മുത്തലാഖിന്റെ രാഷ്ട്രീയം

എന്റെ ബാപ്പ മൂന്നു കല്യാണം കഴിച്ചതാണ്. ഞാൻ ഏഴിൽ പഠിക്കുന്പോഴോ മറ്റോ ആയിരുന്നു അത്. കുറെ നാൾ വീട്ടിൽ നടന്നു വന്നിരുന്ന കുടുംബ വഴക്കിന്റെ ബാക്കി പത്രം ആയിരുന്നു ബാപ്പയുടെ മറ്റു വിവാഹങ്ങൾ. വേറെ കല്യാണം കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം ആയിരുന്നു ബാപ്പ വീട്ടിൽ വന്നിരുന്നത്. ബാക്കി ദിവസങ്ങളിൽ മറ്റു ഭാര്യമാരുടെ വീടുകളിൽ ആയിരുന്നു.
 
ഞാനും ഉമ്മയും , എനിക്ക് രണ്ടു വയസിനു മൂത്ത ഇത്തയും, ഏഴു വയസിനു ഇളയ അനിയനും ആയിരുന്നു അന്ന് വീട്ടിൽ. രാത്രി കുറെ നേരം മംഗളവും മനോരമയും തുടങ്ങിയ വാരികകൾ വായിച്ചു ഉമ്മ ഉറങ്ങാതെ ഇരിക്കും. തലയിണയുടെ അടുത്തോ അടിയിലോ ഒരു വെട്ടുകത്തി ഉണ്ടാവും. പകൽ മാന്യന്മാരെ കുറിച്ച് അന്നെനിക്ക് വല്യ പിടി ഉണ്ടായിരുന്നില്ല.
 
വീട്ടിൽ ചില ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അടുത്തുള്ള കടയിൽ ബാപ്പ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു. പെരുന്നാൾ വരുന്പോൾ ഉടുപ്പ് എടുത്തു തരുകയും ചെയ്തു , അത് കൊണ്ട് പൂർണമായും ഒരു ഉപേക്ഷിച്ചു പോകൽ ആയിരുന്നില്ല അത്.
 
പക്ഷെ ഒരു സ്ത്രീ എന്ന നിലയിൽ സ്വന്തം കാലിൽ നിൽക്കേണ്ടുന്നതിന്റെ ആവശ്യകത ഉമ്മയ്ക്ക് അറിയാമായിരുന്നു. വീട്ടിൽ കോഴി ആട് മുതലായവയെ വളർത്തിയും അച്ചാറുണ്ടാക്കി വിറ്റും കുറച്ചു വരുമാനം സ്വന്തമായി ഉമ്മ ഉണ്ടാക്കി. അത് പോരാതെ വന്നപ്പോൾ, വെളുപ്പിനെ നാലു മണിക്ക് ഞാനുമായി ബസ് കയറി എറണാകുളം ചന്തയിൽ പോയി സെക്കന്റ് ഹാൻഡ് വസ്ത്രങ്ങൾ വാങ്ങി, അലക്കി തേച്ചു ചില തയ്യൽ പണികളെല്ലാം ചെയ്തു അടുത്തുള്ള വീടുകളിൽ വിറ്റു കുറച്ചു പൈസ ഉണ്ടാക്കി. രാവിലെ ഒൻപതു മണിക്ക് എന്റെ സ്കൂൾ തുറക്കുന്നതിനു മുൻപ് എറണാകുളത്തു നിന്ന് തിരിച്ചു വരുന്ന സ്ത്രീയെയും മകനെയും നോക്കി അപവാദം പറയാൻ ആരെങ്കിലും നോക്കിയാൽ കണ്ണ് പൊട്ടുന്ന ചീത്ത പറയാൻ ഉമ്മയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.
 
ഒരു ദിവസം പള്ളികമ്മിറ്റിയിൽ ഞങ്ങൾ പരാതി പറയാൻ പോയിരുന്നു. വേറൊരു മഹല്ലിൽ നിന്ന് രണ്ടാമത് കെട്ടിയ ഒരാളെ ചിലവിനു കൊടുക്കാൻ നിർബന്ധിക്കാനോ മറ്റോ അവർക്കു അധികാരം ഇല്ലെന്നും, വേറെ വിവാഹം ഇസ്ലാമിൽ നിഷിദ്ധമല്ലെന്നും മറ്റും അവർ പറഞ്ഞു. ഒരൊറ്റ സ്ത്രീ പോലും ഇല്ലാത്ത പള്ളികമ്മിറ്റികൾ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഭൂലോക തമാശയാണ്.
 
അങ്ങിനെ പോകെ ഒരു ദിവസം രാത്രി ഒരു മണിയോടടുത്ത് വീടിന്റെ കോലായിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു. അന്ന് ബാപ്പ വരുന്ന ദിവസം ആയിരുന്നില്ല. കയ്യിൽ വെട്ടുകത്തി എടുത്തു ഉമ്മ എഴുന്നേറ്റു. വാതിൽ തുറന്നു നോക്കിയപ്പോൾ അത് അന്ന് അവിചാരിതമായി വീട്ടിൽ വന്ന ബാപ്പ ആയിരുന്നു. ഭാഗ്യത്തിന് ആളെ മനസിലായത് കൊണ്ട് അനിഷ്ടസംഭവം ഒന്നുമുണ്ടായില്ല.
 
വർഷങ്ങൾക്ക് ശേഷം ഒരു ഭാര്യ മരിക്കുകയും, മറ്റൊരു ഭാര്യ വേറെ ഒരു ബന്ധത്തിന്റെ പുറത്തു പോവുകയും ചെയ്തപ്പോൾ, ബാപ്പ തിരിച്ചു വന്നു. അപ്പോഴേക്കും ഞാൻ പ്രീ ഡിഗ്രി ഒന്നാം വർഷം ആയിരുന്നു.
 
ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ഇപ്പോഴുള്ള മുത്തലാഖ് വാർത്തകൾ വായിക്കുന്പോൾ മനസിലാകുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ പ്രധാനം എന്റെ ഉമ്മയുടേത് ഉൾപ്പെടെയുള്ള ലക്ഷകണക്കിന് പേരുടെ കാര്യം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നുള്ളതാണ്. കാരണം ഇവർ വിവാഹമോചിതർ, വിധവകൾ എന്നീ സെൻസസ് കണക്കിൽ ഒന്നും പെടുന്നില്ല. ഇവർ എല്ലാവരും ഭർത്താക്കന്മാർ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകൾ ആണ്. സെൻസസ് അനുസരിച്ചു ഇന്ത്യയിൽ എല്ലാ മത വിഭാഗങ്ങളിലും പെട്ട 23 ലക്ഷം ഉപേക്ഷിക്കപ്പെട്ട ഭാര്യമാർ ഉണ്ടെന്നാണ് കണക്ക്. ഇത് മുതാലാഖ് ചെയ്യപ്പെട്ട മുസ്ലിം സ്ത്രീകളുടെ അനേകം ഇരട്ടി ആണ്.
 
എന്റെ ഉമ്മയുടെ അതെ അനുഭവത്തിലൂടെ കടന്നു പോയ മറ്റൊരു സ്ത്രീയെ ഇവിടെ ഓർക്കേണ്ടതാണ്. അത് ഗുജറാത്തിലെ യശോദ ബെൻ ആണ്, നരേന്ദ്ര മോദിയുടെ ഭാര്യ. ഭർത്താവു ഉപേക്ഷിച്ചു പോയ അവർ എത്ര മാത്രം സാന്പത്തികവും, സാമൂഹികവും ആയ പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവണം? എത്ര പ്രാവശ്യം അവർ വെട്ടുകത്തി എടുത്തിട്ടുണ്ടാവണം? അവസാനം പാസ്പോർട്ട് കിട്ടാൻ RTI അപേക്ഷ വരെ കൊടുക്കേണ്ടി വന്നു ആ പാവത്തിന്.
 
ഒരാൾ ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലുന്നത് ആണ് ഇസ്ലാമിലെ മുതാലാഖ് എന്ന് ചിലർ വിചാരിക്കുന്നുണ്ട്. അത് ഇസ്ലാമികം അല്ല, മറിച്ച് മൂന്ന് മാസത്തെ (മൂന്ന് ആർത്തവ വേളകൾ ആണ്, കലണ്ടർ മാസമേ ആവണം എന്നില്ല) ഇടവേളകൾ വച്ച് തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുന്നതിന് ആണ് യഥാർത്ഥത്തിൽ ഇസ്ലാമിലെ മുതാലാഖ്. ഇത്രയും നാൾ ഇടവേള കൊടുത്തു മൊഴി ചൊല്ലുന്പോൾ ആണ് “മൂന്ന് മൊഴി ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയിരിക്കുന്നു” എന്ന് മഹല്ലിൽ നിന്ന് എഴുതി കൊടുക്കുന്നത്. ഒരുപക്ഷെ ആ കാലഘട്ടത്തിൽ അനുയോജ്യമായ കാര്യം ആയിരിക്കാം അത്, പക്ഷെ കാലം മാറുന്നതിനനുസരിച്ചു മതങ്ങളും അതിന്റെ രീതികളും മാറുന്നില്ലലോ.
 
ഇസ്ലാമിലെ യഥാർത്ഥ പ്രശ്നം മൊഴി ചൊല്ലൽ അല്ല, മറിച്ച് ജീവനാംശം കൊടുക്കാത്തതു ആണ്. പ്രശസ്തമായ ഷബാനു കേസിൽ സുപ്രീം കോടതി വരെ പോയി അവർ നേടിയെടുത്ത ജീവനാംശസ്‌ വിധി പാർലിമെന്റ് ഭൂരിപക്ഷം ഉപയോഗിച്ച് ഇല്ലാതാക്കിയ രാജീവ് ഗാന്ധി ഗവന്മേന്റും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ബോർഡും മറ്റും ആണ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളോട് ഏറ്റവും വലിയ തെറ്റ് ചെയ്തത്. മുത്തലാഖ് നിർത്തലാക്കാൻ വേണ്ടി സമയം ചിലവഴിക്ക്ന്നതിനു പകരം വിവാഹ മോചനം നേടിയ സ്ത്രീകൾക്കും കുട്ടികൾക്കും മാന്യമായി ജീവിക്കാനുള്ള ജീവനാംശം ഉറപ്പു വരുത്തുന്ന നിയമം കൊണ്ട് വരികയാണ് ഗവണ്മെന്റ് ചെയ്യേണ്ടത്. അത് ചില മതക്കാർക്ക് ചില നിയമം എന്നത് മാറ്റി ഒരു പൊതു നിയമം കൊണ്ട് വരുന്നതാണ് ഏറ്റവും അഭികാമ്യം.
 
രണ്ടു പേർക്ക് യോജിച്ചു പോകാൻ കഴിഞ്ഞില്ലെങ്കിൽ അവർ സമാധാനപൂർവം വേർപിരിയുന്നതാണ് നല്ലതു എന്ന അഭിപ്രായക്കാരാണ് ആണ് ഞാൻ. കുട്ടികൾ ഉണ്ടെങ്കിൽ യോജിച്ചു പോകാനുള്ള എല്ലാ വഴികളും നോക്കിയതിനു ശേഷം മാത്രം എടുക്കേണ്ട തീരുമാനം, പക്ഷെ കുട്ടികൾക്ക് വേണ്ടി മാത്രം സ്ഥിരം വഴക്കിട്ടു കൊണ്ട് ഒരു വീട്ടിൽ താമസിക്കുന്നത് ഒരു പക്ഷെ കുട്ടികൾക്ക് കൂടുതൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുകയെ ചെയ്യൂ.
 
എന്ത് കൊണ്ടാണ് സ്ത്രീകൾ വിവാഹമോചനത്തിന്റെയും ഇരയായി തീരുന്നതു എന്ന് നോക്കിയാൽ കാണാവുന്ന കാര്യം ഇന്ത്യൻ സമൂഹം പരന്പരാഗതമായി സ്ത്രീ വിരുദ്ധമാണ് എന്നുള്ളതാണ്. പലപ്പോഴും ഇങ്ങിനെ ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാർ , ജോലി ഇല്ലാത്ത , അധികം വിദ്യാഭ്യാസമില്ലാത്ത, ഭർത്താവിനും കുട്ടികൾക്ക് പാചകം ചെയ്തും വീട് നോക്കിയും കഴിഞ്ഞിരുന്നവരാണ്. ഒരു സുപ്രഭാതത്തിൽ ഭർത്താവു ഇട്ടിട്ടു പോവുന്പോൾ അവർ എന്ത് ചെയ്യാനാണ്. ഇവിടെയാണ് നമുക്ക് മുതലാഖിന്റെ രാഷ്ട്രീയം കാണാൻ കഴിയുക, കാരണം ഇന്ത്യയിൽ അത്യാവശ്യം ആയി ശരിയാക്കേണ്ട കാര്യങ്ങൾ വേറെ പലതുമാണ്.
 
സ്ത്രീകളുടെ സാക്ഷരത : ഇന്ത്യയിൽ ആണുങ്ങളുടെ സാക്ഷരതാ 82 ശതമാനം ആണെങ്കിൽ പെണ്ണുങ്ങളുടേതു 65 ശതമാനം മാത്രം ആണ്. എന്ന് വച്ചാൽ ഇരുപതു കോടി സ്ത്രീകളെ നമ്മുക്കു എഴുതാനും വായിക്കാനും പഠിപ്പിക്കാനുണ്ട് .
 
കൊല്ലപ്പെടുന്ന പെൺകുട്ടികൾ : ഇന്ത്യയിൽ 1000 ആണുങ്ങൾക്കു 940 പെണ്ണുങ്ങൾ മാത്രമാണുള്ളത്. സ്ത്രീകൾ ആണുങ്ങളേക്കാൾ കൂടുതൽ നാൾ ജീവിച്ചിരിക്കുന്നത് കൊണ്ട് സ്ത്രീകളുടെ എണ്ണം ആയിരത്തിനും മുകളിൽ വരേണ്ടതാണ്. ചെറിയ കണക്കു കൂട്ടിയാൽ ഇന്ത്യയിൽ 44 കോടി പെൺകുട്ടികൾ ഗർഭവസ്ഥയിലോ, അഞ്ചു വയസു തികയുന്നതിനു മുൻപോ കൊല്ലപ്പെടുന്നു എന്ന് കാണാൻ കഴിയും. ഇവരെ നമുക്ക് രക്ഷിക്കേണ്ടേ?
 
സ്ത്രീകളുടെ ജോലി : ഗ്രാമപ്രദേശങ്ങളിൽ നൂറിൽ ഇരുപത്തിനാലു സ്ത്രീകളും പേരും, നഗരങ്ങളിൽ നൂറിൽ പതിനഞ്ചു സ്ത്രീകളും ആണ് ജോലി ചെയ്യുന്നത്. ഇതും വർഷം തോറും കുറഞ്ഞു വരികയാണ്. വിവാഹ മോചന കേസുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ആണ് സ്ത്രീക്ക് സാന്പത്തിക സ്വാതന്ത്ര്യം ഉണ്ടാവുക എന്നത്. എന്ന് വച്ചാൽ ഏതാണ്ട് അന്പത് കോടി സ്ത്രീകൾക്ക് ജോലി നൽകേണ്ടതുണ്ട്. സാന്പത്തിക സാമൂഹിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ഇന്ത്യയിലെ സ്ത്രീകൾക്ക് വിവാഹം മോചനം ഒരു ജീവിത പ്രശ്നം ആയി മാറില്ല.
 
ഇത്രയും വലിയ കാര്യങ്ങൾ ചെയ്യാൻ കിടക്കുന്പോൾ മുതാലാഖ് ചെയ്യപ്പെടുന്ന 0.3 ശതമാനം മുസ്ലിം സ്ത്രീകളുടെ പ്രശ്നം ആണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന പേരിൽ അവതരിപ്പിക്കുന്നത് വെറും രാഷ്ട്രീയം മാത്രമാണ്. സ്ത്രീകളെ സംരക്ഷിക്കാതെ ഉപേക്ഷിച്ചു പോകുന്നത് തെണ്ടിത്തരമാണ്, അത് പ്രധാനമന്തി ചെയ്താലും എന്റെ ബാപ്പ ചെയ്താലും…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: