ആനി ടീച്ചർ 

പള്ളുരുത്തിയിലെ സെയിന്റ് ആന്റണി യു.പി. സ്കൂളിൽ ആണ് ഞാൻ 7 വരെ പഠിച്ചത്. രണ്ടാം ക്ലാസ്സിൽ ക്ലാസ്സ്‌ ടീച്ചർ ആനി ടീച്ചറായിരുന്നു. കുട്ടികളോട് എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന, ആരെയും അടിക്കാത്ത ടീച്ചറെ കുട്ടികൾ എല്ലാവരും വളരെ ഇഷ്ടപ്പെട്ടു.
 
ആ സമയത്താണ് ചില കുടുംബ പ്രശ്നങ്ങൾ കാരണം, വീട്ടില് ബാപ്പക്കും ഉമ്മക്കും ഞങ്ങളെ ശ്രദ്ധിക്കാൻ നേരമില്ലാതെ വന്നത്. ജന്മനാ മടിയനായ ഞാൻ സന്ദർഭം മുതലെടുത്ത്‌ സ്കൂളിൽ പോകേണ്ട എന്നാ അതി ധീരമായ ഒരു തീരുമാനം എടുത്തു. രണ്ടു ദിവസം പരമ സുഖം, വൈകി എഴുന്നേല്ക്കുക, കളിയ്ക്കാൻ പോവുക , സുഖം, സുന്ദരം.
 
ആരോ ഉമ്മയെ വഴക്ക് പറയുന്ന ശബ്ദം കേട്ടാണ് മൂന്നാം ദിവസം എഴുന്നേറ്റത്. ആനി ടീച്ചർ ആയിരുന്നു. എങ്ങിനെയോ എന്റെ വീട് കണ്ടു പിടിച്ചു വന്നിരിക്കുകയാണ്.
 
“നസീർ നന്നായി പഠിക്കുന്ന കുട്ടിയാണ്, നിങ്ങൾ കുട്ടികളെ സ്കൂളിൽ വിട്ടില്ലെങ്കിൽ പോലീസ് കേസ് ആകും എന്നറിയാമോ?”
 
ആ ഭീഷണിയിൽ ഞങ്ങളെ സ്കൂളിൽ ചേർക്കാൻ നേരം മാത്രം ആദ്യമായി സ്കൂളിൽ പോയ ഉമ്മ വിരണ്ടു
 
“അത് പിന്നെ ടീച്ചറെ, വീട്ടിലെ കാര്യങ്ങളുടെ ഇടയ്ക്കു നോക്കാൻ വിട്ടു പോയതാണ്, ഇനി ഞാൻ എല്ലാ ദിവസവും മുടങ്ങാതെ അയക്കാം “
 
കുറെ നാൾ വരെ ഞാനും ഉമ്മയും ടീച്ചർ പറഞ്ഞത് ശരിക്കും വിശ്വസിച്ചു , മുടങ്ങാതെ സ്കൂളിൽ പോവുകയും ചെയ്തു. സ്കൂളിൽ ഏതാണ്ട് എല്ലാ കുട്ടികൾക്കും അമ്മയെ പോലെ ആയിരുന്നു ആനി ടീച്ചറ.
 
സ്കൂളിൽ നിന്ന് പോയതിനു ശേഷം ടീച്ചറെ ഞാൻ അധികം കണ്ടില്ല. വര്ഷങ്ങള്ക്ക് ശേഷം, MCA പഠനമെല്ലാം കഴിഞ്ഞു, ബാംഗ്ലൂരിൽ ജോലിയും കിട്ടിയപ്പോൾ ആണ് എനിക്ക് ടീച്ചറെ കാണണം എന്ന് തോന്നിയത്. 1997 ൽ ആയിരുന്നു അത്. അപ്പോഴേക്കും ടീച്ചർ വിരമിച്ചു കഴിഞ്ഞിരുന്നു. കുന്പളങ്ങിയിലെ ടീച്ചറുടെ വീട്ടിൽ പോയി.
 
എന്നെ കണ്ടപ്പോൾ ടീച്ചറിന് വളരെ സന്തോഷം ആയി. ഇത്രയും കുട്ടികളെ പഠിപ്പിച്ച ഒരാൾ എന്റെ പേര് ഓർക്കും എന്ന് തന്നെ ഞാൻ കരുതിയില്ല, ടീച്ചർ ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പേര് പറഞ്ഞു അവർ ഇപ്പൊ എവിടെ ആണ് എന്നെല്ലാം എന്നോട് ചോദിച്ചു.
 
ചെറിയ ഒരു വീടായിരുന്നു ടീച്ചറിന്റെത്. ടീച്ചറിന്റെ പേരക്കുട്ടികൾ ആകാൻ പ്രായമുള്ള കുറെ ചെറിയ കുട്ടികൾ അവിടെയും ഇവിടെയും ഓടി കളിച്ചു കൊണ്ടിരുന്നു.
 
“ടീച്ചറിന്റെ മക്കൾ എല്ലാവരും എന്ത് ചെയ്യുന്നു? ” ഞാൻ ഒരു ഉപചാരത്തിനു ചോദിച്ചു .
 
ടീച്ചർ ഓടികളിച്ചു കൊണ്ടിരുന്ന കുട്ടികളെ എല്ലാം കൂട്ടിനിർത്തി , എന്നിട്ട് പറഞ്ഞു
 
“ഇവരെല്ലാം എന്റെ കുട്ടികൾ ആണ്”
 
അപ്പോൾ കൂട്ടത്തിൽ കുറച്ചു കുരുത്തം കേട്ടത് എന്ന് തോന്നിപ്പിച്ച ഒരു പീക്കിരി പറഞ്ഞു
 
“ആന്റി കല്യാണം കഴിച്ചിട്ടില്ല “
 
എനിക്ക് നാവ് വരണ്ടു പോയി. ടീച്ചർ കല്യാണം കഴിച്ചിട്ടില്ല എന്ന് എനിക്കറിയില്ലായിരുന്നു.
 
“ഇതെല്ലം എന്റെ ആങ്ങളമാരുടെ മക്കളാണ് നസീറേ”
 
കൂടുതൽ ചോദ്യോത്തരങ്ങൾ ഉണ്ടായില്ല. ടീച്ചർ സ്നേഹപൂർവം തന്ന ചായയും കുടിച്ചു ഞാൻ യാത്ര പറഞ്ഞു ഇറങ്ങി.
 
മനസ്സിൽ അമ്മയെ പോലെ ഞങ്ങളെ നോക്കിയ ടീച്ചറുടെ രൂപം ഓർമ വന്നു. ആയിരക്കണക്കിന് കുട്ടികൾക്ക് അമ്മയായ ടീച്ചർ. രണ്ടാം ക്ലാസ്സിൽ പഠനം നിലച്ചു പോകേണ്ട എന്നെ വീട്ടിൽ വന്നു സ്കൂളിലേക്ക് തിരിച്ചു കൊണ്ടുവന്ന ടീച്ചർ. ചെറുതായി കണ്ണ് നിറഞ്ഞു.
 
നമ്മുടെ ഇന്നത്തെ ജീവിതം ആരോടെല്ലാം ആണ് കടപ്പെട്ടിരിക്കുന്നത്?……

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: