എന്റെ ഉപ്പൂപ്പാക്ക് ഏഴു ഭാര്യമാരുണ്ടായിരുന്നു….

വർഷങ്ങൾക്കു മുൻപ് നാട്ടിൽ ചെന്നപ്പോൾ ഭാര്യയുടെ മാതാപിതാക്കളെ ബീച്ച് കാണിക്കാനായി ഫോർട്ട് കൊച്ചിയിൽ പോയതാണ്. ഒരു ചെറിയ പെട്ടിക്കടയിൽ നിന്നും നാരങ്ങാ വെള്ളം വാങ്ങി കുടിച്ചു. ഞാൻ കൊച്ചിക്കാരൻ അല്ലെന്നു വിചാരിച്ചിട്ടാവും നാരങ്ങ വെള്ളത്തിന് കടക്കാരൻ കുറച്ച പൈസ കൂട്ടി ചോദിച്ചു.
 
“ഇക്ക, ഞാൻ ഇവിടെ ഒക്കെ തന്നെ ഉള്ളതാണ്, ഈ പൈസ ഇത്തിരി കൂടുതൽ ആണല്ലോ..”
 
കടക്കാരന് എന്റെ മീശയില്ലാത്ത, അമേരിക്കയിൽ നിന്ന് ഒരാഴ്ച മുൻപ് മാത്രം നാട്ടിൽ വന്ന എന്റെ കോലം കണ്ടിട്ട് അത്ര വിശ്വാസം വന്നില്ല.
 
“നീ ഇവിടെ ഉള്ളതാണെന്നൊന്നും പറഞ്ഞതു എന്നെ പറ്റിക്കാൻ നോക്കണ്ട, നിങ്ങളെ കണ്ടാൽ അറിയാലോ പുറത്തുള്ളത് ആണെന്ന്. ഇവിടെ ഇത്രേം പൈസയാവും..”
 
“ഇക്ക ഞാൻ ഇവിടെ അടുത്തുള്ളതാണ്, സംശയം ഉണ്ടെങ്കിൽ മേപ്പറന്പ് യൂസുക്ക എന്ന് മട്ടാഞ്ചേരിയിൽ ആരോടെങ്കിലും ചോദിച്ചു നോക്ക്..”
 
കടക്കാരൻ കുറച്ചു അത്ഭുതത്തോടെ എന്നെ നോക്കി എന്നിട്ടു ചോദിച്ചു..
 
“മേപ്പറന്പ് യൂസുക്കാന്റെ ആരാണ്?”
 
“എന്റെ ഉപ്പയാണ്, ബാപ്പാന്റെ ബാപ്പ..”
 
“നിന്റെ ബാപ്പാന്റെ പേരെന്താണ്?”
 
“ഹുസൈൻ, ഇപ്പൊ പള്ളുരുത്തിയിൽ ഉള്ള ..”
 
“നിന്റെ പേര് നസീർ എന്നാണോ? ഒരു തമിഴത്തിയെ കല്യാണം കഴിച്ച…”
 
“അതെ, അത് നിങ്ങള്ക്ക് എങ്ങിനെ അറിയാം?” ഇപ്പൊ തള്ളിയത് എന്റെ കണ്ണാണ് .
 
“എടാ ഞാൻ നിന്റെ ബന്ധുവാണ്, യൂസുക്ക എന്റെയും ഉപ്പയാണ്..”
 
അതെ ഏഴു ഭാര്യമാരുള്ള ഒരാളുടെ പേരക്കുട്ടിയായാൽ ഉള്ള കുഴപ്പം ഇതാണ്, ആരൊക്കെയാണ് എവിടെയൊക്കെയാണ് ബന്ധുക്കൾ എന്ന് ഒരു പിടിയും കിട്ടില്ല.
 
എന്റെ ബാപ്പയുടെ ബാപ്പയായ മേപ്പറന്പിൽ യൂസഫ്, സോപ്പ് കന്പനിയും അരി കച്ചവടവും ഒക്കെയായി കേരളം മുഴുവൻ സഞ്ചരിക്കുകയും, കേരളത്തിലെ പല ജില്ലകളിൽ നിന്ന് കല്യാണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി , എറണാകുളം എന്നീ ജില്ലകളിലെ ഭാര്യമാരെ മാത്രമേ എനിക്ക് നേരിട്ടറിയുകയുള്ളു, അവരുടെ മക്കളെയും. ചില ഭാര്യമാർ ഒരു വീട്ടിൽ തന്നെ താമസിച്ചു. കുട്ടികൾ ഇല്ലാതിരുന്ന ഒരു ഭാര്യ, മരിച്ചു പോയ മറ്റൊരു ഭാര്യയുടെ കുട്ടിയെ സ്വന്തം കുട്ടിയെ പോലെ വളർത്തി വലുതാക്കി. ഏറ്റവും അവസാനത്തെ ഭാര്യക്കു ഉപ്പയുടെ ഏറ്റവും മൂത്ത മകളെക്കാൾ പ്രായം കുറവായിരുന്നു. ആ ഭാര്യമാർ കടന്നു പോയ മനസികാവസ്ഥകൾ എനിക്ക് മനസിലാക്കാൻ കഴിയുന്നതിനപ്പുറമാണ്. ഒരു പക്ഷെ അന്നത്തെ സാമൂഹ്യ സാഹചര്യങ്ങൾ അവരെ അത് മറികടക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവാം.
 
ഉപ്പ മരിക്കുന്പോൾ മരപ്പണിയുടെ ഉപകരണങ്ങൾ ഉള്ള ഒരു വെറും പെട്ടി മാത്രമാണ് ബാക്കിയായത്. കുറെ കണക്കുകൾ അടങ്ങിയ ഒരു ഡയറിയും, മട്ടാഞ്ചേരിയിൽ കപ്പലടുക്കുന്പോൾ പലപ്പോഴായി ശേഖരിച്ച കുറെ സിഗരറ്റു ലൈറ്റർസിന്റെ ശേഖരവും മാത്രം.
 
ഞാൻ ഗോമതിയെ കല്യാണം കഴിക്കുന്പോൾ അവളുടെ അച്ഛന്റെ ഏറ്റവും വല്യ പേടി മുസ്ലിങ്ങൾ ഒന്നിൽ കൂടുതൽ കല്യാണം കഴിക്കും എന്നുള്ളതായിരുന്നു. മാറിയ സാമൂഹിക സാഹചര്യങ്ങളിൽ ഒരു കല്യാണം കഴിച്ചു കഴിഞ്ഞു തലക്കകത്തു ആൾതാമസം ഉള്ള ആരെങ്കിലും വേറെ കെട്ടുമോ എന്ന് ഞാൻ ചോദിച്ചു. മതം ചിലർ സ്വന്തം കാര്യങ്ങൾക്കു ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം, അല്ലെങ്കിൽ പ്രവാചകൻ ചെയ്തത് പോലെ ആദ്യ ഭാര്യ മരിക്കുന്നതു വരെ ആരും വേറെ കല്യാണം കഴിക്കരുത്. ആ ഒരു കാര്യത്തിൽ മാത്രം ചിലർക്ക് പ്രവാചകനെ വേണ്ട 🙂
 
എന്റെ ബാപ്പയും മൂന്നു കല്യാണം കഴിച്ചതാണ്. ബഹുഭാര്യത്വം, ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് കുട്ടികളെയാണ്. സാമൂഹികവും, മാനസികവും, സാന്പത്തികവും ആയി അവർ കടന്നു പോകുന്ന വേദന വളരെ വലുതാണ്. ചങ്കിൽ ചോര പൊടിയുന്ന അനുഭവങ്ങൾ ആയതു കൊണ്ട് വേറൊരു ദിവസം പറയാം…
 
അതുവരെ, തലാഖ് ചൊല്ലുന്നവർ ഒന്നോർക്കുക, മുഹമ്മദ് നബി തന്റെ ആദ്യ ഭാര്യ മരിക്കുന്നതു വരെ വേറെ ആരെയും കല്യാണം കഴിച്ചിരുന്നില്ല, മാത്രമല്ല, പ്രവാചകന്റെ കാലവും സാമൂഹിക സ്ഥിതിയും അല്ല ഇപ്പോൾ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: