ആരാണ് ഊളന്പാറയ്‌ക്കു പോകേണ്ടത്?

വെളുപ്പിനെ നാലു മണിക്ക് ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഞാൻ എഴുന്നേറ്റത്.
 
പ്രവാസികളുടെ പേടിസ്വപ്നമാണ് അസമയത്തുള്ള ഫോൺ കോളുകൾ. എന്ത് ദുരന്തമാണ് മറുവശത്തു കാത്തിരിക്കുന്നത് എന്ന് പറയാൻ വയ്യ. സമയം വ്യത്യസം അറിയാതെ വിളിക്കുന്നവർ അപൂർവം. പരിചയമില്ലാത്ത ഒരു ഇന്ത്യൻ നന്പറിൽ നിന്നാണ് വിളി വന്നിരിക്കുന്നത്.
 
“നസീർ ഹുസൈനോട് ഒന്ന് സംസാരിക്കാമോ?” ഇംഗ്ലീഷിൽ ഒരു ചോദ്യം.
 
“പറയൂ…”
 
“സർ, ഞങ്ങളുടെ ആശുപത്രിയിൽ ആക്‌സിഡന്റിൽ പെട്ട ഒരാളുടെ കയ്യിൽ നിന്ന് കിട്ടിയതാണു താങ്കളുടെ നന്പർ. അയാൾ ഇപ്പോൾ ക്രിട്ടിക്കൽ ആയി ഐ സി യുവിൽ ആണ്. അയാളുടെ കൂടെ ഉണ്ടായിരുന്ന നാലു പേർ അപകടത്തിൽ കൊല്ലപ്പെട്ടു. പ്രണബ് എന്നാണ് അയാളുടെ പേര്. പൂനയിൽ നിന്നും കർണാടകയിലേക്ക് പോകുന്ന ഹൈവേയിൽ സത്താറ എന്ന സ്ഥലത്തു നിന്നാണ് ഞങ്ങൾ വിളിക്കുന്നത്. മരിച്ചവരിൽ രണ്ടു പേർ അയാളുടെ അച്ഛനും അമ്മയും ആണ്.”
 
എന്റെ കണ്ണിൽ ഇരുട്ട് കയറി, ഫോൺ കയ്യിലിരുന്നു വിറച്ചു. എന്ത് പറയണം എന്നറിയാതെ ഞാൻ പതറി. തലേന്ന് രാത്രി കൂടി ഞാൻ പ്രണബിന്റെ അച്ഛനോട് സംസാരിച്ചതാണ്.
 
രണ്ടു വർഷം മുൻപാണ് പ്രണബ് എന്റെ പ്രോജെക്ടിൽ ജോലിക്കു വരുന്നത്. ചുറുചുറുക്കുള്ള ഒരു ബംഗാളി ചെറുപ്പക്കാരൻ. ബോംബെയിൽ ജനിച്ചു വളർന്ന പ്രണബിന്റെ അച്ഛൻ ഐഎസ്ആർഓ യിൽ ഡയറക്ടർ ആയിരുന്നു. മാതാപിതാക്കളുടെ ഒരേ ഒരു മകൻ. സുന്ദരിയായ ഭാര്യ, രണ്ടു ആൺകുട്ടികൾ , അമേരിക്കയിൽ വന്നിട്ട് പത്തു വർഷത്തിൽ കൂടുതൽ ആയി. യാത്ര, പുതിയ ഫോണുകൾ, സോഫ്റ്റ്‌വെയർ, മതം തുടങ്ങി ഞങ്ങൾ സംസാരിക്കാത്ത കാര്യങ്ങൾ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കുടുംബങ്ങൾ ഒരുമിച്ചാണ് ന്യൂ യോർക്കിൽ സാക്കിർ ഹുസ്സൈന്റെ തബല വായന കേൾക്കാൻ പോയത്. ഈജിപ്തിലും ഇറ്റലിയിലും ഞങ്ങൾ പോയ അടുത്ത വർഷം തന്നെ അവരും പോയി.
 
ഈ ഫോൺ കോൾ വരുന്നതിനു രണ്ടു മാസം മുൻപ് ഒരുദിവസം. രാവിലെ ഞാൻ ഓഫീസിൽ എത്തിയപ്പോൾ പ്രണബ് എന്നെ ഒരു മീറ്റിങ് റൂമിലേക്ക് കൂട്ടികൊണ്ടു പോയി. വാതിലടച്ച്‌ എന്നെ കെട്ടിപിടിച്ചു ഒരു കൊച്ചു കുട്ടിയെ പോലെ കരയാൻ തുടങ്ങി.
 
“നസീർ എന്റെ ഭാര്യ ഡിവോഴ്സ് നോട്ടീസ് കൊടുത്തു… എനിക്കിനി ആരുമില്ല. ഞാൻ എന്റെ വീട്ടിൽ കയറുന്നതിനെതിരെ ഒരു കോടതി വിലക്കും അവൾ സന്പാദിച്ചിട്ടുണ്. എനിക്ക് എന്റെ മക്കളെ കാണാൻ കഴിയില്ല. അവൾ എന്തിനിതു ചെയ്തു എന്ന് എനിക്കറിയില്ല…”
 
എനിക്ക് അതൊരു ഷോക്കിങ് ന്യൂസ് ആയിരുന്നു. വളരെ സ്നേഹത്തോടെ അല്ലാതെ രണ്ടുപേരെയും കണ്ടിട്ടില്ല. പ്രണബിനെ എങ്ങിനെ ആശ്വസിപ്പിക്കും എന്ന് എനിക്കറിയില്ലായിരുന്നു. കരച്ചിൽ അടങ്ങിയപ്പോൾ, അവനെ സമാധാനിപ്പിച്ചു. എന്റെ മറ്റു മുൻപ് ഡിവോഴ്സ് ചെയ്ത് കൂട്ടുകാരെ ബന്ധപെട്ടു ചില അറ്റോർണികളുടെ നന്പർ ഞാൻ അവനു വാങ്ങി നൽകി.
 
ഒരാഴ്ച കഴിഞ്ഞു എന്നോട് കോടതി വരെ വരാമോ എന്ന് പ്രണബ് ചോദിച്ചു. അവിടെ വന്നു ഓഫീസിൽ വളരെ നല്ല സ്വഭാവം ഉള്ള ഒരാളാണ് എന്ന് ജഡ്ജിനോട് പറയണം അത്രയേ ഉള്ളു. വരാം എന്ന് ഞാൻ സമ്മതിച്ചു. ഇവന്റെ ഭാര്യ എന്തിനാണ് ഈ ഡിവോഴ്സ് നോട്ടീസ് കൊടുത്ത് എന്ന് അറിയണം എന്നും എനിക്കാഗ്രഹം ഉണ്ടായിരുന്നു.
 
എനിക്ക് പക്ഷെ കോടതിയിൽ വാ തുറക്കേണ്ടി വന്നില്ല. കാരണം പ്രണബിന്റെ ഭാര്യയുടെ അറ്റോർണി വിസ്താരം തുടങ്ങിയപ്പോൾ തന്നെ കുറെ ഫോട്ടോകളും വിഡിയോകളും കാണിച്ചു. ഞാൻ ഇത് വരെ കണ്ട പ്രണബ് ആയിരുന്നില്ല അതിൽ. ദേഷ്യം വന്നു സാധങ്ങൾ വലിച്ചെറിയുന്ന, ഭാര്യയെ തല്ലുന്ന, ചിലപ്പോൾ ജനൽ ചില്ലുകൾ വരെ പൊട്ടിക്കുന്ന ഒരാൾ. അന്നുവരെ കണ്ട ശാന്ത സ്വാഭാവിയായ പ്രണബ് തന്നെയാണോ അതെന്നു അത്ഭുതം തോന്നിപോയി. പ്രണബ് തല താഴ്ത്തി ഇരുന്നു. ഭാര്യ രഹസ്യമായി കാര്യങ്ങൾ റെക്കോർഡ് ചെയ്യുന്നത് അവൻ അറിഞ്ഞിരുന്നില്ല.
 
അടുത്ത കോർട്ട് വിസിറ് വരെ ഭാര്യയുടെയും കുട്ടികളുടെയും അടുത്ത് ചെല്ലരുത് എന്ന് പറഞ്ഞു ജഡ്ജ് അന്നത്തെ വിചാരണ അവസാനിപ്പിച്ചു. അന്ന് കണ്ട വീഡിയോകളിൽ നിന്നും പ്രണബിന് മാനസികമായ എന്തോ പ്രശ്നം ഉണ്ടെന്നു എനിക്ക് തോന്നി. അന്നു രാത്രി ഞാൻ അവന്റെ ഭാര്യയെ വിളിച്ചു.
 
“നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുകയാണ് എന്ന് കരുതരുത്, പക്ഷെ പ്രണബിന് ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ല എന്ന് എനിക്ക് മനസ്സിൽ ആയി, ഒരു സൈക്കിയാട്രിസ്റ്റിനെ കാണിക്കാൻ പാടില്ലായിരുന്നു?”
 
“ഞാൻ എത്ര പറഞ്ഞതാണ് നസീർ. പക്ഷെ കേൾക്കണ്ട, മാനസിക ഡോക്ടറെ കാണാൻ തനിക്കു ഭ്രാന്തൊന്നും ഇല്ല എന്നാണ് പറയുന്നത്. ഇപ്പോഴും സൈക്കോളജിസ്റ്റുകളെ കാണുന്ന എല്ലാവരും മുഴു ഭ്രാന്തന്മാരാണ് എന്ന പഴയ ചില വിശ്വാസങ്ങൾ വച്ച് നടക്കുകയാണ്. പിന്നെ ഞാൻ നിർബന്ധിച്ചു ഒരു ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. ഒരു സെഷൻ കഴിഞ്ഞപ്പോൾ അയാൾ ശരിയല്ല എന്ന് പറഞ്ഞു നിർത്തി. ഡോക്ടറെ കാണാൻ പറഞ്ഞാണ് കുറച്ചു നാൾ കുഴപ്പം ഇല്ലാത്ത പോലെ അഭിനയിക്കും, കുറച്ചു ദിവസം കഴിഞ്ഞു പിന്നെയും തുടങ്ങും. എന്റെ കുട്ടികൾ ഇത് കണ്ടു വളരാൻ ഞാൻ സമ്മതിക്കില്ല. അതുകൊണ്ടാണ് ഞാൻ ഡിവോഴ്സ് അപേക്ഷിച്ചത്. “
 
ചികിത്സ ലഭ്യമായ ദേഷ്യം വന്നാൽ നിയന്ത്രിക്കാൻ സാധിക്കാത്ത anger disorder ആണ് പ്രണബിന് ഉണ്ടായിരുന്നത്. ഉറക്കമില്ലായ്മാ, ഡിപ്രെഷൻ തുടങ്ങി ചികിൽസിച്ചു മാറ്റാവുന്ന പലതും അതിന്റെ സൈഡ് എഫ്ഫെക്ട്സ് ആയി ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ എത്ര പറഞ്ഞിട്ടും “ഭ്രാന്തന്മാരുടെ” ഡോക്ടറെ കാണാൻ പ്രണബ് സമ്മതിച്ചില്ല. അവൻ സ്ഥിരം ആയി പോകുന്ന ഹരേ കൃഷ്ണ അന്പലത്തിലെ ഗുരുവിനെ വരെ ഇതിനു വേണ്ടി കാണിച്ചു നോക്കി, പക്ഷെ പ്രൊഫഷണൽ സൈക്കോളജിസ്റ്റുകൾ കൈകാര്യം ചെയ്യണ്ട വിഷയം ആണെന്ന് പറഞ്ഞു ഗുരു ഒഴിഞ്ഞു. ഒരിക്കൽ എന്റെ വീട്ടിൽ വച്ച് അവനു ദേഷ്യം വന്നപ്പോൾ ഞാൻ അവന്റെ രണ്ടാമത്തെ മുഖം നേരിട്ട് കണ്ടു. എന്റെ ഗ്ലാസ് ഡൈനിങ്ങ് ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് അവൻ ഒച്ച വച്ചു.
 
“അവളൊരു വേശ്യയാണ്, എന്റെ ജീവിതം നശിപ്പിച്ച അവളെ ഞാൻ കൊല്ലും…” കുറെ നേരം കഴിഞ്ഞു ദേഷ്യം ഇറങ്ങിയപ്പോൾ എന്നോട് മാപ്പു ചോദിച്ചു കുറെ കരഞ്ഞു.
 
അന്ന് രാത്രി ഞാൻ അവന്റെ അച്ഛനെ വിളിച്ചു സംസാരിച്ചു. അവനെ നാട്ടിലേക്കയച്ചാൽ, എങ്ങിനെ എങ്കിലും ഒരു ഡോക്ടറെ കാണിക്കാം എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അങ്ങിനെ ആണ് പ്രണബ് നാട്ടിലേക്കു പോകുന്നത്. ഡോക്ടറെ കാണാൻ പക്ഷെ താൻ പറഞ്ഞിട്ടും പ്രണബ് സമ്മതിച്ചില്ല എന്ന് അവസാനം ഫോൺ ചെയ്തപ്പോൾ അവന്റെ അച്ഛൻ പറഞ്ഞു. കർണാടകയിൽ ഉള്ള ഏതോ ഒരു ക്ഷേത്രത്തിൽ പോയാൽ എല്ലാ പ്രശ്നവും തീരും എന്ന് അയൽപക്കത്തുള്ള ആരോ പറഞ്ഞത് അനുസരിച്ചു അങ്ങോട്ടുള്ള കാർ യാത്രയിൽ ആണ് അപകടം ഉണ്ടായതു. അവന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ മരിച്ചത് ആ അയൽപക്കത്തുള്ള വൃദ്ധ ദന്പതികൾ ആണ്.
 
അപകടത്തിന്റെ പിറ്റേ ദിവസം അവനെ പുണെയിലെ ഒരു വലിയ ആശുപത്രിയിലേക്ക് മാറ്റി. അന്ന് തന്നെ അവിടുത്തെ ഡോക്ടറെ വിളിച്ചു ഞാൻ സംസാരിച്ചു. ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം വിശദം ആയി പറഞ്ഞു.
 
“ബോധം വന്നപ്പോൾ കാണിക്കുന്ന സ്വഭാവം വച്ച് പ്രണബിന് മാനസികമായ തകരാർ ഉണ്ടെന്നു ഞങ്ങൾക്ക് തോന്നിയിരുന്നു, അപകടത്തിൽ പെടുന്നവർക്ക് ഷോക്കിൽ നിന്ന് ഇങ്ങിനെ ഉണ്ടാവുന്നത് പോലെ ആണെന്നാണ് ഞങ്ങൾ കരുതിയത്. ഇവിടെ നല്ല മാനസിക രോഗ വിഭാഗം ഉണ്ട്. ഞങ്ങൾ വേണ്ട പോലെ കൈകാര്യം ചെയ്തോളാം. കണ്ടിടത്തോളം ഉറക്കം കിട്ടുവാനും ഡിപ്രെഷൻ മാറ്റുവാനും കുറച്ചു മരുന്നും പിന്നെ സൈക്കോളജിക്കൽ കൗൺസിലിങ്ങും കൊണ്ട് കുറച്ചു സമയം കൊണ്ട് ഉറപ്പായും മാറ്റാവുന്ന രോഗം മാത്രമാണ് പ്രണബിന് ഉള്ളത്. ഇത് ഒട്ടും അസാധാരണമായ കേസ് അല്ല ”
 
ഓരോ ദിവസവും ഞാൻ പുരോഗതി അറിയാൻ വിളിച്ചു കൊണ്ടിരുന്നു. ഡോക്ടർ പറഞ്ഞ പോലെ കുറച്ചു മരുന്നും മറ്റു ചികിത്സ കൊണ്ട് വളരെ പെട്ടെന്ന് പ്രണബ് സുഖപ്പെട്ടു. ആ സമയത്തു തന്നെ അവന്റെ ഭാര്യയും കുട്ടികളും അവനെ കാണാൻ ആയി നാട്ടിലേക്കു പോവുകയും ചെയ്തു. പ്രണബ് ചികിത്സയിലൂടെ സുഖപ്പെട്ടു എന്നറിഞ്ഞ ഭാര്യ ഡിവോഴ്സ് കേസ് പിൻവലിച്ചു. ഇപ്പോൾ ഇവിടെ എല്ലാവരും സുഖമായി കഴിയുന്നു. ഒരു മാരത്തോൺ ഓടി ആണ് ഈ വര്ഷം അവൻ അവന്റെ തിരിച്ചു വരവിന്റെ വാർഷികം ആഘോഷിച്ചത്.
 
പക്ഷെ രണ്ടാഴ്ച ഡോക്ടറെ കണ്ടു മാറേണ്ട ഒരസുഖം ഇങ്ങിനെ ഒരു ദുരന്തത്തിൽ കൊണ്ടെത്തിച്ചത് ഒരു സമൂഹം എന്ന നിലയിൽ നമുക്ക് മാനസിക രോഗങ്ങളോടുള്ള സമീപനം ആണ്. ശരീരത്തിന് ഒരു പനി വരുന്ന പോലെ മനസിന് വരുന്ന പല അസുഖങ്ങളും ഉണ്ട്. വലിയ കുഴപ്പക്കാരൻ അല്ലാത്ത OCD (ചില കാര്യങ്ങൾ ചില രീതിയിൽ അടുക്കും ചിട്ടയോടും കൃത്യതയോടും കൂടി ചെയ്യാൻ കടും പിടുത്തം പിടിക്കുന്ന സ്വഭാവം) മുതൽ ആരോടും പറയാതെ ആളുകൾ കൊണ്ട് നടക്കുന്ന ഡിപ്രെഷൻ വരെ. അഞ്ചു പേരിൽ ഒരാൾക്ക് ഡിപ്രെഷൻ ഉണ്ട് എന്നാണ് കണക്കു. നിങ്ങളുടെ ചുറ്റും നോക്കിയാൽ ഡിപ്രെഷൻ ഉള്ള ഒരാളെ എങ്കിലും കണ്ടു പിടിക്കാം, പക്ഷെ അവർ അത് പുറത്തു പറയില്ല. ഡോക്ട്ടറെ കാണിക്കുകയും ഇല്ല, കാരണം സമൂഹത്തിൽ അത് വലിയ നാണക്കേടാണ്.
 
നമ്മെ മാത്രമല്ല നമ്മുടെ കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്ന നിലയിലേക്ക് ഇതെല്ലാം വളർന്നാലും, ആളുകൾ എന്ത് പറയും എന്ന് വിചാരിച്ചു മാനസിക ഡോക്ടറെ കാണാതെ നടക്കുന്ന ആയിരങ്ങൾ ഉണ്ട്. കാരണം മാനസിക ആശുപത്രിയിൽ പോയവർ എല്ലാം നമുക്ക് ഭ്രാന്തന്മാർ ആണ്. ഇത് മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. പനി പിടിച്ചു ചികിത്സ നേടി ശരിയായ ഒരാളെ നാം അകറ്റി നിർത്താത്ത പോലെ, മാനസിക രോഗത്തിന് ചികിത്സ നേടി ശരിയായ ഒരാളെ അകറ്റി നിർത്തുന്നതിനു ഒരു ന്യായീകരണവും ഇല്ല. മാത്രം അല്ല നമ്മളാരും നൂറു ശതമാനം മാനസിക ആരോഗ്യം ഉള്ളവരും അല്ല, OCD, അഡിക്ഷൻ തുടങ്ങി ചില്ലറ പ്രശ്നങ്ങൾ പലർക്കും ഉണ്ട്.
 
ഒന്നോർത്താൽ ഊളന്പാറ പറയുന്ന പോലെ അത്ര മോശം സ്ഥലമൊന്നുമല്ല. ആവശ്യം വരുന്പോൾ നമ്മളെല്ലാം പോകേണ്ട ഇടം തന്നെയാണ്. നാണിക്കേണ്ടതില്ല.
ഇൻഫോ ക്ലിനിക്ക് എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ ഡോക്ടർ ഷാഹുൽ അമീൻ ഡിപ്രെഷനെ കുറിച്ച് എഴുതിയ ഒരു കുറിപ്പ് ഇവിടെ : https://www.facebook.com/infoclinicindia/posts/1238910582893450:0
 
അതെ ഗ്രൂപ്പിൽ തന്നെ ഡോക്ടർ നെൽസൺ ജോസഫ് മാനസിക ആരോഗ്യത്തെ കുറിച്ച് എഴുതിയ കുറിപ്പ് : https://www.facebook.com/infoclinicindia/posts/1058446164273227:0
 
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഡോ. ഷിംന അസീസ് ഈ വിഷയത്തില്‍ എഴുതിയ കുറിപ്പ്:

One thought on “ആരാണ് ഊളന്പാറയ്‌ക്കു പോകേണ്ടത്?

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: