ഇരയും വേട്ടക്കാരനും.

അമേരിക്കയിലെ 9/11 ഭീകര ആക്രമണം കഴിഞ്ഞു ആറ് വർഷങ്ങൾക്ക് ശേഷം ആണ് ഞാൻ ഇന്ത്യക്കാർ തിങ്ങി താമസിക്കുന്ന എഡിസൺ എന്ന ടൗണിൽ ഒരു വീട് വാങ്ങിയത്. താമസിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചു, ചില സമയങ്ങളിൽ പുറത്തു ചില കാറുകൾ പാർക്ക് ചെയ്തു കിടക്കും. ഞങ്ങൾ ജനൽ തുറന്നു നോക്കിയാൽ വിട്ടു പോവുകയും ചെയ്യും. ആദ്യമൊക്കെ റോഡിൻറെ സൈഡിൽ ആരെങ്കിലും കാർ നിർത്തി സംസാരിക്കുകയായിരിക്കും എന്നാണ് ഞങ്ങൾ കരുതിയത്, പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ അത് ആഴ്ചയിൽ ഒരിക്കൽ നടക്കുന്നുണ്ടോ എന്നൊരു സംശയം വരാൻ തുടങ്ങി.
 
ആറ് മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം എന്റെ ഫേസ്ബുക്, ജിമെയിൽ, ഹോട്ട്മെയിൽ, യാഹൂ എന്നിങ്ങനെ എല്ലാ അക്കൗണ്ടുകളും ലോക്ക് ആയി. എന്തൊക്കെ ചെയ്തിട്ടും എനിക്ക് ഒന്നിലും ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ല. ആന്ന് പാതിരാത്രിയിൽ എനിക്കൊരു ഫോൺ കാൾ വന്നു. മറുതലക്കൽ ഇംഗ്ലീഷിൽ ഒരാൾ സംസാരിച്ചു.
 
“ബ്രദർ ഞാൻ നിങ്ങളുടെ അക്കൗണ്ടുകൾ എല്ലാം ഹാക്ക് ചെയ്തിട്ടുണ്ട്. എനിക്ക് നിങ്ങളുടെ സഹായം വേണം. ഞാൻ പറയുന്ന പോലെ ചെയ്‌താൽ നിങ്ങളുടെ അക്കൗണ്ടുകൾ ഞാൻ അൺലോക്ക് ചെയ്യാം, അല്ലെങ്കിൽ നിങ്ങളുടെയും ഭാര്യയുടെയും നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് ഞങ്ങൾ ഇന്റർനെറ്റിൽ ഇടും. “
 
“നിങ്ങളുടെ വിളിച്ച നന്പർ എന്റെ ഫോണിൽ എനിക്കു കാണാം, ഞാൻ ഇപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കും” എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.
 
അമേരിക്കൻ പോലീസ് മണിക്കൂറുകൾക്കുള്ളിൽ ഇവരെ പിടിക്കും എന്നെല്ലാം വിചാരിച്ചു ഞാൻ 911 ഡയല് ചെയ്തു. രാത്രി തന്നെ ഒരു പോലീസ്‌കാരൻ വന്നു. ഇന്റർനെറ്റിന്റെ സുരക്ഷിത പ്രശ്നങ്ങളെ കുറിച്ച് ഒരു ക്ലാസ് എടുത്തിട്ട് പോയി. എനിക്ക് ഫോൺ കാൾ വന്ന നന്പർ മിക്കവാറും ഏതെങ്കിലും ഉപയോഗിച്ച കളയുന്ന ഫോണോ, അല്ലെങ്കിൽ ഇന്റർനെറ്റിൽ നിന്ന് തന്നെ മാസ്ക് ചെയ്തു വിളിച്ചതു ആയിരിക്കാനാണ് സാധ്യത എന്ന് പറഞ്ഞു. അവർക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു.
 
പിറ്റേന്ന് രാത്രി വീണ്ടും എനിക്ക് ഫോൺ കാൾ വന്നു. ആദ്യം വിളിച്ച അതെ ആൾ.
 
“ബ്രദർ, എനിക്ക് നിങ്ങളുടെ സഹായം വേണം. പോലീസിനെ വിളിച്ചു കാണും എന്നെനിക്കറിയാം. നിങ്ങളുടെ നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ കാണണ്ട എന്നാണെങ്കിൽ ഞാൻ പറയുന്നത് കേൾക്കുക.”
 
എന്ത് ചോദിച്ചാലും ബ്ലാക്ക് മെയിൽ ചെയ്യുന്നവരോട് സന്ധി ചെയ്യില്ലെന്ന് ഞാനും ഗോമതിയും ചർച്ച ചെയ്തു തീരുമാനിച്ചിരുന്നു. ഇന്റർനെറ്റിൽ നഗ്ന ചിത്രങ്ങൾ ഇടാൻ ആണ് പ്ലാൻ എങ്കിൽ കുറച്ചു കാണാൻ കൊള്ളാവുന്ന ശരീരത്തിൽ ഞങ്ങളുടെ തല പിടിപ്പിക്കണം എന്ന് ഞങ്ങൾ മറുപടി കൊടുത്തു. അതോടെ അയാൾ ഫോൺ വയ്ക്കുകയും ചെയ്‌തു.
 
പിറ്റേന്ന് ഞാൻ യാഹൂ, ഗൂഗിൾ തുടങ്ങി എല്ലാ കന്പനികളെയും ബന്ധപെട്ടു, ഹോട്ട്മെയിൽ ഒഴികെ എന്റെ എല്ലാ അക്കൗണ്ടുകളുടെയും നിയന്ത്രണം തിരികെ എടുത്തു. പക്ഷെ എനിക്കൊരു സംശയം ജനിച്ചു, വിളിച്ച ആൾ എന്നോട് പണം ഒന്നും ആവശ്യപ്പെട്ടില്ല, ഒരു സഹായം വേണം എന്നാണ് പറഞ്ഞത്, ഇനി വല്ല ഭീകര സംഘടനകളും ഞങ്ങളെ ഭീഷണിപ്പെടുത്തി ഉപയോഗിക്കാൻ നോക്കിയതാണോ?
 
അങ്ങിനെ ആണ് FBI യെ വിളിക്കാൻ തീരുമാനിച്ചത്. ന്യൂ ജേഴ്‌സിയിൽ ഉള്ള അവരുടെ ഓഫീസിൽ വിളിച്ചു കാര്യം പറഞ്ഞു. ഇനി വല്ല ബോംബ് സ്ഫോടനമോ മറ്റോ നടന്നാൽ നടത്തിയ ആൾ എന്നെ വിളിച്ചിരുന്നു എന്ന കണ്ടെത്തിയാൽ ഞാൻ കുടുങ്ങുമല്ലോ.
 
പക്ഷെ FBI യുടെതും ഒരു തണുപ്പൻ സമീപനം ആയിരുന്നു. പണനഷ്ടം, ജീവഹാനി തുടങ്ങിയ ഒന്നും നടക്കാത്ത ഈ കാര്യത്തിൽ ഇടപെടാൻ കഴിയില്ല എന്നായിരുന്നു അവരുടെ മറുപടി. ഞാൻ ഈ കാര്യത്തിന് വിളിച്ചിരുന്നു എന്നതിന് തെളിവ് വേണം എന്ന് പറഞ്ഞപ്പോൾ ഒരു വെബ്സൈറ്റിന്റെ അഡ്രസ് തന്നു, അവിടെ പോയി എല്ലാ കാര്യങ്ങളും എഴുതി സ്ക്രീൻ ഷോട്ട് എല്ലാം എടുത്തു കേസ് ഓപ്പൺ ചെയ്തു. അത്രമാത്രം, വേറെ ഒരു അനക്കവും ഇന്നുവരെ ആ കാര്യത്തിൽ ഉണ്ടായില്ല. അത്ഭുതം എന്ന് പറയട്ടെ രാത്രി വരുന്ന ഫോൺ കോളുകൾ അതോടെ നിന്നു.
 
2013 ൽ റാസ എന്നൊരാൾ ന്യൂ യോർക്ക് പോലീസ് ഡിപ്പാർട്മെന്റിന് എതിരെ ഫയൽ ചെയ്ത ഒരു കേസും അതിന്റെ കോടതി വിധിയും ആണ് പിന്നീട് ഈ സംഭവങ്ങളെ കുറിച്ച് എനിക്ക് കുറച്ചു സംശയങ്ങൾ ജനിപ്പിച്ചത്. ന്യൂ യോർക്ക് പോലീസ് ഡിപ്പാർട്മെന്റും CIA യും ചേർന്ന് മുസ്ലിംങ്ങളുടെ ഇടയിൽ നടത്തുള്ള രഹസ്യ നിരീക്ഷണത്തെ കുറിച്ചും അവരിൽ ഭീകരവാദികൾ ഉണ്ടോ എന്ന് കണ്ടു പിടിക്കാൻ ആയി പള്ളികളിലും മറ്റു മുസ്ലിം കമ്മ്യൂണിറ്റി സെന്ററുകളിലും കള്ള പേരിൽ നുഴഞ്ഞു കയറി ഭീകര വാദത്തിനു പ്രേരണ ചെലുത്തുകയും , അതിൽ ആരെങ്കിലും വീഴുന്നുണ്ടോ എന്ന് നോക്കുകയും ചെയ്യുക എന്നതായിരുന്നു പോലീസ് ചെയ്തു കൊണ്ടിരുന്നത്. രണ്ടായിരത്തി പതിമൂന്നു വരെ പത്തു വർഷത്തോളം ഉള്ള കാലയളവിൽ ഇങ്ങിനെ ഉള്ള നിരീക്ഷണത്തിലൂടെ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നതിനാലും, ഇത് പൗരന്റെ പ്രാഥമിക മത സ്വാതന്ത്ര്യത്തിലെക്കുള്ള കടന്നു കയറ്റം ആയതിനാലും കോടതി ഇത് നിരോധിച്ചു. ഇപ്പോൾ തിരിഞ്ഞു നോക്കുന്പോൾ മുസ്ലിം നാമധാരിയായ എന്നെയും അവർ നിരീക്ഷിച്ചിരിക്കാം, ചില ചൂണ്ടകൾ ഇട്ടു നോക്കിയിരിക്കാം, 2012 അസോസിയേറ്റഡ് പ്രസ് ഒരു വാർത്തയിലൂടെ പുറത്തു കൊണ്ടുവരുന്ന വരെ വളരെ രഹസ്യമായി നടത്തിയ സംഭവം ആയതു കൊണ്ട് തെളിവുകൾ ഒന്നുമില്ല.
 
രണ്ടായിരത്തി മൂന്നിൽ സയോൺ നാഷണൽ പാർക്കിൽ പോയപ്പോഴാണ് ഞാൻ താമസിച്ച റിസോർട്ടിന്റെ ഉടമയായ സ്ത്രീ എന്റെ പേര് കേട്ടിട്ട് ഞാൻ ഒരു ഭീകരൻ ആണോ, സദ്ദാം ഹുസ്സൈന്റെ ബന്ധുവാണോ എന്നെല്ലാം ചോദിച്ചത്. അവരുടെ മുഖത്ത് നല്ല പേടി കണ്ടപ്പോഴാണ് അവർ സീരിയസ് ആയി ചോദിക്കുകയാണ് എന്ന് മനസിലായത്. അമേരിക്ക ഇറാക്കിലെ അധിനിവേശം തുടങ്ങിയ വർഷം ആയിരുന്നു അത്. ഞങ്ങൾ ജനാധിപത്യം സ്ഥാപിക്കാൻ ആണ് ഇറാക്ക് കീഴടക്കിയത് എന്ന് പറഞ്ഞ അവരോട്, ജോർജ് ബുഷിനേക്കാൾ കൂടുതൽ വോട്ടു കിട്ടിയ അൽ ഗോർ പ്രസിഡന്റ് ആകാതിരുന്ന ജനാധിപത്യം തെറ്റല്ലേ എന്ന് ചോദിച്ച എന്നെ ഒരു ഭീകരനെ പോലെ തന്നെയാണ് അവർ നോക്കിയത് 🙂
 
പക്ഷെ ഇതിന്റെ എല്ലാം തമാശ, ഞാൻ പല ഭീകര ആക്രമണങ്ങളിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപെട്ട ആളാണ് എന്നുള്ളതാണ്. സെപ്റ്റംബർ പതിനൊന്നു നടക്കുന്പോൾ ന്യൂ യോര്കിൽ നിന്നും അൻപത് മൈൽ അകലെ ഉള്ള പ്രിൻസ്ടൺ എന്ന സ്ഥലത്തു പോയത് കൊണ്ട് രക്ഷപെട്ടു. രണ്ടായിരത്തി മൂന്നു മുതൽ ഒൻപതു വരെ വാൾ സ്ട്രീറ്റിൽ ജോലിക്കു പോയി കൊണ്ടിരുന്നത് ഗ്രൗണ്ട് സിറോയിലെ വിഷപ്പുകയും ശ്വസിച്ചായിരുന്നു. ഈജിപ്തിൽ മുല്ലപ്പൂ വിപ്ലവം മതതീവ്രവാദികളാൽ ഹൈജാക്ക് ചെയ്യപ്പെട്ടതും കയ്‌റോയിലെ ബോംബ് സ്ഫോടനവും മറ്റും 2013 ജൂണിൽ ൽ ഞാൻ പോയി വന്നതിന്റെ പിറ്റേ മാസം മുതൽ ആയിരുന്നു. പാരിസിൽ പോയി വന്നു അടുത്ത ആഴ്ച ഞങ്ങൾ സ്ഥിരം നടന്നിരുന്ന ഷാംപ്‌സ്‌ എലീസിൽ ആക്രമണം ഉണ്ടായി. എന്തിനു പറയുന്നു, ഒരിക്കലും വാർത്തകളിൽ വരാത്ത തായ്‌ലൻഡിൽ വരെ ഞങ്ങൾ പോയ അന്പലത്തിൽ ഒരു വർഷത്തിനിടെ ബോംബ് സ്ഫോടനം നടന്നു.
 
ഞാൻ ഇതെല്ലം പറയാൻ കാരണം ലണ്ടനിലെത് ഉൾപ്പെടെ ഭീകര ആക്രമണം നടക്കുന്പോഴെല്ലാം എന്റെ പ്രാർത്ഥന അത് ചെയ്തത് മുസ്ലിം നാമധാരി ആകല്ലേ എന്നതാണ്, കാരണം പിറ്റേന്ന് മുതൽ ഞാനുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു കാര്യത്തിന് ഞാൻ പഴി കേൾക്കേണ്ടി വരും. എനിക്കറിയിക്കാവുന്ന എല്ലാ മുസ്ലിം സുഹൃത്തുക്കളുടെയും സ്ഥിതി ആണിത്. ഭീകരരെ അനുകൂലിക്കുന്ന ഒരാളെ പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ചിലർ എന്നോട് ചോദിക്കുന്നത്, നിങ്ങൾക്ക് നിങ്ങളുടെ കൂട്ടത്തിലെ ഭീകരന്മാരെ പൊലീസിന് പിടിച്ചു കൊടുത്താൽ പോരെ എന്നാണ്. ന്യൂ യോർക്ക് പോലീസ് ഡിപ്പാർട്മെന്റും CIA യും പത്തു കൊല്ലം ശ്രമിച്ചിട്ട് നടക്കാത്ത കാര്യം ഞാൻ എങ്ങിനെ ചെയ്യാനാണ്? ഇരകളിൽ ഒരുവൻ ആയിരുന്നിട്ട് വേട്ടക്കാരനായി ചിത്രീകരിക്കപ്പെടുന്നത് വേദനാജനകം ആണ്. മുസ്ലിമായതു കൊണ്ട് മറ്റു മതസ്ഥർ കൂട്ട് കൂടാത്തത് മുതൽ ബാംഗ്ലൂരിൽ വാടകയ്ക്ക് ഫ്ലാറ്റ് കിട്ടാത്ത കഥകൾ വരെ കേട്ടിട്ടുണ്ട്.
 
കണക്കുകൾ നോക്കിയാൽ ലോകത്തിലെ മുസ്ലിം ഭീകര ആക്രമണങ്ങളുടെ പ്രധാന ഇരകൾ മുസ്ലിങ്ങൾ തന്നെയാണ്. ഇറാഖ് , അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ കൊല്ലപെടുന്നവരിൽ ഏതാണ്ട് എല്ലാവരും മുസ്ലിങ്ങൾ ആണ്. ന്യൂ യോർക്കിൽ ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട നാൽപതു മുസ്ലിങ്ങളിൽ അബ്ദുൽ സലാം മല്ലാഹി എന്ന യെമെനി പൗരൻ അനേകം ആളുകളെ രക്ഷപെടുത്തിയിട്ടു മരണം വരിച്ച ആളാണ്. മുംബൈ ഭീകര ആക്രമണത്തിൽ 138 പേരിൽ 32 പേര് മുസ്ലിങ്ങൾ ആയിരുന്നു. എന്ന് വച്ചാൽ ഇരകളിൽ ജാതിയും മതവും ഇല്ല.
 
മതത്തിന്റെ പേരിലുള്ള ഭീകരത ഇന്നത്തെ ഒരു യാഥാർഥ്യമാണ്. പക്ഷെ അതിനെതിരെ പോരാടേണ്ടത് നമ്മൾ എല്ലാവരും കൂടിയാണ്. ഇറാഖിലും സിറിയയിലും ഉള്ള ഭീകര ആക്രമണത്തിലെ ഇരകളും ലണ്ടനിലും പാരിസിലും ഉള്ള ഭീകര ആക്രമണത്തിലെ ഇരകളും ഉത്തര ഇന്ത്യയിൽ പശുവിന്റെ പേരിൽ തല്ലിക്കൊല്ലപ്പെടുന്നവരും എല്ലാം ഒരേ അനുകന്പ അർഹിക്കുന്നവരാണ്. അഖിലയും അച്ഛനും തമ്മിലുള്ള ഫോൺ സംഭാഷണത്തിലെ ആടുമേയ്ക്കൽ പരാമർശം കേട്ട എന്റെ ഞെട്ടൽ ഇത് അവരെ മാറിയിട്ടില്ല. പക്ഷെ ഇത് എതിർക്കേണ്ടത് നമ്മൾ എല്ലാവരുടെയും കടമയാണ്. മത തീവ്രവാദ സംഘടനകൾക്കെതിരെ ഗവൺമെന്റ് ശക്തമായ നടപടികൾ എടുക്കണം. അതിന് മത ജാതി ഭേദമന്യേ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് സംശയമില്ലാത്ത കാര്യമാണ്.
muslim8n-3-web

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: