദിത്യൻ രംഭ ഉർവശ്ശിമാരുടെ തർക്കം തീർത്ത കഥയിൽ, അദ്ദേഹത്തിന് സമ്മാനം ആയി കിട്ടുന്നത്, സാലഭഞ്ജിക അലംകൃതം ആയ സ്വർണ സിംഹാസനം ആണ് ( http://www.time2story.com/2014/06/story-of-living-2000-years-of-life.html)
ഇവിടെയുള്ള സാലഭഞ്ജിക പ്രതിമകൾ ആദ്യം കണ്ടപ്പോൾ എനിക്ക് മണിച്ചിത്ര താഴിലെ മോഹൻലാലിൻറെ ഡയലോഗ് ആണ് ഓര്മ വന്നത്, എന്നാ സ്ട്രക്ചർ ആണെടെയ് :). അരക്കെട്ടും മാറിടവും അസാധാരണ ഭംഗിയാണ്. ഈ ശില്പങ്ങൾ എല്ലാം ശില്പശാസ്ത്രത്തിലെ ഏതോ ഫോർമുല ഉപയോഗിച്ച് ഉണ്ടാക്കിയതാണ് എന്ന് ഗൈഡ് പറഞ്ഞു. (ഫോർമുല ഞാൻ മറന്നു പോയി, അറിയാവുന്നവർ ദയവായി കമന്റ് ചെയ്യുക, തക്കലയിലെ പത്മനാഭ കൊട്ടാരത്തിലെ പ്രതിമകളിലും ഞാൻ ഇത് കണ്ടിട്ടുണ്ട്). നീ ഇനിയും ഈ പ്രതിമ നോക്കി നിന്നാൽ അവ ഗർഭിണിയാവും എന്ന എന്റെ ഭാര്യയുടെ കമന്റ് കേൾക്കുന്ന വരെ ഞാൻ ഇവ നോക്കി നിന്ന് എന്ന് പറഞ്ഞാൽ മതിയല്ലോ 🙂
ഈ ക്ഷേത്രങ്ങൾ എല്ലാം നക്ഷത്രത്തിന്റെ ആകൃതിയിൽ ആണ് പണിതിരിക്കുന്നത്. അടിത്തറയും, മതിലുകളും എല്ലാം മുകളിൽ നിന്ന് നോക്കിയാൽ ഒരു നക്ഷത്ര രൂപത്തിൽ കാണാം. നക്ഷത്ര രൂപത്തിൽ പണിതാൽ, കൂടുതൽ സർഫേസ് ഏരിയ കിട്ടും എന്നും, അത് കൊണ്ട് കൂടുതൽ ശില്പങ്ങൾ പണിയാം എന്നുമാണ് അതിന്റെ കാരണം എന്ന് ഗൈഡ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ, കൊത്തു പണികൾ മനസ്സിൽ കണ്ടാണ്, ഈ ക്ഷേത്രങ്ങളുടെ ആർക്കിടെക്ചർ തന്നെ.
ഇവ ഇപ്പോഴും പൂജ നടക്കുന്ന ക്ഷേത്രങ്ങൾ ആണ്. ഞങ്ങൾ അകത്തു കയറുന്പോൾ പൂജയ്ക്കു കുറച്ചു ആളുകൾ അകത്തു ഉണ്ടായിരുന്നു. ഇത്ര പഴക്കം ഉള്ള ക്ഷേത്രത്തിൽ പൂജ നടക്കുന്നത് കാണുന്നത് അനന്യം ആയ കാഴ്ച ആണ്. കൊത്തുപണികൾ മാത്രം അല്ല, ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു നേർകാഴ്ച കൂടി ഇവിടെ നമുക്ക് കാണം. ക്ഷേത്രത്തിന്റെ അകത്തു കയറി മുകളിലേക്ക് നോക്കിയാലും മുഴുവൻ കൊത്തുപണികൾ ആണ്. പദ്മനാഭ കൊട്ടാരത്തിൽ മച്ചിൽ കൊത്തിവച്ചിരിക്കുന്ന താമര ഇവിടെ അതെ പോലെ കല്ലിൽ കൊതി വച്ചിട്ടുണ്ട്. താഴെ വച്ച് കൊത്തിയതിനു ശേഷം, മുകളിൽ അടുക്കായി വച്ചിരിക്കുന്ന പോലെ ആണ് ഇതിന്റെ മേൽക്കൂര. ഒരു വാഴപ്പൂ താഴേക്ക് തൂങ്ങി കിടക്കുന്ന പോലെ ഒരു ശില്പവും കാണാം.
നരസിംഹ മൂർത്തി ഹിരണ്യകശിപുവിന്റെ കുടൽമാല വെളിയിൽ എടുത്തു രുധിരപാനം ചെയ്യുന്ന ഒരു പ്രതിമ ഉണ്ട്. കണ്ടാൽ പേടി തോന്നും, കുടൽ മാല എല്ലാം 3D ആണ്. ഇവിടെ പല കൊത്തുപണികളും, ഇങ്ങിനെ ആണ്. ഭീഷ്മർ ശര ശയ്യയിൽ കിടക്കുന്നതു, അർജുനന്റെ പ്രതിമ, എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര ശില്പങ്ങൾ.
കൂട്ടത്തിൽ ഒരു മലയാളിയും ഉണ്ട്, നമ്മുടെ സ്വന്തം മഹാബലി. വാമനൻ കിണ്ടിയിൽ വെള്ളവും ആയി സ്വീകരിക്കുന്നത് ആയാണ് എനിക്ക് തോന്നിയത്, ഇനി ആ കിണ്ടിയുടെ അകത്തു ശുക്രാചാര്യനെ കൂടി ഇവർ കൊത്തി വച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും, കേരളത്തിന് പുറത്തു ഇത്ര പഴയ ഒരു ക്ഷേത്രത്തിൽ, മഹാബലിയെ ഞാൻ ആദ്യം ആയി കാണുകയാണ്.
ക്ഷേത്രത്തിന്റെ അകത്തുള്ള തൂണുകളും അസാധാരണ കൊത്തു പണികളാൽ അലംകൃതം ആണ്. യന്ത്ര സാമഗ്രികൾ ഇല്ലാതെ ഇത് എങ്ങിനെ സാധിച്ചു എന്ന് ഇതിന്റെ എല്ലാം പെർഫെക്ഷൻ കാണുന്പോൾ നാം ശരിക്കും അത്ഭുതപ്പെടും. അതിനേക്കാൾ അത്ഭുതം ഇതിൽ ഒരു തൂൺ താഴെ മുട്ടുന്നില്ല എന്നതാണ്. ഈ അടുത്ത നാൾ വരെ ഇത് തിരിക്കാൻ പറ്റുമായിരുന്നു എന്ന് ഗൈഡ് പറഞ്ഞു, ഇപ്പൊ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ തൂൺ താഴെ പ്ലാസ്റ്റർ ഇട്ടു ഉറപ്പിച്ചു വച്ചിട്ടുണ്ട്. ക്ഷേത്രത്തിനു പുറത്തും ഇങ്ങിനെ ഒരു വലിയ കരിങ്കൽ തൂൺ ഉണ്ട്. പ്ലാസ്റർ ഒന്നും ഇല്ലാതെ ചുമ്മാ താഴെ നിർത്തിയിരിക്കുക ആണ്. സെന്റർ ഓഫ് ഗ്രാവിറ്റി ഇത്ര കറക്ട് ആയി ഇതിന്റെ ബേസിൽ ഇത്ര ഉയരമുള്ള ഒരു കല്ലിനു കൊണ്ടുവരണമെങ്കിൽ, പണ്ട് നമുക്ക് നല്ല ഒരു ശില്പ പാരമ്പര്യവും അറിവും ഉണ്ടായിരുന്നിരിക്കണം. ഈ കല്ല് ഈജിപ്തിൽ നിന്നും കുറെ രാജ്യങ്ങൾ കടത്തി കൊണ്ട് പോയ ഒബ്ലിസ്ക് എന്ന കരിങ്കൽ തൂണുകൾ ഓർമിപ്പിച്ചു. (http://www.pbs.org/wgbh/nova/egypt/raising/world.html)
പല നിരകൾ ആയാണ് കൊത്തുപണികൾ. ഏറ്റവും അടിയിലെ നിരയിൽ ആനകളും കുതിരകളും ആണ്. എല്ലാം ഒന്നിന് ഒന്ന് വ്യത്യസ്തം ആയവ. ഒരേ അച്ചിൽ കുറെ പേര് ഇരുന്നു പണിതത് അല്ലെന്നു സാരം. അല്ലെങ്കിലും ആയിരക്കണക്കിന് കൊത്തുപണിക്കാർ, 103 കൊല്ലം എടുത്തു പണിത ക്ഷേത്രത്തിൽ ഒരേപോലെ രണ്ടു പ്രതിമ എങ്ങിനെ വരാൻ ആണ്?
ഇങ്ങിനെ പലവിധ കാഴ്ചകൾ കണ്ടു നടക്കുന്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്, നമ്മുടെ മാതാശ്രീ, ക്ഷേത്രത്തിന്റെ മുകളിൽ എന്തോ കണ്ടു ഷോക്ക് അടിച്ചു നിൽക്കുന്ന കണ്ടത്.
“ഈ അന്പലത്തിൽ എല്ലാം എന്തിനാടാ ഇതെല്ലം കൊത്തി വച്ചിരിക്കുന്നത്, അയ്യേ..”
അങ്ങിനെ ആണ്, ഞങ്ങൾ ഈ കൊത്തു പണികളുടെ ഇടയിൽ ഉള്ള കാമസൂത്ര ശില്പങ്ങൾ കണ്ടു പിടിച്ചത്. പിന്നെ നോക്കിയപ്പോൾ, പുട്ടിനു പീര പോലെ എല്ലാ ഇടതും ഉണ്ട് സംഭവം. ഒരു ചെറിയ കാമ സൂത്ര 101 ഗൈഡ് തന്നെ ഈ ക്ഷേത്രത്തി ഉണ്ട്. പുറത്തേക്കു ഇറങ്ങുന്പോൾ, ഗോപുരത്തിൽ നോക്കിയാൽ, അവിടെയും ഇത് തന്നെ. പല വലിപ്പത്തിൽ, പല പോസിൽ, ലൈംഗിക കേളികളുടെ ശില്പങ്ങൾ. ഇപ്പോൾ നമുക്ക് അയ്യേ എന്ന് തോന്നുമെങ്കിലും, ഒരു കാലത്തു നമ്മുടെ സംസ്കാരം, ലൈംഗികതയെ എത്ര പവിത്രമായും, തുറന്നും സമീപിച്ചിരുന്നു എന്ന് ഈ ശില്പങ്ങൾ നമുക്ക് കാണിച്ചു തരും. മേശക്കാലിനു വരെ തുണിയറ ഇട്ടിരുന്ന വിക്ടോറിയൻ സദാചാരം വരുന്നത് വരെ ഒരുപക്ഷെ നാം ലൈംഗികതയിൽ ഇന്നുള്ളതിനേക്കാൾ കൂടുതൽ ഓപ്പൺ ആയിരുന്നിരിക്കണം.
ഹാലേബീഡു ബേലൂരിന് വളരെ അടുത്താണ്. ഇവിടെ ഉള്ള ദ്വാരപാലികമാരുടെ പ്രതിമ വളരെ പ്രശസ്തം ആണ്. ധരിച്ചിരിക്കുന്ന ഉടയാടകളുടെയും, ആഭരണങ്ങളുടെയും, സൂക്ഷ്മമായ കൊത്തുപണികൾ, വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയില്ല. ഒറ്റക്കല്ലിൽ ഇവ കൊത്തി ഉണ്ടാക്കിയ ആ ശില്പികളുടെ കാൽപാദങ്ങളിൽ ഒരു സാഷ്ടാംഗ നമസ്കാരം. ആരാണ് ഇവ കൊത്തിയത് എന്ന് ഓർത്തു വിഷമിക്കേണ്ട, ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തം ആയി, ഇവിടെ മിക്ക ശില്പങ്ങളുടെയും താഴെ ശില്പിയുടെ പേര് എഴുതി വച്ചിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ബേലൂരിലെ ക്ഷേത്രത്തിൽ വിഷ്ണു ആണ് പ്രധാന പ്രതിഷ്ട എങ്കിൽ, ഹാലേബീഡുവിൽ ശിവൻ ആണ്. ഹൈന്ദവ രാജാക്കന്മാർ സാധാരണയായി വൈഷ്ണവ അല്ലെങ്കിൽ ശൈവ വിശ്വാസികൾ ആയിരിക്കും. ഹൊയ്സാല രാജ വംശം രണ്ടു പേർക്കും ക്ഷേത്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മാത്രം അല്ല, ജൈന മതത്തിന്റെ വളരെ ശക്തമായ സ്വാധീനം, ഈ ക്ഷേത്രങ്ങളിൽ കാണാം. ബാഹുബലി പ്രതിമ, ജൈന മതത്തിൽ നിന്നും, ഹിന്ദു മതത്തിലേക്കുള്ള ഒരു പരിവർത്തനത്തെ കാണിക്കുന്നു എന്നെനിക്കു തോന്നുന്നു. ഹാലേബീഡുവിൽ തന്നെ വളരെ അധികം ജൈന ക്ഷേത്രങ്ങൾ ഉണ്ട്. ജൈന മതസ്ഥരുടെ പ്രധാനപ്പെട്ട തീര്ത്ഥാടന കേന്ദ്രം ആയ, ബാഹുബലിയുടെ ഒറ്റക്കല്ലിൽ തീർത്ത വലിയ പ്രതിമ ഉള്ള, ശ്രവണബെനഗുള ഇവിടെ തൊട്ടടുത്താണ്. (https://en.wikipedia.org/wiki/Shravanabelagola)
ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ സ്ഥലങ്ങൾ നന്നായി നോക്കുന്നുണ്ടെങ്കിലും, കുറെ ഏറെ പ്രതിമകൾ ഹാലേബീഡു ക്ഷേത്രത്തിനു തൊട്ടടുത്തുള്ള മ്യൂസിയത്തിന് പുറത്തു മഴയും വെയിലും നനഞ്ഞു കിടക്കുന്ന കാഴ്ച സങ്കടകരം ആണ്.
നോട്ട് 1 : നമ്മൾ നമ്മുടെ പല അന്പലങ്ങളിലും ചെയ്യുന്നത് പോലെ, ഇത്ര നല്ല കൊത്തുപണികൾ തീർത്തും അവഗണിച്ചുകൊണ്ട് ദർശനം മാത്രം നടത്തി പോകുന്ന കുറെ പേരെയും കാണാൻ പറ്റി. ഒരിക്കലെങ്കിലും, ഭക്തി മാറ്റി വച്ച് ഇതിന്റെ കല ആസ്വദിക്കാൻ അവർ വരുമെന്ന് ഞാൻ ആശിച്ചു. മധുരയിൽ മീനാക്ഷിയെ കാണാൻ ആയിരക്കണക്കിന് ഭക്തർ വരുമെങ്കിലും, ആയിരം കാൽ മണ്ഡപത്തിലെ ശില്പങ്ങൾ കാണാം വിരലിൽ എണ്ണാവുന്നവർ മാത്രം ആണ് കയറുന്നതു 😦
നോട്ട് 2 : ഈ ക്ഷേത്രം കേരളത്തിൽ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോവുകയാണ്, ഗൈഡ് പറഞ്ഞു. നിങ്ങൾ ആയിരുന്നെങ്കിൽ കുറെ പരസ്യം എല്ലാം ചെയ്തു കുറെ കൂടി ആളുകൾ ഇത് കാണാൻ വരുമായിരുന്നു. അത് ശരി ആണെന്ന് എനിക്കും തോന്നി. അന്ന് ഉച്ച വരെ ഏതാണ്ട് 50 പേരെ മാത്രം ആണ് എനിക്ക് കാണാൻ കഴിഞ്ഞത്. അതിൽ 10 പേര് വിദേശികൾ ആയിരുന്നു. ഇവർ എവിടെ നിന്ന് അറിഞ്ഞു എന്ന് എനിക്കറിയില്ല. പക്ഷെ നിങ്ങൾ ഈ ക്ഷേത്രങ്ങൾ കണ്ടിട്ടില്ലെങ്കിൽ തീരാ നഷ്ടം ആണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: