“നീയൊക്കെ എസ്എഫ്ഐക്കാരല്ലെടാ, ഒരെണ്ണം ഇവിടെ നിന്ന് ജീവനോടെ പോവില്ല…” കൂട്ടത്തിൽ ലീഡർ എന്ന് തോന്നിയ ഒരാൾ പതുക്കെ ഞങ്ങളുടെ ചെവിയിൽ പറഞ്ഞു. ഏതാണ്ട് പത്തുപേരോളം ഞങ്ങളെ വളഞ്ഞു നിന്നിരുന്നു. പലരും പുറകിൽ ഒളിപ്പിച്ചു ഷർട്ടിനകത്തു വച്ചിരുന്ന ആയുധങ്ങൾ മറക്കാനെന്നോണം കൈകൾ പുറകിൽ കെട്ടിയിരുന്നു. പേടിച്ചു വിറച്ചു തൊണ്ട വരണ്ടു വിറച്ചു കൊണ്ട് ഞങ്ങൾ അവിടെ നിന്ന ഓർമ ഒരിക്കലും പോവില്ല.
ആർഎസ്എസുകാർ സാമൂഹ്യ സേവനം ചെയ്യുന്ന പാവങ്ങളാണെന്നു എന്റെ ചില കൂട്ടുകാർ സാക്ഷ്യപെടുത്തുന്പോൾ എനിക്കോർമ്മ വരുന്നത് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്പോൾ ചില ആർഎസ്എസുകാരെ പരിചയപ്പെടാൻ ഇടവന്നതാണ്.
ആദ്യത്തെ അനുഭവം എന്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന ഒരു കൂട്ടുകാരൻ എന്നെ കുത്താൻ ഒരു കത്തിയുമായി ഹോസ്റ്റൽ റൂമിൽ വന്നതാണ്. പിന്നീട് എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ അവൻ അന്ന് ആർഎസ്എസ് പ്രവർത്തകൻ ആയിരുന്നു. ഒരു ദിവസം ഞാൻ വൈകുന്നേരം ഹോസ്റ്റലിൽ എത്തിയപ്പോൾ കൂട്ടുകാർ എന്നോട് എന്റെ മുറിയിലേക്ക് പോകണ്ട എന്നു പറഞ്ഞു. എന്റെ ക്ലാസ്സിലെ തന്നെ ഒരുത്തൻ ലോക്കൽ ഗുണ്ടയുമായി എന്റെ മുറിയിൽ എന്നെ കാത്തിരിക്കുകയായിരുന്നു. ക്ലാസ്സിൽ എന്തോ പറഞ്ഞു കൊടുത്തില്ല എന്നോ മറ്റോ ഒരു വിചിത്ര കാരണം ആയിരുന്നു കൂട്ടുകാർ പറഞ്ഞു കേട്ടത്. കുറെ കാത്തിരുന്ന ശേഷം അവർ പോയിക്കഴിഞ്ഞാണ് ഞാൻ മുറിയിൽ പോയത്. അടുത്ത ദിവസം ഒന്നും സംഭവിക്കാത്ത പോലെ അവൻ എന്നോട് പെരുമാറുകയും ചെയ്തു. അവന്റെ സഹോദരൻ തന്നെ ഏതോ ഒരു കേസിൽ പെട്ടപ്പോൾ ആർഎസ്എസുകാർ സഹായിക്കാതെ മാറിനിന്നതോടെയാണ് അവൻ സംഘം വിട്ടത്.
രണ്ടാമത്തെ അനുഭവവും വിചിത്രം ആയിരുന്നു. എന്റെ സഹമുറിയന് ഒരു പരീക്ഷ ദിവസം ഭയകര പനി. ഞാനും വേറെ രണ്ടു കൂട്ടുകാരും കൂടി അവനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപിയിൽ കൊണ്ടുപോയി. ഞാൻ ആയിടയ്ക്ക് മൂക്കിൽ ഒരു സർജറി എല്ലാം കഴിഞ്ഞു മുഖത്ത് ഒരു വലിയ ബാൻഡേജ് ഇട്ടിരിക്കുകയായിരുന്നു. ഒപിയിൽ ഡോക്ടറെ കാത്തിരുന്നപ്പോൾ കാവി മുണ്ടുടുത്ത ഒരാൾ വന്നു ഞങ്ങൾ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ളവരാണോ എന്ന് ചോദിച്ചു. അതെ എന്ന് ഉത്തരം പറഞ്ഞപ്പോൾ തിരിച്ചു പോവുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കൂട്ടം ആളുകൾ വന്നു. ഞങ്ങളോട് കുറച്ചു ദൂരെ മാറി കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു വിളിച്ചു കൊണ്ടുപോയി.
അങ്ങോട്ട് പോയിക്കഴിഞ്ഞാണ് പ്രശ്നം മനസിലായതാണ്. തലേന്ന് രാത്രി കോളേജിൽ ഹോസ്റ്റലിലെ എസ്എഫ്ഐക്കാരും ലോക്കൽ ആർഎസ്എസുകാരുടെ പിന്തുണയുള്ള എബിവിപിക്കാരും തമ്മിൽ അടിയുണ്ടാക്കിയത്രേ. ഞങ്ങൾ കോളേജിൽ ആണെങ്കിലും പിജി പഠിക്കുന്നവർ ഇങ്ങിനെയുള്ള കാര്യങ്ങളിൽ സാധാരണ ഇടപെടാറില്ല, അതുകൊണ്ടു ഇങ്ങിനെ ഒരു സംഭവം ഞങ്ങൾ അറിഞ്ഞതുമില്ല. എന്റെ മുഖത്തെ പരിക്കും, കൂട്ടുകാരൻ ഡോക്ടറേ കാണാൻ നിന്നതും ഒക്കെ ഞങ്ങൾ തലേന്നത്തെ അടിപിടിയിൽ പെട്ടവരാണ് എന്ന് ആദ്യം ഞങ്ങളൂടെ ചോദ്യം ചോദിച്ചവന് ഒരു സംശയം ഉണ്ടാക്കി. അവൻ കൂടുതൽ ആളുകളെ വിളിച്ചു കൊണ്ട് വന്നിരിക്കുകയാണ്. ലക്‌ഷ്യം – ചോദ്യം ചെയ്തു ഉറപ്പിച്ചാൽ അവിടെ വച്ച് തന്നെ തലേന്ന് കിട്ടിയതിന് പകരം വീട്ടുക എന്നതാണ്.
“നീയൊക്കെ എസ്എഫ്ഐക്കാരല്ലെടാ, ഒരെണ്ണം ഇവിടെ നിന്ന് ജീവനോടെ പോവില്ല…” കൂട്ടത്തിൽ ലീഡർ എന്ന് തോന്നിയ ഒരാൾ പതുക്കെ ഞങ്ങളുടെ ചെവിയിൽ പറഞ്ഞു. ഏതാണ്ട് പത്തുപേരോളം ഞങ്ങളെ വളഞ്ഞു നിന്നിരുന്നു. പലരും പുറകിൽ ഒളിപ്പിച്ചു ഷർട്ടിനകത്തു വച്ചിരുന്ന ആയുധങ്ങൾ മറക്കാനെന്നോണം കൈകൾ പുറകിൽ കെട്ടിയിരുന്നു. പേടിച്ചു വിറച്ചു തൊണ്ട വരണ്ടു വിറച്ചു ഞങ്ങൾ നിന്ന ഓർമ ഒരിക്കലും പോവില്ല. വളരെ അധികം ജനങ്ങൾ പല ആവശ്യങ്ങൾക്കായി അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്ന ഇടനാഴിയിൽ പേടിച്ച് ഒച്ചയൊന്നും വരാതെ ഞങ്ങൾ വിയർത്തു.
തിരിച്ചും മറിച്ചും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കൊടുത്തിട്ടും അവർക്ക് വിശ്വാസം വന്നില്ല. അവ പലരെയും ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്റെ കൂടെയുണ്ടായിരുന്നു ഒരു സുഹൃത്ത് കോട്ടയത്തു ആർഎസ്എസിൽ പ്രവർത്തിച്ചവൻ ആയിരുന്നു, അവൻ ആരുടെയൊക്കെയോ പേരും നന്പറും എല്ലാം കൊടുത്തു. അവസാനം ഞങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്ന് മനസിലായപ്പോൾ ആണ് അവർ തനിനിറം പുറത്തെടുത്തത്.
“നിങ്ങളെ ഞങ്ങൾ ഒന്നും ചെയ്യാതെ പുറത്തു വിടാം പക്ഷെ ഞങ്ങൾക്ക് ഇരുന്നൂറു രൂപ തരണം…”
ഞങ്ങൾ എല്ലാവരുടെയും പോക്കറ്റിൽ പരതി കിട്ടിയ പൈസ എല്ലാം അവരുടെ കയ്യിൽ വച്ച് കൊടുത്തിട്ടാണ് അവർ വിട്ടത്.
മൂന്നാമത്തെ അനുഭവം വിവാഹം കഴിഞ്ഞിട്ടായിരുന്നു. എന്റെ ഭാര്യയുടെ ചേച്ചിയുടെ ഭർത്താവ് ഒരു ആർഎസ്എസ് അനുഭാവിയാണ്. ഫേസ്ബുക് പേജ് മുഴുവൻ മുസ്ലിം വിരോധ പോസ്റ്റുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്. ഇതറിയാതെ വിവാഹം കഴിഞ്ഞ സമയത്ത് ഞാൻ പുള്ളിയോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. അയ്യർ എന്നാൽ ഉയർന്ന ജാതിക്കാരാണെന്നും ഒരു തരത്തിലും മുസ്ലിങ്ങളും ആയുള്ള വിവാഹം അംഗീകരിക്കില്ലെന്നും പറഞ്ഞ അങ്ങേരോട് ഞാൻ മത്സ്യഗന്ധിയായ സത്യവതിയിൽ അല്ലെ വ്യാസൻ ഉണ്ടായതു എന്ന് ചോദിച്ചു. അങ്ങേർക്ക് സത്യവതിയെയും അറിയില്ല പരാശരനെയും അറിയില്ല, വേദവും ഉപനിഷത്തും ഒരു കുന്തവും അറിയില്ല. ആകെ അറിയാവുന്നത് ഇത് മാത്രം – മുസ്ലിങ്ങൾ പാകിസ്താനിലേക്ക് പോകേണ്ടവരാണ്. ഇന്നും ഞാൻ നേരിട്ട് കണ്ടിട്ടില്ല, കാണാനൊട്ടു ആഗ്രഹവുമില്ല.
ഈ അനുഭങ്ങളിൽ നിന്ന് ഞാൻ ആർഎസ്എസിനെ കുറിച്ച് അറിഞ്ഞ കാര്യങ്ങൾ ഇവയാണ്
1) വളരെ എളുപ്പം ബ്രെയിൻ വാഷ് ചെയ്യാവുന്ന ഒരു കൂട്ടർ ആണിവർ. അധികം ലോജിക് ഒന്നും പ്രയോഗിക്കുന്ന പതിവില്ല. ആർക്കു വേണമെങ്കിലും വികാരം കൊള്ളിച്ചു എന്തും ചെയ്യിപ്പിക്കാം കുറച്ച് ദേശീയതയും മതവും കുഴച്ചു കൊടുത്താൽ മതി.
2) വിലകുറഞ്ഞ ചീപ് ഗുണ്ടകൾ ആണിവർ. ചില്ലറപൈസ വരെ അടിച്ചുമാറ്റാൻ ഒരു നാണവും ഇല്ല.
3) ഒരു മതഗ്രന്ഥവും വായിച്ചുള്ള ഒരറിവും ഇവർക്കുണ്ടാവില്ല. മുസ്ലിം വിരോധവും ദേശീയതയും മുഖമുദ്ര പക്ഷെ കിട്ടിയ ആദ്യ ചാൻസിനെ ഇന്ത്യ വിടും, വേറെ രാജ്യത്തെ പൗരത്വം എടുക്കുകയും ചെയ്യും.
ഇത്രയും പറഞ്ഞത് ആർഎസ്എസിനെ കുറിച്ച് മാത്രം അല്ല. സോഷ്യൽ സർവീസ് എന്ന മധുരം പൊതിഞ്ഞു അക്രമം ചെയ്യുന്ന എല്ലാ സംഘടനകളെയും കുറിച്ചാണ്. ഒരു മുസ്ലിം പേരുകാരൻ ആയതു കൊണ്ട് ആർഎസ്എസിൽ നിന്ന് എനിക്ക് ഈ അനുഭവം ഉണ്ടായതു പോലെ മറ്റു സംഘടനകളിൽ നിന്ന് മറ്റു പലർക്കും ഇതുപോലെ തന്നെ അനുഭവം ഉണ്ടായിട്ടുണ്ടാവും എന്നെനിക്കുറപ്പാണ്. നമ്മളിൽ നിന്നും വ്യത്യസ്തമായ ആശയം ഉള്ളവരെ ശാരീരികമായി ആക്രമിക്കുക ഭീഷണിപ്പെടുത്തുക എന്നതെല്ലാം ഭീരുത്വത്തിന്റെ ലക്ഷണം ആണ്. ഒരു പുരോഗമന സമൂഹത്തിന് ഒട്ടും ചേരാത്ത ഒന്ന്. അത് ആർഎസ്എസ് ആയാലും ഐസിസ് ആയാലും KKK ആയാലും ഒരുപോലെ തന്നെ. അതിൽത്തന്നെ ഭരിക്കുന്ന ഗവണ്മെന്റ് സപ്പോർട്ട് ചെയ്യുന്ന ഭൂരിപക്ഷ സംഘടനകൾ ആവുന്പോൾ അത് ഏറ്റവും കൂടുതൽ എതിർക്കപ്പെടേണ്ട ഒന്നായി മാറുന്നു.
#GauriLankesh #iamgaurilankesh
Leave a Reply