അഭയാർത്ഥികൾ

ഞങ്ങൾ പാരീസ് സന്ദർശനം കഴിഞ്ഞു വന്നു മൂന്നോ നാലോ ദിവസം കഴിഞ്ഞാണ്, തിരിച്ചു വരുന്നതിന്റെ തലേ ദിവസം വരെ ഞങ്ങൾ കറങ്ങി നടന്ന, ഷാംപ്സ് എലീസ് എന്ന തെരുവിൽ വെടിവപ്പ് നടന്നത്. ഒരു പോലീസ് ഓഫീസറും അക്രമിയും ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെടുകയും, രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിന്റെ പിറ്റേ ദിവസം ഓഫീസിൽ വച്ച് ഇതിനെ കുറിച്ച് രണ്ടു സുഹൃത്തുക്കളോട് സംസാരിക്കാൻ ഇടവന്നു. ഒരു ശ്രീലങ്കൻ തമിഴനും ഒരു പഞ്ചാബിയും. രണ്ടു പേരും ഈ വാർത്ത കേട്ടപ്പോൾ എന്റെ പാരീസ് ട്രിപ്പിനെ കുറിച്ചാണ് ഓർത്താണ് എന്ന് പറഞ്ഞു.
“ഒരു കാര്യത്തിൽ ഞാൻ ട്രന്പിനെ അനുകൂലിക്കുന്നു, ട്രന്പ് സിറിയൻ അഭയാർത്ഥികളെ അമേരിക്കയിൽ കയറ്റാതിരുന്നത് വളരെ നല്ല കാര്യം ആണ്. അല്ലെങ്കിൽ ഇവിടെയും ഇവന്മാർ ഇങ്ങിനെ ചെയ്തേനെ.” ഒരു സുഹൃത്ത് പറഞ്ഞു.
“ശരിയാണ്, മുസ്ലിങ്ങളെ അഭയാർത്ഥികൾ ആയി കയറ്റിയാൽ ആ രാജ്യത്തിൻറെ കാര്യം കട്ടപൊകയാണ്.” അടുത്ത ആൾ സപ്പോർട്ട് ചെയ്തു.
“ഇതിൽ രണ്ടു പ്രശ്നം ഉണ്ട്. ഒന്നാമത്, അഭയാർത്ഥി പ്രശ്നം പലപ്പോഴും രാഷ്ട്രീയമാണ്, അതിനെ മതവുമായി കൂട്ടി കുഴക്കുന്നത് തെറ്റാണു. രണ്ടാമത് വേറെ ഒരു ഗതിയും പരഗതിയും ഇല്ലാതെ ജനിച്ചു വളർന്ന സ്ഥലവും, ജോലിയും എല്ലാം ഇട്ടെറിഞ്ഞു ഒരാൾ കുടുംബവും ആയി നാട് വിടണമെങ്കിൽ അത്ര മാത്രം ആപൽക്കരമായ സ്ഥിതി വിശേഷം ആയിരിക്കണം അവിടെ. ഞാൻ പാരിസിൽ വച്ച് അനേകം സിറിയൻ അഭയാർത്ഥികളെ കണ്ടു, പലരും ഭാഷ അറിയാതെ, “സിറിയൻ അഭയാർത്ഥി” എന്നെഴുതിയ ബോർഡും പിടിച്ചു ഭിക്ഷക്കാരായി നിൽക്കുന്നവരാണ്. അവരിൽ ഒരു പക്ഷെ ഡോക്ടർമാരും എൻജിനീയർമാരും ഉണ്ടാവാം. കുറെ പേരെ ഫ്രഞ്ച് ഗവണ്മെന്റ് പുനരധിവസിപ്പിക്കുന്നുണ്ട്. മറ്റൊന്ന് ഇവർ വളരെ അപകടം പിടിച്ച ഒരു യാത്രയുടെ അവസാനം ആണ് ഇവിടെ എത്തിപ്പെടുന്നത്. പലപ്പോഴും ബോട്ട് മുങ്ങിയും മറ്റും കുട്ടികളും മാതാപിതാക്കളും കൊല്ലപ്പെട്ടവരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കാം. അത് കൊണ്ട് സിറിയൻ അഭയാർത്ഥികളെ അമേരിക്ക സ്വീകരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം” ഞാൻ പറഞ്ഞു.
“അത് മണ്ടത്തരം ആണ്. ഇതിലൂടെ അക്രമികൾ കയറി വരില്ല എന്ന് നമുക്കറിയില്ലല്ലോ?” ശ്രീലങ്കൻ തമിഴ് സുഹൃത്ത് പറഞ്ഞു. ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികൾ ആയി കാനഡയിൽ കുടിയേറി പാർത്തവരാണ് വന്നവരാണ് അവന്റെ അച്ഛനും അമ്മയും.
“നീ തന്നെ അത് പറയുന്നതിലെ വിരോധാഭാസം ഒന്നാലോചിച്ചു നോക്കൂ. ഇതേ ലോജിക് വച്ച് ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികളെ ഇവിടെ കയറ്റിയില്ല എന്ന് വച്ചിരുന്നെങ്കിൽ നീ ഇന്ന് ഇത് പറയാൻ ഇവിടെ ഉണ്ടാവില്ലായിരുന്നു. ആരെങ്കിലും ശ്രീലങ്കയിലെ പ്രശ്നങ്ങൾ വച്ച് ഹിന്ദു മത തീവ്രവാദികൾ എന്ന് നിങ്ങളെ വിളിച്ചു ഞാൻ കേട്ടിട്ടില്ല”
“പക്ഷെ അതിനു ഞങ്ങൾ ഭീകരർ അല്ലല്ലോ, ശ്രീലങ്കയിലെ തമിഴ് വംശജർക്ക് വേണ്ടി പൊരുതുന്നവരെ എങ്ങിനെ ഐസിസും ആയി താരതമ്യപ്പെടുത്താൻ കഴിയും?”
“നിഷ്കളങ്കരായ ആളുകളെ കൊള്ളുന്ന എല്ലാവരും ഭീകരർ തന്നെ ആണ്. ലങ്കയിലെ കാട്ടാൻകുടിയിൽ ഒരു പള്ളിയിൽ നൂറ്റി നാല്പത്തി ഏഴു ഏഴു മുസ്ലിങ്ങളെ കൊന്ന കാട്ടാങ്കുടി മസ്സാക്കർ മുതൽ ഇന്ത്യയിലെ രാജീവ് ഗാന്ധി വധക്കേസ് മുതൽ അനേകം ഭീകര ആക്രമണങ്ങളിൽ എൽടിടിഇ പങ്കാളികൾ ആയ കാര്യം മറക്കരുത്. പക്ഷെ അതിന്റെ അർഥം ലങ്കയിൽ നിന്ന് വന്ന എല്ലാവരും ഭീകരർ ആണെന്നല്ല. ഇങ്ങിനെ വന്നവരിലും ചില തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടാവാം, ദീപൻ എന്ന ഫ്രഞ്ച് സിനിമ ഫ്രാൻ‌സിൽ ഇങ്ങിനെ എത്തപ്പെട്ട ശ്രീലങ്കക്കാരുടെ കഥ പറയുന്ന ഒന്നാണ്. ഫ്രാൻസിലെ ഗാർ ഡെ നോർ അറിയപ്പെടുന്നത് തന്നെ ലിറ്റിൽ ജാഫ്‌ന എന്നാണ്. കാനഡയിലെ സ്കാർബറോയിൽ ഉള്ള ശ്രീലങ്കൻ ഗ്യാങ്ങുകളെ കുറിച്ച് നിനക്കു ഞാൻ പറഞ്ഞു തരണ്ടല്ലോ.”
“പക്ഷെ ഇവർ ആരും തങ്ങൾക്കു അഭയാർത്ഥികൾ ആയി അഭയം കൊടുത്ത രാജ്യത്തിന് എതിരെ പ്രവർത്തിച്ചിട്ടില്ല. ഫ്രാൻ‌സിൽ ഉള്ള വെടിവയ്പ്പിന് ശേഷം സിറിയൻ അഭയാർത്ഥികൾക്ക് അഭയം കൊടുക്കരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. മാത്രം അല്ല മുസ്ലിങ്ങൾ ഒരു സ്ഥലത്തു വന്നു കഴിഞ്ഞാൽ അവിടെ പെട്ട് പെരുകും, ഉദാഹരണത്തിന് ഫ്രാൻ‌സിൽ ഇപ്പൊൾ അഞ്ചു മുതൽ പത്തു ശതമാനം വരെ മുസ്ലിങ്ങൾ ആണ്.” അടുത്ത് പഞ്ചാബി സുഹൃത്തിന്റെ ഊഴമാണ്
“ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്പോൾ ആണ് ടോറോന്റോയിൽ നിന്ന് ബോംബേക്കു തിരിച്ച എയർ ഇന്ത്യയുടെ കനിഷ്ക എന്ന വിമാനം ഖാലിസ്ഥാൻ ഭീകരർ ബോംബ് വച്ച് തകർത്തത്. മരിച്ച 329 പേരിൽ 269 പേരും കാനേഡിയൻ പൗരന്മാർ ആയിരുന്നു. എന്നിട്ടു ആരെങ്കിലും സിഖ് മതം ഭീകര മതം എന്ന് പറഞ്ഞോ? ഇപ്പോൾ കാനഡയിലെ മന്ത്രിസഭയിൽ വരെ സിഖ് വംശജർ ഇല്ലേ?”
ചരിത്രം അറിയാതിരിക്കുക എന്നത് ഒരു കുറ്റമല്ല, പക്ഷെ അറിയുന്നവർ തന്നെ നമ്മുടെ കാര്യം വരുന്പോൾ ഒരു നിലപാടും, മറ്റുള്ളവരുടെ കാര്യം വരുന്പോൾ മറ്റൊരു നിലപാടും എടുക്കുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. സ്വന്തം കാര്യം സിന്ദാബാദ് എന്ന ലഘു തത്വശാസ്ത്രം.
സിറിയയിൽ ആസാദ് വിഷവാതകം പ്രയോഗിക്കുന്പോൾ മരിച്ചു വീഴുന്നത് സിറിയക്കാർ തന്നെയാണ്. അധികാരത്തിനു വേണ്ടി മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന ഒരു യുദ്ധം. പക്ഷെ മറ്റു യുദ്ധങ്ങളിൽ നിന്ന് ഇതിനു ഒരു വ്യത്യാസം ഉണ്ട്. സിറിയ സ്വന്തം ആയി അധികം ആയുധങ്ങൾ ഉൽപ്പാദിപ്പിക്കുന്നില്ല. സിറിയൻ അഭയാർത്ഥികളെ കയറ്റില്ല എന്ന് പറയുന്ന അമേരിക്ക തന്നെയാണ് സിറിയൻ റെബലുകൾക്കു ആയുധം കൊടുക്കുന്നത്, കുറച്ചു ഫ്രാൻസും ബ്രിട്ടനും കൊടുക്കുന്നുണ്ട്. സിറിയൻ ഗവേൺമെന്റിനു ആയുധങ്ങൾ കൊടുക്കുന്നത് റഷ്യയും. ഇത് ഒരർത്ഥത്തിൽ സിറിയയിൽ അമേരിക്കയും റഷ്യയും നടത്തുന്ന യുദ്ധമാണ്. രണ്ടു രാജ്യക്കാർ യുദ്ധം ചെയ്യുന്പോൾ മൂന്നാമത് ഒരു രാജ്യത്തെ സാധാരണം പൗരന്മാർ മരിച്ചു വീഴുന്ന നൂതന യുദ്ധ യാഥാർഥ്യം.
ഫ്രാൻസിലെ മുസ്‌ലിം ജനസംഖ്യയുടെ പിന്നിലും ഉണ്ട് ഒരു ചരിത്രം. ഫ്രാൻ‌സിൽ ഉള്ള മുസ്ലിങ്ങളിൽ ഭൂരിഭാഗവും അൾജീരിയയിൽ നിന്നും വന്നവരാണ്. കാരണം, നൂറ്റി മുപ്പത്തി രണ്ടു കൊല്ലം അൾജീരിയ ഫ്രാൻസിന്റെ അധീനതയിൽ ആയിരുന്നു. 1830 മുതൽ 1962 വരെ. ഇവിടെ നിന്നും ഫ്രാൻ‌സിൽ കുടിയേറിയവർ ആണ് ഭൂരിപക്ഷവും. ഫ്രാൻസിന്റെ പ്രതാപ കാലത്തു ഭൂമിയിൽ ഉള്ള കരയുടെ എട്ടു ശതമാനത്തോളം കുടിയേറി കയ്യിൽ വച്ചിരുന്ന ഫ്രാൻസ് കുടിയേറ്റത്തിനെതിരെ സംസാരിക്കുന്നതു, ഒരു വലിയ തമാശയാണ്.
ഫ്രാൻസ് പൊതുവെയും പാരീസ് പ്രത്യേകിച്ചും, ന്യൂനപക്ഷങ്ങളെ പെട്ടെന്ന് ഉൾകൊള്ളുന്ന ഒരു സമൂഹം ആണ്. അത് കൊണ്ട് തന്നെ പാരിസിൽ ജാതി മത വർണ വ്യത്യാസം ഇല്ലാതെ കൂട്ട് കൂടി നടക്കുന്ന അനേകം ആളുകളെ കാണാം. വെളുത്തവരും കറുത്തവരും, മുസ്ലിങ്ങളും ക്രിസ്ത്യാനികളും , പല രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരും ഒരു സമൂഹം എന്ന നിലയിൽ ഒറ്റകെട്ടായി ജീവിക്കുന്ന ഒരു സമൂഹം ആണ് ഫ്രാൻസ്.
ഇതാണ് ഐസിസിനെ പോലെ ഉള്ള ഭീകര സംഘടനകളെ വിളറി പിടിപ്പിക്കുന്നത്. അവർ ആഗ്രഹിക്കുന്നതും, റിക്രൂട്ടിട്മെന്റിന് വേണ്ടി ഉപയോഗിക്കാൻ അവർ ആഗ്രഹിക്കുന്നതും ആയ കാര്യം യൂറോപ്പും അമേരിക്കയും മുസ്ലിങ്ങളെ വെറുക്കുന്നു എന്ന് വരുത്തി തീർക്കുകയാണ്. ഇതിനുള്ള എളുപ്പ വഴി ആണ് ചില ക്രിമിനലുകളെ സ്വാധീനിച്ചു കൊണ്ട് ഒരു വെടി വെയ്പോ ബോമ്പ് സ്ഫോടനമോ നടത്തി ആ നാട്ടുകാരെ മുസ്ലിങ്ങൾക്ക് എതിരാക്കുന്നതു. ആ കെണിയിലേക്കാണ് ചിലപ്പോഴെല്ലാം നാം തല വച്ച് കൊടുക്കുന്നത്.
അമേരിക്കയിൽ ട്രന്പ് വന്നത് കൊണ്ടും, ഫ്രാൻ‌സിൽ കുടിയേറ്റത്തിനു എതിരെ സംസാരിക്കുന്ന ലു പെൻ അവസാന ഘട്ട വോട്ടെടുപ്പിൽ കടന്നതു കൊണ്ടും കൂടുതൽ സന്തോഷിക്കുന്നത് ഐസിസ് പോലെ ഉള്ള സംഘടനകൾ തന്നെ ആണ്.
അതിർത്തികളും കാരണങ്ങളും മാറ്റി പിടിച്ചാൽ നമ്മുടെ നാട്ടിലും കാണാൻ കഴിയും ഇത് പോലെ ഉള്ളവരെ. തെക്കേ ഇന്ത്യക്കാരും വടക്കേ ഇന്ത്യക്കാരും തിരിച്ചു പോണം എന്ന് പറഞ്ഞ ശിവസേനയുടെ മുംബയിൽ ഒരു ഭീകര ആക്രമണം നടന്നപ്പോൾ വീരമൃത്യ വരിച്ച സൈനികൻ ഒരു മലയാളിയാണ്. സാന്പത്തിക കാരണങ്ങൾ കൊണ്ട് ബീഹാറിൽ നിന്നും ഒറീസ്സയിൽ നിന്നും ബംഗാളിൽ നിന്നുമെല്ലാം കേരളത്തിലേക്ക് നടക്കുന്ന കുടിയേറ്റം അതിർത്തികൾ രാജ്യാന്തരം അല്ല എന്ന കാരണം കൊണ്ടാണ് അധികം വാർത്ത ആകാത്തത്.
മട്ടാഞ്ചേരിയിൽ നിന്ന് അഞ്ചു കിലോമീറ്റര് മാത്രം അകലെ ഉള്ള പള്ളുരുത്തിയിലേക്കു മാറി താമസിച്ചപ്പോൾ ഞങ്ങളും ഒരു കുടിയേറ്റത്തിന്റെ രുചി അറിഞ്ഞതാണ്. മാറ് മറക്കാത്ത വല്യമ്മമാരെയും, തമ്പ്രാനെ എന്ന് വിളിച്ചു ഓച്ഛാനിച്ചു നിൽക്കുന്ന ആളുകളെയും കണ്ടത് വലിയ അത്ഭുതം ആയിരുന്നു.
ഒന്നോർത്താൽ നമ്മൾ എല്ലാവരും കുടിയേറ്റക്കാരും അഭയാര്ഥികളും ആണ്. കാരണം രാഷ്ട്രീയമോ സാന്പത്തികമോ ആവാം, അതിർത്തികൾ രാജ്യാന്തരമോ, അന്തർ സംസ്ഥാനമോ ആവാം. കാരണങ്ങളും അതിർത്തികളും മാറുന്നു എന്ന് മാത്രം. ആഫ്രിക്കയിൽ നിന്നാരംഭിച്ച ഒരു വലിയ കുടിയേറ്റത്തിന്റെ ബാക്കി പത്രം ആണ് ഇന്നത്തെ മനുഷ്യന്റെ മുഴുവൻ ചരിത്രവും..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: