ഏറ്റവും വലിയ ലൈംഗിക അവയവം….

പേടിക്കണ്ട, നിങ്ങൾ ശരിയായി തന്നെയാണ് തലക്കെട്ടു വായിച്ചത് . കഴിഞ്ഞ ആഴ്ച എനിക്കുണ്ടായ ഒരു വിചിത്ര അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആണീ കുറിപ്പ്.
എന്റെ ഭാര്യയും ഉമ്മയും കൂടി നിൽക്കുന്ന ഒരു ഫോട്ടോ പ്രൊഫൈൽ പിക്ചർ ആയി ഇട്ട ആഴ്ച ഞാൻ ഒരു സ്ത്രീ ആണെന്ന് കരുതി രണ്ടു പേർ എന്നോട് മെസ്സഞ്ചറിൽ ചാറ്റ് ചെയ്തു 🙂 ആദ്യത്തെ ആളോട് ഹലോ എവിടെയാണ് എന്നൊക്കെ പറഞ്ഞതിന് ശേഷം എന്നോട് ഭർത്താവ് വീട്ടിൽ വന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ്, ഇങ്ങേർ ഞാൻ ഒരു പെണ്ണാണ് എന്ന് വിചാരിച്ചാണ് ചാറ്റ് ചെയ്യുന്നത് എന്ന് മനസിലായത്. ഇതെങ്ങോട്ടാണ് പോകുന്നത് എന്നറിയാനുള്ള കൗതുകത്തിന് ഞാൻ തിരുത്താനും പോയില്ല. പക്ഷെ അഞ്ച് മിനിട്ടു കഴിഞ്ഞപ്പോൾ, സംഭാഷണത്തിന്റെ ഗതി മാറി, സ്വകാര്യ ഫോട്ടോ അയച്ചു കൊടുക്കാനുള്ള ചോദ്യം മുതൽ പിന്നീടുള്ള രണ്ടു ദിവസത്തേക്ക് മെസ്സഞ്ചറിലേക്ക് കോളുകളുടെ പ്രവാഹവും ആയിരുന്നു. ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ബ്ലോക്ക് ചെയ്ത ശല്യം ഒഴിവാക്കി.
രണ്ടാമത്തെ ആൾ പക്ഷെ കുറച്ചു കൂടി ദയവു കാണിച്ചു. “നിങ്ങൾ പുരുഷനാണോ സ്ത്രീയാണോ എന്ന ചോദ്യത്തിലാണ് ചാറ്റ് തുടങ്ങിയത്”. പേര് പോലും വായിക്കാതെ പ്രൊഫൈൽ ഫോട്ടോ നോക്കിയുള്ള ചാറ്റ് ആണെങ്കിലും, ഞാൻ ഫേക്ക് അല്ലെന്ന്ന് ഉറപ്പിക്കാൻ ആയിരിക്കും ഈ ചോദ്യം. ഞാൻ സ്ത്രീയാണ് എന്ന് പറഞ്ഞപാടെ അശ്‌ളീല സംഭാഷങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഉടനെ എറണാകുളം ലുലു മാളിൽ നമുക്ക് കാണാം എന്ന് വരെ എത്തി കാര്യങ്ങൾ. ഭാര്യ പ്രസവത്തിന് വീട്ടിൽ പോയിരിക്കുന്ന ഒരാളാണ് ഈ ദേഹം. ബ്ലോക്ക് ചെയ്യുന്നതിന് മുൻപ് അശ്‌ളീല ചിത്രങ്ങളും ഇൻബോക്സിൽ കുറെ കിട്ടി.
ഈ അനുഭവം ഫേസ്ബുക് തുടങ്ങിയ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉള്ള സ്ത്രീകളുടെ കാര്യം എത്ര കഷ്ടമാണ് എന്ന് എന്നെ പഠിപ്പിച്ചു. ഏതെങ്കിലും ഫോൺ നന്പർ വിളിച്ചിട്ടു എടുക്കുന്നത് സ്ത്രീയാണെങ്കിൽ ബന്ധം സ്ഥാപിക്കുന്നത് മുതൽ ഫോൺ റീചാർജ് ചെയ്യുന്ന കടയിൽ നിന്ന് ഫോൺ നന്പർ പൈസ കൊടുത്തു വാങ്ങിച്ചു വിളിക്കുന്നവർ വരെ ഇത്തരക്കാർ വലിയ ശല്യം ആയി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ സ്ത്രീകൾ സോഷ്യൽ മീഡിയയിൽ വരുന്നത് തടയുന്നതും ഇവരാണ്. അന്പലത്തിന്റെയും പള്ളിയുടെയും ചിത്രം മുതൽ വീട്ടിൽ ബർത്ത്‌ഡേ ആഘോഷിക്കുന്നതും പ്രാർത്ഥിക്കുന്നതും ആയുള്ള ചിത്രങ്ങൾ എല്ലാം ഉള്ള സാധാരണ മലയാളീ പ്രൊഫൈലിൽ നിന്നാണ് ഇത്തരം അനുഭവം എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അപ്പോൾ ഇങ്ങിനെ ചെയ്യുന്നവർ നമ്മളുടെ ഇടയിൽ തന്നെ ഉള്ളവരാണ്. അതുകൊണ്ടാണ് ഇത്തവണ ലൈംഗികതയെ കുറിച്ച് എഴുതാം എന്ന് കരുതിയത്.
കുറച്ച് ചരിത്രം.
—————-
ഇന്ത്യയിൽ മാത്രമല്ല പല വികസിത രാജ്യങ്ങളിൽ പോലും ലൈംഗികതെയെകുറിച്ച കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ട് അധികം നാളുകൾ ആയിട്ടില്ല. ഇതിനെ കുറിച്ച് ശാസ്ത്രീയമായി പ്രധാനപ്പെട്ട ആദ്യ പഠനം നടത്തിയത് ആൽഫ്രഡ്‌ കിൻസി ആണ്. 1948 ൽ ഏതാണ്ട് പതിനായിരത്തോളം സ്ത്രീപുരുഷന്മാരെ ഇന്റർവ്യൂ ചെയ്തു പ്രസിദ്ധീകരിച്ച കിൻസി റിപ്പോർട്ടിൽ ആണ് പ്രസിദ്ധമായ കിൻസി സ്കെയിൽ അദ്ദേഹം ആദ്യമായി പരിചയപ്പെടുത്തുന്നത്.
ജീവശാത്രപരമായി നിങ്ങൾ ആണോ പെണ്ണോ ആയിരുന്നാൽ പോലും മാനസികം ആയി ആരും നൂറു ശതമാനം ആണോ പെണ്ണോ ആയിരിക്കണം എന്നില്ല എന്ന അന്നത്തെ കാലത്തെ വിപ്ലവകരമായ കണ്ടു പിടുത്തം ആണ് അദ്ദേഹം നടത്തിയത്. 0 (പൂർണമായും എതിർ ലിംഗത്തെ ഇഷ്ടപ്പെടുന്നവർ) മുതൽ 6 (പൂർണമായും സ്വവർഗ്ഗത്തെ ഇഷ്ടപ്പെടുന്നവർ) വരെയുള്ള സ്കെലിൽ എവിടെ വേണമെങ്കിലും ആവാം നമ്മുടെ ഓരോരുത്തരുടെയും നില. പൂർണമായും സ്ത്രീയോ പുരുഷനോ ആവണം എന്നില്ല എന്നർത്ഥം. മാത്രമല്ല ശാരീരികമായി പുരുഷൻ ആയിട്ടുള്ള ഒരാൾ മാനസികമായി സ്ത്രീയായിരിക്കാം, മറിച്ചും സംഭവിക്കാം. ഇന്ന് ഇക്കാര്യങ്ങള്ക്ക് വളരെ വ്യക്തത ഉണ്ടെന്നു മാത്രം അല്ല, സമൂഹം ഇങ്ങിനെ ഉള്ളവരെ അംഗീകരിച്ചും തുടങ്ങി എങ്കിലും അന്ന് ഇതൊരു വിപ്ലവകരമായ കാര്യം ആയിരുന്നു. അന്നുവരെ ഒരു രോഗമായോ , വളർത്തു ദോഷമായോ കണ്ടിരുന്ന ഇത്തരം കാര്യങ്ങൾ ശാസ്ത്രീയമായി ജനനസമയത് തന്നെ രൂപം കൊണ്ട ഒന്നാണെന്നും കിൻസി കണ്ടു പിടിച്ചു.ചാന്തുപൊട്ട് എന്ന സിനിമയിലെ ദിലീപിന്റെ കഥാപാത്രം ചെറുപ്പത്തിൽ പെൺകുട്ടിയുടെ വേഷം കെട്ടിയതു കൊണ്ടല്ല അങ്ങിനെ ആയിപോയത് എന്ന ചുരുക്കം.
ഇതിനു ശേഷം പിന്നീട് ലൈംഗികതയെകുറിച്ചു നടന്ന പഠനം വില്യം മാസ്റ്റേഴ്സും വിർജീനിയ ജോൺസണും നടത്തിയത് ആണ്. പതിനായിരത്തോളം ആളുകൾ, ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് അറിയാൻ ദേഹത്തു വയർ എല്ലാം ഘടിപ്പിച്ചു, ലാബിൽ നടത്തിയ ലൈംഗിക ബന്ധങ്ങളെ ശാസ്ത്രീയമായി നിരീക്ഷിച്ചു ഉള്ള പഠനം ആണ് ഇവർ നടത്തിയത്. ഇവർ 1966 ൽ പുറത്തു വിട്ട Human Sexual Response എന്ന പുസ്തകം ഇന്നും ഈ വിഷയത്തിൽ ഒരു ക്ലാസിക് ആണ്. ഇവരുടെ പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ താഴെ.
1) ഉത്തേജനത്തിൽ തുടങ്ങി രതിമൂർച്ഛ കഴിഞ്ഞുള്ള വിശ്രമ ഘട്ടം വരെ സ്ത്രീപുരുഷ ലൈംഗിക വേഴ്ചയിൽ നാലു ഘട്ടങ്ങൾ ഉണ്ട്.
2) സ്ത്രീകൾക്ക് ഒരേ ലൈംഗിക വേഴ്ചയിൽ ഒന്നിൽ കൂടുതൽ രതിമൂർച്ഛ അനുഭവിക്കാൻ കഴിയും.
3) സ്വവർഗ ലൈംഗികത ഒരു മാനസിക പ്രശ്നം അല്ല. ജനിക്കുമ്പോൾ തന്നെ മിക്കവരുടെയും ലൈംഗിക രുചികൾ തീരുമാനിച്ചു കഴിഞ്ഞിരിക്കും.
4) സ്വയംഭോഗം അസുഖമോ ഭ്രാന്തോ ഉണ്ടാക്കില്ല.
5) ഭൂരിഭാഗം പുരുഷന്മാരും സ്ത്രീകളും ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ സ്വയംഭോഗം ചെയ്യുന്നവരാണ്.
6) വിവാഹത്തിന് മുൻപുള്ള ലൈംഗികവേഴ്ച സാധാരണ നടക്കുന്ന കാര്യമാണ്.
7) പുരുഷന്മാർ ഇരുപതുകളിലും സ്ത്രീകൾ മുപ്പതുകളിലും ആണ് ലൈംഗികതയുടെ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നത്. പ്രായം കൂടുതൽ ഉള്ള സ്ത്രീകളെ കല്യാണം കഴിച്ചവരെ ഓർത്തു സഹതപിച്ചവർ പ്രത്യകിച്ച് നോട്ട് ചെയ്യേണ്ട കാര്യം.
8) ലൈംഗികതയ്ക്ക് പ്രായപരിധി ഇല്ല. കാരൂരിന്റെ മോതിരം എന്ന ചെറുകഥയിൽ ആണെന്ന് തോന്നുന്നു പ്രായമായ രണ്ടു പേർ തമ്മിലുള്ള പ്രണയത്തെ മനോഹരം ആയി ചിത്രീകരിച്ചിരിക്കുന്നത്. അത് നിഷ്കളങ്ക പ്രണയം ആവണം എന്നില്ല. ഏത് പ്രായത്തിലും ലൈംഗിക ആകർഷണം ഉണ്ടാവാം.
ഇന്ന് ഇതൊക്കെ സാധാരണമായി തോന്നാമെങ്കിലും 1966 ൽ അമേരിക്കയിൽ വരെ വിപ്ലവകരമായ വിവരങ്ങൾ ആയിരുന്നു. ഇത് അമേരിക്കയിൽ നടന്ന പഠനം ആണ്, വിവാഹത്തിന് മുൻപുള്ള ലൈംഗിക വേഴ്ചകളുടെ കാര്യത്തിൽ ഒരു പക്ഷെ നമ്മുടെ നാട്ടിൽ വ്യത്യാസം ഉണ്ടാവാം, പക്ഷെ ഇതുപോലെ വിശദമായ ഒരു പഠനം ഇന്ത്യയിൽ നടന്നിട്ടില്ലാത്തത് കൊണ്ട് യാഥാർഥ്യം അറിയില്ല.
ലൈംഗികതയും പരിണാമവും.
——————————-
പ്രത്യുൽപ്പാദനത്തിന് അല്ലാതെ ആസ്വാദനത്തിന് വേണ്ടി ലൈംഗിക ബന്ധം പുലർത്തുന്ന ചുരുക്കം ചില മൃഗങ്ങളിൽ ഒന്നാണ് മനുഷ്യൻ. ലൈംഗിക ചോദനകൾ അടക്കി വച്ചില്ലെങ്കിൽ മൃഗങ്ങളും മനുഷ്യരും തമ്മിൽ എന്ത് വ്യത്യാസം എന്ന് ചോദിക്കുന്ന ചില മത പുരോഹിതന്മാർ മറന്നു പോവുന്ന ഒരു കാര്യമുണ്ട്. ഭൂരിഭാഗം മൃഗങ്ങളും കുട്ടികൾ ഉണ്ടാവാൻ സാധ്യത ഉള്ള സമയത്തു (ovulation period) മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപെടുന്നുള്ളു. മനുഷ്യൻ ആസ്വാദനത്തിന് വേണ്ടിയും , കുട്ടികൾ ഉണ്ടാവാൻ ഒരു സാധ്യത ഇല്ലാത്ത സമയത്തും മറ്റും ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നവർ ആണ്. (നോട്ട് 1 കാണുക)
ഇതിന്റെ പരിണാമപരമായ കാരണം തേടിപോയാൽ നമ്മൾ എത്തി നിൽക്കുന്നത് മനുഷ്യന്റെ തലച്ചോറിന്റെ വലുപ്പത്തിൽ ആണ്. മിക്ക ജീവികളുടെ കുഞ്ഞുങ്ങളും ജനിക്കുന്പോൾ തന്നെ സ്വയം ഇര തേടാൻ പര്യാപ്തമാണെങ്കിൽ മനുഷ്യന്റെ കുട്ടി സ്വയം നിലനില്പിനുള്ള ഒരു കഴിവും ഇല്ലാതെ ആണ് ജനിക്കുന്നത്. തലച്ചോറ് പൂർണ വളർച്ച എത്താതെ ആണ് മനുഷ്യൻ ജനിക്കുന്നത്. പൂർണ വളർച്ച എത്തുന്ന വരെ ഗർഭപാത്രത്തിൽ കഴിഞ്ഞാൽ അത്രയും വലുപ്പമുള്ള തല സ്ത്രീകളുടെ ഇടുപ്പെല്ലിലൂടെ പുറത്തു വരില്ല. മനുഷ്യനെ മനുഷ്യൻ ആക്കുന്നത് ഇത്രയും വലുപ്പമുള്ള തലച്ചോർ ആണ്. ജനിച്ചു മൂന്നു മാസം കൊണ്ട് തലച്ചോറിന്റെ വലുപ്പം ഇരട്ടി ആയി വർദ്ധിക്കും. എന്ന് വച്ചാൽ എല്ലാ മനുഷ്യ കുട്ടികളും ജനിക്കുന്നത് വളർച്ച തികയാതെ ആണ്, പുറത്താണ് പിന്നീടുള്ള വളർച്ച നടക്കുന്നത്, പ്രത്യകിച്ചും തലച്ചോറിന്റെ വളർച്ച.
ഇതിൽ ഒരു കുഴപ്പം ഉള്ളത്, മറ്റു ജീവികളെ പോലെ മനുഷ്യന് തന്റെ കുഞ്ഞിനെ ഇട്ടിട്ടു ഇര തേടാൻ പോവാൻ കഴിയില്ല എന്നതാണ്. പാല് കൊടുക്കാൻ കഴിവുള്ള മാതാവ് കുഞ്ഞിനെ നോക്കുകയും പിതാവ് ഇര തേടാൻ പോവുകയും ചെയ്യന്ന ഒരു സിസ്റ്റം തുടങ്ങുന്നത് ഇതിൽ നിന്നാണ്. പക്ഷെ മാതാപിതാക്കളെ കുട്ടി വലുതാവുന്ന വരെ ഇങ്ങിനെ കൂട്ടി ഇണക്കി നിർത്താൻ പ്രകൃതി കണ്ടു പിടിച്ച വിദ്യ ആണ് ലൈംഗികത. കൃഷി തുടങ്ങിയതിൽ പിന്നെ ആണ് ഒരു ഭർത്താവിന് ഒരു ഭാര്യ എന്നെല്ലാം ഉള്ള നിയമങ്ങൾ വന്നത്, അതിനു മുൻപ് വേട്ടയാടുന്ന കാലത്തു ബഹു ഭാര്യത്വവും ബഹു ഭർതൃത്വവും വളരെ സാധാരണം ആയിരുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു. (നോട്ട് 2 കാണുക)
മനുഷ്യ ലൈംഗികതയെ അടയാളപ്പെടുത്തുന്ന ഒരു പ്രധാന കാര്യം ഈ കുട്ടിയെ നോക്കൽ കൊണ്ടുണ്ടായതാണ്. സ്ത്രീക്ക് വിശ്വാസം ഉള്ളവരെ ആണ് അവൾ ലൈംഗിക പങ്കാളിയായി തിരഞ്ഞെടുക്കുന്നത്. കുട്ടിയെ നോക്കൽ ഒരു പ്രശ്നം ആയി കാണാത്ത പുരുഷൻ തന്റെ വിത്തുകൾ എല്ലായിടത്തും വിതയ്ക്കാൻ വെന്പൽ കൊള്ളുന്പോൾ, സ്ത്രീ തനിക്കും കുട്ടിക്കും വളരെ നാൾ സംരക്ഷണം നൽകുന്ന ഒരാളെ ലൈംഗിക പങ്കാളി ആയി തിരഞ്ഞെടുക്കുന്നു.
ആധുനിക ലോകത്ത് കുട്ടിയെ നോക്കുന്ന കാര്യത്തിലും സ്ത്രീകളുടെ ജോലിക്കാര്യത്തിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഭൂരിഭാഗം ആളുകളും ജീവിതകാലം മുഴുവൻ ഒരേ പങ്കാളിയെ നിലനിർത്തിക്കൊണ്ടു കുടുംബം എന്ന സങ്കല്പം തുടർന്ന് പോകുന്പോൾ ചിലർ വിവാഹം എന്ന പരന്പരാഗതമായ പരിപാടി ഒഴിവാക്കി ലിവിങ് ടുഗെതർ രീതി തിരഞ്ഞെടുക്കുന്നു. വളരെ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് നമ്മുടെ വിവാഹ / ലൈംഗിക സങ്കല്പങ്ങൾ.
ലൈംഗികതയുടെ ജീവശാസ്ത്രം, പ്രണയത്തിന്റെയും…
—————————————————–
കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന അന്വേഷണം പോലെയാണ് പ്രണയവും ലൈംഗികതയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നത്. പ്രകൃതി സന്താന ഉൽപ്പാദന ലക്ഷ്യത്തോടെ രണ്ടു പേരെ പരസ്പരം ആകർഷിപ്പിക്കുന്പോൾ അനേകം ഹോർമോണുകളുടെ ഒരു വാദ്യമേളം ശരീരത്തിനകത്ത് നടക്കുന്നുണ്ട്. പലപ്പോഴും പലരും പ്രണയം എന്ന് തെറ്റിദ്ധരിക്കുന്നത് തന്നെ ടെസ്റ്റോസ്റ്റിറോൺ എന്ന ആൺ ലൈംഗിക ഹോർമോണിന്റെയും ഈസ്ട്രജൻ എന്ന സ്ത്രീ ലൈംഗിക ഹോർമോണിന്റെയും ഡോപോമൈനിന്റെയും പ്രവർത്തന ഫലമായുണ്ടാവുന്ന താൽക്കാലികമായ ശാരീരികവും മാനസികവും ആയ അടുപ്പത്തെ ആണ്. ഒരു പുരുഷനും സ്ത്രീയും പ്രണയിക്കുകന്പോൾ അവർ നാലു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു.
1) സ്വന്തം കൂട്ടുകാരെ കുറിച്ചും കുടുംബക്കാരെ കുറിച്ചും പരസ്പരം സംസാരിച്ചു തുടങ്ങുക
2 ) ഞാൻ എന്ന പ്രയോഗത്തിൽ നിന്ന് നമ്മൾ എന്ന പ്രയോഗത്തിലെക്ക് ഭാഷ മാറുക, ഉദാഹരണത്തിന് ഞാൻ സിനിമ കണ്ടു എന്നതിന് പകരം ഞങ്ങൾ സിനിമ കണ്ടു എന്ന് പ്രയോഗിക്കുക
3) വേറെ ആർക്കും അറിയാത്ത ചില സ്വകാര്യ വിവരങ്ങൾ പരസ്പരം പങ്കു വയ്ക്കുക
4 ) പരസ്പരം സ്വാധീനിച്ചു തുടങ്ങുക, ഉദാഹരണത്തിന് കാമുകൻ ഇഷ്ടപെട്ട രാഷ്ട്രീയപാർട്ടിയിൽ കാമുകി വിശ്വസിക്കാൻ തുടങ്ങുക, കാമുകിക്ക് ഇഷ്ടപെട്ട സിനിമ കാമുകന് ഇഷ്ടപ്പെടുക.
പ്രണയ ഹോർമോൺ എന്നറിയപ്പെടുന്ന ഡോപോമൈൻ ആണ് ഇതിന്റെ എല്ലാം പിറകിൽ. ഒരാണിനെയും പെണ്ണിനേയും സന്താന ഉൽപ്പാദനത്തിന് വേണ്ടി തയ്യാറാക്കുന്ന പ്രവർത്തികളും പരസ്പരം ഉള്ള സ്നേഹബന്ധവും പല ഹോര്മോണുകളുടെ ഫലമാണ്. പക്ഷെ നമ്മുടെ നാട്ടിൽ പലരും കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ഇടപഴകുന്നതിനെ സദാചാര പ്രശ്നമായി കാണുന്നവരാണ്. എറണാകുളം മറൈൻ ഡ്രൈവിംഗ് നടന്ന സദാചാര പൊലീസിങ് ഓർക്കുക. ചില അച്ഛനമ്മമാർ വരെ പെൺകുട്ടികളോട് ആൺകുട്ടികളോട് അധികം ഇടപഴകരുത് എന്ന് മുന്നറിയിപ്പ് നൽകുന്നവരാണ്. ഇത് രണ്ടു തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാക്കും. പെൺകുട്ടികളുടെ കാര്യത്തിൽ ലൈംഗികത ഒരു തെറ്റായ കാര്യം ആണെന്ന തെറ്റിദ്ധാരണയും ആൺകുട്ടികളുടെ കാര്യത്തിൽ പെൺകുട്ടികളോട് ഇടപഴകാത്തതു കൊണ്ട് സ്ത്രീയെ ഒരു അത്ഭുത വസ്തുവായി കാണുവാനും സ്ത്രീയുടെ മനസ് അറിയാതെ അവളെ ഒരു ശരീരമായി മാത്രം കാണാനും ഇടവരുത്തും.
പ്രണയത്തിൽ നിന്നും ലൈംഗിക ബന്ധത്തിൽ എത്തുമ്പോൾ ഹോർമോണുകളുടെ കാര്യത്തിൽ ഒരു പ്രധാന മാറ്റം സംഭവിക്കുന്നു. പരസ്പര വിശ്വാസം വളർത്തുന്ന ഓക്‌സിടോസിൻ എന്ന ഹോർമോൺ ദീർഘ കാല ബന്ധത്തിന് പങ്കാളികളെ രൂപപ്പെടുത്തുന്നു. അറേഞ്ച് ചെയ്ത വിവാഹങ്ങളുടെ കാര്യത്തിൽ ഹണിമൂൺ കാലത്തു അന്ന് വരെ അധികം പരിചയമില്ലാത്ത സ്ത്രീയും പുരുഷനും പ്രണയത്തിൽ വീഴുന്നതും വളരെനാൾ പരിചയമുള്ള ആളുകളെ പോലെ പെരുമാറുന്നതും ഈ ഹോർമോണുകളുടെ കളിയാണ്. തൂവാനതുന്പികളിൽ ജയകൃഷ്ണന് ക്ലാരയോട് പ്രണയം തോന്നിയത് വെറുതെയല്ല.
ഇതൊന്നും അല്ലാതെ സമൂഹവും ലൈംഗിക ചോദനകളെ സ്വാധീനിക്കുന്നുണ്ട്. ഖജുരാഹോ , കാമസൂത്ര തുടങ്ങിയവ ഇന്ത്യയിൽ വളരെ വിശാലമായ ലൈംഗിക കാഴ്ചപ്പാടുകൾ പണ്ട് ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്പോൾ തന്നെ ഇന്നത്തെ ഭാരതത്തിൽ സെക്സിനെ കുറിച്ച് സംസാരിക്കുന്നതും, പരസ്പര ഇഷ്ടവും സമ്മതവും ഉണ്ടെങ്കിൽ കൂടി വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധം തെറ്റാണെന്നു കരുതുന്നവരും ആണ്.
പക്ഷെ ഇത് വരെ കാണാത്ത സ്ത്രീകളോട് ഫേസ് ബുക്കിൽ കൂടിയും മറ്റും ഇങ്ങിനെ അശ്‌ളീല വർത്തമാനം പറയുന്നതും ശല്യപ്പെടുത്തുന്നതും, ഒന്നുകിൽ സ്ത്രീകളെ നേരിട്ട് കാണുന്പോൾ തൊണ്ട വരണ്ടു പോകുന്ന ഭീരുക്കളോ, സ്വന്തം ഭാര്യ ഉൾപ്പെടെ ഒരാളോട് പോലും ആത്മാർത്ഥ പ്രണയം ഇല്ലാത്ത പൂവാലന്മാരോ, അല്ലെങ്കിൽ സ്ത്രീ ശരീരം മാത്രമാണെന്ന് വിചാരിക്കുന്ന വിവരദോഷികളോ ആയിരിക്കും. മനുഷ്യന്റെ ഏറ്റവും വലിയ ലൈംഗിക അവയവം തലച്ചോറാണെന്നും ഏറ്റവും വലിയ ആസ്വാദനം അത് ഉത്തേജിപ്പിക്കപ്പെടുന്പോഴാണെന്നും, ലൈംഗികത മനസും ശരീരവും കൂടിയുള്ള ഒരു പഞ്ചവാദ്യം ആണെന്നും എല്ലാം ആരെങ്കിലും ഇവർക്ക് പറഞ്ഞു കൊടുത്തെങ്കിൽ ….
നോട്ട് 1 : Animals : 12 -14 sex acts per birth , humans : 800 -1000 sexual acts per birth
നോട്ട് 2 : Ref : സെക്സ് അറ്റ് ഡോൺ by ക്രിസ്റ്റഫർ റയാൻ

One thought on “ഏറ്റവും വലിയ ലൈംഗിക അവയവം….

Add yours

  1. Nazeer, thangal ezhuthiyathu muzhuvan nhan vayichu.. iniyum kure ezhuthanam .. Also pls share me the link.. your write ups are straight from the heart and connects with me big time

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: