ഹവായിയിലെ പേൾ ഹാർബറും ഹോണോലുലുവും എല്ലാം സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട ഒരു സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്റെർ എന്ന PCC . ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായതു കൊണ്ട് പല പോളിനേഷ്യൻ ദ്വീപുകളിലെ സാംസ്‌കാരിക പൈതൃകം ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണു ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയൊക്കെ കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ഒരു തോർത്ത് മുണ്ടുടുത്ത് തളപ്പ് എല്ലാം ഇട്ടു രണ്ടു പേർ വന്നു തെങ്ങു കയറാൻ തുടങ്ങി. കേരളത്തിൽ എന്റെ വീട്ടിൽ വേലൻ വന്നു തേങ്ങാ ഇടുന്നത് ആയിരം തവണ കണ്ട എനിക്ക് നൂറു ഡോളർ കൊടുത്തു കാണാൻ കയറിയതിനു തെങ്ങു കേറ്റം ആണോ എന്നൊരു ആശങ്ക തോന്നി.
ഒരു തേങ്ങ എങ്ങിനെ പൊതിക്കാം എന്നുള്ളതായിരുന്നു അടുത്തത്. ഒരറ്റം കൂർപ്പിച്ച ഒരു മുള എടുത്തു അതിൽ വച്ച് നമ്മൾ നാട്ടിൽ പൊതിക്കുന്ന പോലെ തന്നെ തേങ്ങാ പൊതിക്കുന്പോൾ ആളുകൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഞാനാണെങ്കിൽ നാട്ടിൽ സ്ഥിരം ചെയ്തു കൊണ്ടിരുന്ന ഒരു പണി ആയിരുന്നു ഇത്.
ഒരു കല്ലെടുത്തു പൊതിച്ച തേങ്ങാ രണ്ടായി പകുത്തു ഒരു ചിരവ കൊണ്ട് തേങ്ങ ചിരണ്ടി കാണിച്ചും മറ്റും ഷോ മുന്നോട്ടു പോയി. ഞാൻ, കേരളത്തിൽ വരുന്ന സായിപ്പന്മാർക്ക് കാണിക്കുവാൻ നമ്മൾ ഇങ്ങിനെ ഒരു സെന്റർ ആരും തുടങ്ങാതിരുന്നത് എന്താണ് എന്നാലോചിച്ചു കൊണ്ടിരുന്നു. പണ്ട് കല്യാണത്തിന് തേങ്ങാ പാൽ പിഴിയാൻ തോർത്ത് ആയിരുന്നു ഞങ്ങൾ ഉപയോഗിച്ചിരുന്നത്. ഇയാൾ ഒരു ചെറിയ വ്യത്യാസം ചെയ്തു. തേങ്ങയുടെ തൊണ്ടിൽ നിന്ന് കുറച്ചു ചകിരി എടുത്തു ചിരകിയ തേങ്ങാ അതിൽ ഇട്ടു പിഴിഞ്ഞ് പാൽ എടുത്തു.
ഷോ കഴിഞ്ഞപ്പോൾ ഞാൻ അയാളെ പോയി പരിചയപെട്ടു. കാപ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ഒരു ചിത്രകാരൻ ആണ്. കുറെ ഭാഷകൾ എല്ലാം അറിയാവുന്ന ഒരു സഹൃദയൻ. ഈ കണ്ടതെല്ലാം ഞാൻ സ്ഥിരം ആയി ചെയ്യുന്ന കാര്യം ആണെന്ന് പറഞ്ഞപ്പോൾ ഞാൻ എവിടെ നിന്ന് ആണെന്ന് ചോദിച്ചു. തെക്കേ ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, നീ ഹവായിയുടെ കൂടുതൽ ചരിത്രം പഠിച്ചാൽ എന്തുകൊണ്ടാണ് നമ്മൾ ചില കാര്യങ്ങൾ ഒരു പോലെ ചെയ്യുന്നത് എന്ന് മനസിലാകും എന്ന് പറഞ്ഞു. യൂട്യൂബിൽ ഇദ്ദേഹത്തിന്റെ വീഡിയോ ഉണ്ട്. താഴെ റഫറൻസ് നോക്കുക.
നമ്മളും ഹവായിക്കാറും ഒരുപോലെ തേങ്ങാ പൊതിക്കുന്നതു ഒരു പക്ഷെ യാധൃശ്ചികം ആവാം, പക്ഷെ നമ്മളും ഇവരും തമ്മിൽ ഒരു ബന്ധമുണ്ട്. ഇതിനെ കുറിച്ച് പറയുന്നതിന് മുൻപ് ആധുനിക ഹവായിയുടെ ചരിത്രം ചുരുക്കി പറയാൻ ശ്രമിക്കാം. ഭൂമിയിൽ ഏറ്റവും ഒറ്റപെട്ട് കടലിന്റെ നടുക്ക് കിടക്കുന്ന ഒരു ദ്വീപസമൂഹം ആണിത്. ഏറ്റവും അടുത്തുള്ള കര ഭാഗം 2000 മൈൽ (3200 കിലോമീറ്റര്) ദൂരെയാണ്.
അമേരിക്കയുടെ അന്പതാമത്തെ സംസ്ഥാനം ഒക്കെ ആണെങ്കിലും ഭൂമിശാസ്ത്രപരമായി അമേരിക്കൻ മെയിൻ ലാൻഡിൽ നിന്നും 2400 മൈലോളം ദൂരെ കിടക്കുന്ന ഹവായി അമേരിക്ക നൈസ് ആയി അടിച്ചു മാറ്റിയ ഒരു ദ്വീപസമൂഹമാണ്. ദൂരം വച്ച് റഷ്യയിലെ മോസ്കൊ ഇന്ത്യയുടെ ഒരു സ്റ്റേറ്റ് ആണെന്ന് പറഞ്ഞാൽ എങ്ങിനെ ഇരിക്കും അത് പോലെ ആണിത്. സാംസ്കാരികപരമായും അങ്ങിനെ തന്നെ. അതിനു കാരണം ഹവായിയിലെ ആളുകൾ അമേരിക്കയിൽ നിന്നും കുടിയേറിയവർ അല്ല, മറിച്ച് പോളിനേഷ്യയിൽ നിന്നും കുടിയേറിയവർ ആണ്. കണ്ടാൽ അമേരിക്കക്കാരും നേറ്റീവ് ഹവായിയൻ ആളുകളും തമ്മിൽ അത്രയ്ക്ക് വ്യത്യാസമുണ്ട്. ഹവായിക്കാർക്ക് കൂടുതൽ ദക്ഷിണ ഇന്ത്യക്കാരോടാണ് സാമ്യം എന്നാണെനിക്ക് തോന്നിയത്.
C.E നാന്നൂറിൽ ആണ് പോളിനേഷ്യയിൽ നിന്ന് ആളുകൾ ഹവായിലേക്കു കുടിയേറുന്നത്. പക്ഷെ പോളിനേഷ്യയിൽ നിന്നും 2500 മൈൽ ദൂരെയാണ് ഹവായി. ഇത്ര വർഷങ്ങൾക്ക് മുൻപ് ആധുനിക നാവിക സംവിധാനം ഒന്നും ഇല്ലാത്ത സമയത്ത് ആളുകൾ എങ്ങിനെ ഇവിടെ എത്തിപ്പെട്ടു എന്നതിനെ കുറിച്ച് വലിയ ഗവേഷണങ്ങൾ ഒക്കെ നടന്നിട്ടുണ്ട്. അങ്ങിനെ ഉള്ള കുടിയേറ്റം നടക്കാൻ പ്രധാന കാരണം പോളിനേഷ്യക്കാർ രണ്ടു വഞ്ചികൾ കൂട്ടി കെട്ടിയാൽ ഒരു വഞ്ചിയെക്കാൾ കൂടുതൽ സ്ഥിരത ലഭിക്കും എന്നും കൂടുതൽ ദൂരം പര്യവേക്ഷണം നടത്താം എന്നും കണ്ടെത്തിയതാണ്. ഇങ്ങിനെ ഉള്ള വഞ്ചികളിൽ ഇപ്പോൾ ഇവിടെ ഉള്ളവർ പണ്ട് അവർ വന്ന ഇടങ്ങളിലേക്ക് ഗവേഷണത്തിന്റെ ഭാഗമായി യാത്രയൊക്കെ ചെയ്യാറുണ്ട്. രണ്ടു വഞ്ചികൾ കൂട്ടിക്കെട്ടിയ ചങ്ങാടങ്ങളെ ഇവർ ഹൊകൂലിയാ എന്നാണ് പറയുന്നത്. പണ്ട് പെരുന്പടപ്പിൽ നിന്ന് കുന്പളങ്ങിയിലേക്കു, പാലം വരുന്നതിനു മുന്പ് ,രണ്ടു വള്ളങ്ങൾ കെട്ടിയ ചങ്ങാടത്തിൽ ബസ് കയറ്റി ബോട്ടിൽ കെട്ടി വലിച്ചു കൊണ്ടുപോകുന്നതാണ് എനിക്കീ വള്ളങ്ങൾ കണ്ടപ്പോൾ ഓർമ വന്നത്.
1791 ൽ ആണ് ആദ്യ യൂറോപ്യൻ ആയ ക്യാപ്റ്റൻ ജെയിംസ് കുക്ക് ഈ ദ്വീപിലേക്ക് വന്നത്. അവിടത്തെ ആളുകളും ആയി ഉടക്കിയ അങ്ങേരെ അവിടുള്ളവർ കൊന്നു കളഞ്ഞു. 1819 വരെ കാമേഹമിയ എന്ന രാജാവ് എല്ലാ ഹവായ് ദ്വീപുകളെയും ഒരുമിച്ചു കൂട്ടി ഒരു രാഷ്ട്രം ആയി ഭരണം നടത്തി. പക്ഷെ 1820 ൽ ആദ്യ യൂറോപ്യൻ മിഷനറിമാർ ഇവിടെ എത്തി. അമേരിക്കയിലെ നേറ്റീവ് ഇന്ത്യക്കാരെ പോലെ തന്നെ യൂറോപ്യൻ രോഗങ്ങളെ ചെറുക്കാൻ ഉള്ള കഴിവ് ഹവായിയിലെ ആളുകൾക്ക് ഉണ്ടായിരുന്നില്ല. 3 ലക്ഷം ജനസംഖ്യ ഉണ്ടായിരുന്ന ഹവായി ആദിമ ജനത യൂറോപ്യൻ മിഷനറിമാർ വന്ന് വെറും മുപ്പത്തി അഞ്ചു കൊല്ലം കൊണ്ട് എഴുപതിനായിരം ആയി ചുരുങ്ങി.
1893 ആയപ്പോഴേക്കും പൈനാപ്പിളും കരിന്പും കൃഷി ചെയ്യാൻ വന്ന അമേരിക്കക്കാരുടെ കയ്യിൽ ആയി ഹവായിയുടെ നിയന്ത്രണം. 1898 ൽ അവസാനത്തെ രാഞ്ജി ആയ ലീലിയോകലാനിയെ പുറത്താക്കി അമേരിക്ക പൂർണമായും ഹവായി പിടിച്ചെടുക്കുകയും ഇപ്പോൾ അമേരിക്ക പ്യൂർട്ടോ റിക്കോയെ കയ്യിൽ വച്ചിരിക്കുന്ന പോലെ കുറെ നാൾ ഒരു ടെറിറ്റോറി ആയി വച്ച് കൊണ്ടിരിക്കുകയും ചെയ്തു. വളരെ അധികം സൈനിക പ്രാധാന്യം അർഹിക്കുന്ന സ്ഥലം ആയതു കൊണ്ട് പേൾ ഹാർബർ ആക്രമണം കഴിഞ്ഞു പതിനെട്ടു വർഷം കഴിഞ്ഞു 1959 ൽ അന്പതാമത്തെ സംസ്ഥാനം ആയി അംഗീകരിച്ചു.
പക്ഷെ നമ്മളും ഹവായിക്കാരും തമ്മിൽ എണ്ണത്തിനു ബന്ധം എന്നല്ലേ? പോളിനേഷ്യക്കാർ ആണ് ഹവായിയിൽ വന്നതെങ്കിൽ പോളിനേഷ്യക്കാർ എവിടെ നിന്ന് വന്നവരാണ്? പുതിയ DNA അറിവുകൾ വച്ച് നമ്മുക്ക് കിട്ടുന്ന വിവരം ഹവായിലേക്ക് രണ്ടു വഞ്ചികൾ കെട്ടിവച്ച് സമുദ്ര സഞ്ചാരം നടത്തിയ പോളിനേഷ്യക്കാരുടെയും മൈക്രോനേഷ്യക്കാരുടെയും പൂർവികർ ഏതാണ്ട് നാലായിരം വർഷങ്ങൾക്ക് മുൻപ് സൗത്ത്ഈസ്റ്റ് ഏഷ്യയിൽ നിന്ന് കുടിയേറിയവർ ആണെന്നാണ്. ഈ റിപ്പോർട്ട് പ്രകാരം പോളിനേഷ്യയിൽ എത്തിപ്പെട്ട കുടിയേറ്റക്കാർ ഏതോ കാലാവസ്ഥ വ്യതിയാനമോ മറ്റോ മൂലം അടുത്ത രണ്ടായിരം വർഷത്തേക്കു യാത്രകൾ തുടരാതെ വന്നുവെന്നും അത് കഴിഞ്ഞു CE നാന്നൂറിൽ പുനരാരംഭിച്ച യാത്രയാണ് ഹവായിയിൽ അവസാനിച്ചത് എന്നുമാണ്. എന്ന് പറഞ്ഞാൽ ഏഷ്യയിൽ നിന്ന് വന്നവരാണ് ഹവായിയിലെ പൂർവികരായ പോളിനേഷ്യക്കാർ. ഈ റിപ്പോർട്ടിലെ മൈക്രോനേഷ്യ എന്ന ഭാഗം ആണ് എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്, കാരണം എന്റെ സ്വന്തം DNA അനലൈസ് ചെയ്തപ്പോൾ 15 ശതമാനം മൈക്രോനേഷ്യയിൽ നിന്നാണ്. ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തമുണ്ട്. വെറുതെയല്ല അവരും നമ്മളും കാണാൻ ഒരുപോലെ ഇരിക്കുന്നത്.
നോട്ട് : പറഞ്ഞു വരുന്പോൾ ഹവായി അമേരിക്കയിൽ ആണെങ്കിൽ, ഞാൻ ഹവായിക്കാരുടെ പൂർവികരിൽ പെട്ടവനാണെങ്കിൽ എനിക്ക് അമേരിക്കയിൽ വിസ വേണോ? ശരിക്കും ജർമനിയിൽ നിന്നും കുടിയേറിയ ട്രന്പിനല്ലേ വിസ വേണ്ടത്? ഇതൊക്കെ ആരോട് പറയാൻ? ആര് കേൾക്കാൻ 🙂
നോട്ട് 2 : Y ക്രോമോസോം ആണ് മനുഷ്യന്റെ കുടിയേറ്റം കണക്കാക്കാൻ അവലംബിക്കുന്നത് , അതിന്റെ കാരണം ഇവിടെ : https://isogg.org/wiki/Y_chromosome_DNA_tests. പുതിയ കണ്ടുപിടുത്തങ്ങൾ നടക്കുന്ന ഏരിയ ആയതു കൊണ്ട് മുകളിൽ പറഞ്ഞ പല കാര്യങ്ങളും പുതിയ അറിവുകൾ വരുന്പോൾ മാറാം. അത് വരെ എന്റെ ഉപ്പൂപ്പായ്ക്ക് ആനയുണ്ടായിരുന്നത് കൊണ്ട് എന്റെ ചന്തിയിൽ തഴന്പ് തപ്പിയിട്ടു കാര്യമില്ല.
നോട്ട് 3 : പല പോളിനേഷ്യൻ ദ്വീപുകളെക്കുറിച്ചും നമ്മുക്ക് പരിചയപ്പെടാൻ ഇവിടെ സൗകര്യം ഉണ്ട്. ലുആഉ എന്നാണ് ഇവരുടെ ആഘോഷത്തിന്റെ പേര്. മുഴുവൻ പന്നിയെ ഭൂമിക്കടിയിൽ കുഴിച്ചിട്ടു വേവിച്ചെടുക്കുന്ന കലുആ ആണ് പ്രധാന ഭക്ഷണം. അഓടിയറോവ ദ്വീപിലെ യുദ്ധപ്രഖ്യാപനം നടത്തുന്ന നൃത്തം ആയ ഹക്ക ഡാൻസ് നമ്മെ ശരിക്കും പേടിപ്പിക്കും. ചില ന്യൂ സീലാൻഡ് റഗ്ബി ടീം 2011 ൽ ഫീൽഡിൽ നടത്തിയ ഹക്കാ ഡാൻസ് പ്രസിദ്ധം ആണ്. അതുപോലെ ടോങ്കയിലെ നൃത്തം, തഹിത്തി ദ്വീപിലെ സുന്ദരികൾ അരക്കെട്ടു വളരെ വേഗത്തിൽ ഇളക്കി ചെയ്യുന്ന ഹുല നൃത്തം തുടങ്ങി ഹവായിയിൽ പോയാൽ കണ്ടിരിക്കേണ്ട കുറെ അധികം കാര്യങ്ങൾ ഇവിടെ ഉണ്ട്.
റഫറൻസ് :
ഹവായിയിൽ തേങ്ങാ പൊതിക്കുന്ന വീഡിയോ : https://www.youtube.com/watch?v=780Thy9I4mI
PCC വെബ്സൈറ്റ് : http://www.polynesia.com
ഹക്ക നൃത്തം : https://www.youtube.com/watch?v=EX-bNKkPMaI
റഗ്ബി ടീം ചെയ്ത ഹക്ക ഡാൻസ് : https://www.youtube.com/watch?v=yiKFYTFJ_kw
ഹുല നൃത്തം : https://www.youtube.com/watch?v=hqHjWaHBxeA
പോളിനേഷ്യക്കാരും നമ്മളും തമ്മിലുള്ള ബന്ധത്തിന്റെ റിപ്പോർട്ട് : http://www.nytimes.com/2008/01/18/world/asia/18islands.html
Leave a Reply