2005 ൽ ആണ് അനിയന്റെ കല്യാണം നടന്നത്. അതിനു വേണ്ടി നാട്ടിൽ വന്നതാണ്. ഒരു ഏപ്രിലിൽ ആണെന്നാണ് ഓർമ. എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ തന്നു വിട്ട ചില സാധനങ്ങൾ കൊണ്ട് പോയി കൊടുക്കാൻ ഉണ്ടായിരുന്നു. തൃശൂർ പൂരം ആയിടക്കായതു കൊണ്ടും, തമിഴ് നാട്ടുകാരിയായ എന്റെ ഭാര്യ തൃശൂർ പൂരം കണ്ടിട്ടില്ലാത്തതു കൊണ്ടും പൂരം കൂടി കാണാൻ തക്ക വിധത്തിൽ ആണ് പോയത്.
കൂട്ടുകാരന്റെ വീട്ടുകാർ നേരത്തെ തന്നെ പറഞ്ഞു, പൂരത്തിന്റെ അന്ന് ഭയങ്കര തിരക്കായിരിക്കും, ഭാര്യയും കുട്ടിയും ആയി വരണ്ട, പിറ്റേന്ന് ഒരു പൂരം ഉണ്ട് അതാവുന്പോൾ വലിയ തിരക്ക് ഉണ്ടാവില്ല അത് കൊണ്ട് രണ്ടാം ദിവസം വരുന്നത് ആയിരിക്കും നല്ലത്. അങ്ങിനെ അവരുടെ കൂടെ രണ്ടാം പൂരം കാണാൻ വേണ്ടി ആണ് പോയത്. പക്ഷെ വൈകി ഇറങ്ങിയത് കൊണ്ട് ഞങ്ങൾ കൂട്ടുകാരന്റെ വീട്ടിൽ പോകുന്നതിനു മുൻപ് തന്നെ പൂരത്തിന് പോകാം എന്ന് വിചാരിച്ചു.
ഏതോ ഒരു ആൽത്തറയിൽ നിന്ന് പൂരം കണ്ടത് ഓർമയുണ്ട്. നാലു വയസുള്ള മകൻ എന്റെ തോളത്തിരുന്നു. നല്ല തിരക്കുണ്ടായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് തൃശൂർ എന്നെല്ലാം ഞാൻ ഭാര്യയോട് പറഞ്ഞു എന്നാണ് ഓർമ. പൂരം അവസാനിപ്പിച്ചു കൊണ്ട് ഒരു കതിന വെടി പൊട്ടിയപ്പോൾ ആണ് ഞങ്ങൾ തിരിച്ചു കാറിലേക്ക് നടക്കാൻ തുടങ്ങിയത്.
അതുവരെ ഉള്ള കാര്യങ്ങൾ എല്ലാം കുഴഞ്ഞു മറിഞ്ഞത് പെട്ടെന്നാണ്. വളരെ വലിയ ഒരു തിരക്ക് പെട്ടെന്ന് രൂപപ്പെട്ടു. അങ്ങോട്ടും ഇങ്ങോട്ടും അലക്ഷ്യമായി പോകുന്ന ആൺകുട്ടികളുടെ കൂട്ടങ്ങൾ. അയ്യോ എന്ന ഗോമതിയുടെ നിലവിളി കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയാണ്, പോകുന്ന പിള്ളേരെല്ലാം ഒരു നാണവും ഇല്ലാതെ എതിരെ വരുന്ന പെണ്ണുങ്ങളെ കേറി പിടിക്കുകയാണ്. ഒരു കുട്ടിയെയും ചുമലിലേറ്റി ഭർത്താവു അടുത്ത് നില്കുന്നത് ഒരു അവസരം ആയി എടുത്ത പോലെ. അതും ഒരാൾ അബദ്ധത്തിൽ പിടിക്കുന്നത് ഒന്നുമല്ല, ഇതിനു വേണ്ടി ഇറങ്ങി പുറപ്പെട്ട പോലെ എന്താണ് എല്ലാവരും ഇത് തന്നെ പണി.
ഒരു കൈ കൊണ്ട് കുട്ടിയെ പിടിച്ചു, മറ്റേ കൈ കൊണ്ട് കുറെ പേരെ മുഖത്തും ചുമലിലും എല്ലാം അടിച്ചത് എനിക്കോർമ്മ ഉണ്ട്. ഞങ്ങളുടെ കാറിന്റെ ഡ്രൈവറും സഹായിച്ചു. കുറച്ചു മാറി ഒരു വിദേശ വനിതയും കേരളത്തിന്റെ സംസ്കാരം അറിഞ്ഞു കൊണ്ട് ഒരു കരച്ചിലിന്റെ വക്കിൽ എത്തി നിൽക്കുന്നുണ്ടായിരുന്നു.
ഒരു വിധം കാറിൽ എത്തി. ഒരു യുദ്ധം കഴിഞ്ഞ പോലെ. ഭാര്യയുടെ മുഖത്തു നോക്കാൻ തോന്നിയില്ല. നമ്മുടെ സാംസ്‌കാരിക തലസ്ഥാനം ഇങ്ങിനെ ആണെങ്കിൽ ബാക്കിയുള്ള കാര്യം എങ്ങിനെ ആയിരിക്കും.
മറ്റൊരു ദിവസം ഉമ്മ പറഞ്ഞു “എനിക്ക് ഫോർട്ട് കൊച്ചി ബീച്ചിൽ പോവാൻ ഒക്കെ ആഗ്രഹം ഉണ്ട്, നിങ്ങൾ ഒന്നും എന്നെ കൊണ്ട് പോകുന്നില്ലലോ”
“അതിനു ഉമ്മാക്ക് തോന്നുന്പോൾ ഒരു ബസ് പിടിച്ചു പോയാൽ പോരെ ഇവിടെ അടുത്തല്ലേ”
“നിനക്ക് അറിയാൻ പാടില്ലാഞ്ഞിട്ടാണ്, ഇത്ര വയസാണെന്നും നോക്കില്ല ആണുങ്ങൾ വിട്ടേക്കില്ല. നീ കുറെ നാൾ അമേരിക്കയിൽ ജീവിച്ചതു കൊണ്ട് അറിയാഞ്ഞിട്ടാണ്.
സങ്കടം തോന്നി. വയസ്സന്മാരുടെ കഥയും തഥൈവ.
നിങ്ങക്ക് അറിയാവുന്ന ഏതു പെണ്ണിനോട് ചോദിച്ചാലും ഇങ്ങിനെ ഉള്ള കുറെ കഥകൾ പറയാൻ ഉണ്ടാവും.
പലപ്പോഴും തോന്നിയിട്ടുണ്ട്, ഉത്സവ പറമ്പുകളിലും പൊതു സ്ഥലങ്ങളിലും റെക്കോർഡിങ് കാമറ വച്ച് ഇങ്ങിനെ ചെയ്യുന്നവരുടെ ചിത്രങ്ങൾ ടീവീ കാണിച്ചാൽ മാറുന്ന ഞരമ്പ് രോഗമാണ് ഇത്. പക്ഷെ പെണ്ണുങ്ങളെ ഇങ്ങിനെ കയറിപിടിക്കാൻ തോന്നിപ്പിക്കുന്ന ആ വികാരം ഉണ്ടല്ലോ അത് ഒരു സാമൂഹിക രോഗം തന്നെ ആണ്. നാം നമ്മുടെ വീട്ടിലെ ആൺപിള്ളേരെ പറഞ്ഞു മനസിലാക്കി മാറ്റേണ്ട രോഗം.പെണ്ണെന്നാൽ വെറും ശരീരം മാത്രം അല്ലെന്നു എന്നാണ് ഇവർ പഠിക്കുന്നത്?

Leave a Reply