ഭ്രാന്തൻ…..

“മോനെന്തിനാണ് ആ പ്രാന്തനോടു വർത്താനം പറയണത്? ” ഇടവഴിയിൽ വേറെ ആരോടോ സംസാരിച്ചു കൊണ്ട് നിന്നിരുന്ന വല്യമ്മ എന്നോട് ചോദിച്ചു. ഞാൻ വിനീഷിനോട് സംസാരിക്കുന്നത് അവർ കണ്ടെന്നു തോന്നുന്നു. അവരുടെ കണ്ണിലെ അത്ഭുതവും ഭയവും എനിക്ക് വായിക്കാൻ കഴിഞ്ഞു.
എല്ലാ വർഷവും നാട്ടിൽ വന്നാൽ ചെയ്യുന്ന ഒരു കാര്യമാണ് വിനീഷിനെ പോയി കാണുന്നതും സംസാരിക്കുന്നതും. എന്റെ പഴയ ഒരു  സുഹൃത്താണ്. ഇപ്പോഴും അവനെ വീട്ടിൽ പോയി കാണും ചായക്കടയിൽ പോയി ചായ കുടിക്കും വർത്തമാനം പറഞ്ഞു കൊണ്ട് അവിടെ പരിസരത്തെല്ലാം നടക്കും. വേറെ പല സുഹൃത്തുക്കളും ആയി ചെയ്യുന്ന കാര്യങ്ങൾ തന്നെ, പക്ഷെ നാട്ടുകാർക്ക് ഇതൊരു അത്ഭുതമാണ്, കാരണം അവർക്ക് അവനൊരു ഭ്രാന്തനാണ്.
ചായക്കടയിൽ പോകുന്പോഴും  മറ്റും എല്ലാവരും അവനെ തന്നെ തുറിച്ചു നോക്കും ഏതോ അന്യഗ്രഹ ജീവിയെ കാണുന്ന പോലെ. അകത്തു കയറ്റി ഇരുത്തി വേറെ ആരെയും പോലെ ചായയും പഴംപൊരിയും കഴിച്ചു കൊണ്ട് ഞങ്ങൾ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കും. അവൻ അവന്റെ കാര്യങ്ങൾ പറയും, പണിക്ക് പോകാൻ കഴിയാത്തതിനെ കുറിച്ചും, ഒരു രോഗവും ഇല്ലാതിരുന്നിട്ടും മരുന്ന് കഴിക്കാൻ നിർബന്ധിക്കുന്നതിനെ കുറിച്ചും മറ്റും. നിനക്ക് കുളിച്ചു നല്ല ഉടുപ്പെല്ലാം ഇട്ടു മര്യാദയ്ക്ക് നടന്നൂടെടാ എന്ന് ഞാനും ചോദിക്കും. എത്ര വൃത്തിയുള്ള ഉടുപ്പിട്ടാലും നാട്ടുകാർ പ്രാന്തനായി ചാപ്പ കുത്തി കഴിഞ്ഞാൽ രക്ഷ ഇല്ലെന്ന് അവനും പറയും.
കൊച്ചിൻ കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്പോൾ എന്റെ ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചതാണ് വിനീഷ്. പള്ളുരുത്തിയിൽ ആണ് വീട്. ഞങ്ങൾ ഒരുമിച്ചാണ് ബസിൽ യാത്ര ചെയ്യുന്നത്, പക്ഷെ ആദ്യമൊന്നും എനിക്ക് അവനെ അധികം പരിചയം ഇല്ലായിരുന്നു. ആദ്യവർഷം പകുതി ആയപ്പോഴേക്കും മലയാളം മീഡിയത്തിൽ പഠിച്ചു വന്ന പലരെയും പോലെ ഞങ്ങൾക്ക് ഇംഗ്ലീഷിൽ പഠിപ്പിക്കുന്നത് മനസിലാകാതെ വന്നു. ഞാൻ ജയമാതാ ട്യൂഷൻ സെന്ററിൽ എല്ലാം പോയി കഷ്ടപ്പെട്ട് ഒരു വിധം ഇംഗ്ലീഷ് വരുതിയിലാക്കി, അവനു ട്യൂഷന് പോകാൻ പാങ്ങില്ലാത്തതു കൊണ്ട് എന്നോട് ഇംഗ്ലീഷ് പറഞ്ഞു കൊടുക്കാമോ എന്ന് ചോദിച്ചായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ ആദ്യ തുടക്കം. പതുക്കെ ഞാൻ അവന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആയി. അച്ഛൻ നേരത്തെ മരിച്ചു പോയ അവന്റെ വീട്ടിൽ രണ്ടു ചേട്ടന്മാരും അമ്മയും ആണുണ്ടായിരുന്നത്. അമ്മ എനിക്ക് ചായയും പലഹാരങ്ങളും തന്നു. വിഷുവിന് നല്ല ബീഫ് വരട്ടിയതും. അവന്റ മൂത്ത ചേട്ടൻ കല്യാണം കഴിഞ്ഞു വേറെ താമസിക്കുകയായിരുന്നു.
“അവന് അസുഖം വീണ്ടും കൂടി മോനെ , ഇപ്പൊ എറണാകുളത്ത് നായർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കണേണ്…” ഒരിക്കൽ അവനെ കാണാൻ വീട്ടിൽ ചെന്നപ്പോൾ അവന്റെ അമ്മ പറഞ്ഞു. എന്താണ് അസുഖം എന്നൊന്നും ആരും പറഞ്ഞില്ല. അവന്റെ കാണാൻ നായർ ഹോസ്പിറ്റലിൽ പോയ എനിക്ക് ഒരു കാര്യം മനസിലായി, അത് മനസിന് സുഖം ഇല്ലാത്തവരെ ചികിസിക്കുന്ന ആശുപത്രിയാണ്.  ഇത്രയും നാൾ കൂടെ നടന്നിട്ടും വിനീഷിനു എന്തെങ്കിലും പ്രശ്നം ഉള്ളതായി എനിക്കറിയില്ലായിരുന്നു. ചികിത്സയെല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിൽ വന്ന അവനാണ് അവന്റെ അസുഖത്തിന്റെ കഥ പറഞ്ഞത്. അവന്റെ ചെറുപ്പത്തിൽ നടന്ന കഥ.
അവന്റെ വീടിന്റെ അടുത്ത് തന്നെ കേസിലോ മറ്റോ പെട്ട് വിൽക്കാൻ കഴിയാതെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു കെട്ടിടം ഉണ്ടായിരുന്നു.  ചെറുപ്പത്തിൽ അവിടെ ഉള്ള കുട്ടികളെല്ലാം ഒളിച്ചു കളിക്കുന്നതവിടെയാണ്. അങ്ങിനെ ഒരു ദിവസം ആ വീട്ടിലെ ഒരു മുറിയിൽ ഒളിക്കാൻ പോയ  അവൻ കണ്ടത് ആരോ തൂങ്ങി മരിച്ചു ദിവസങ്ങൾ  പഴക്കമുള്ള മൃതശരീരം തൂങ്ങി നിൽക്കുന്നതാണ്. പേടിച്ചു കരഞ്ഞു വീട്ടിലേക്കോടിയ അവന് ആ  കാഴ്ച താങ്ങാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു. അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ നാട്ടുകാർ എല്ലാവരും അവനെ ചൂണ്ടി കാട്ടി , ഇവനാണ് മൃത ശരീരം ആദ്യം കണ്ടത് എന്നെല്ലാം പറഞ്ഞതും അവനെ ഭയപ്പെടുത്തി. പോലീസുകാരുടെ കുറച്ചു ചോദ്യം ചെയ്യലും കൂടി ആയപ്പോൾ അവന്റെ മാനസിക നില ആദ്യമായി തെറ്റി. കുട്ടികൾ അവനെ കളിക്ക് കൂട്ടാതെയായി. ചെറുപ്പത്തിൽ തന്നെ അവൻ ഒറ്റപ്പെട്ട ഒരാളായി.
അധികം പഠിപ്പില്ലാത്ത ഒരു ദരിദ്ര കുടുംബത്തിൽ ആർക്കെങ്കിലും മാനസിക അസ്വാസ്ഥ്യം വന്നാൽ എല്ലാവരും ചെയ്യുന്നതൊക്കെ തന്നെ അവന്റെ അമ്മയും ചെയ്തു. ഏതോ കണിയാൻ കാണിച്ചു പ്രശ്നം വെപ്പിച്ചു, ബാധ അകറ്റാൻ ഉള്ള ചില ക്രിയകൾ എല്ലാം ചെയ്തു. ചില വൈദ്യന്മാരെ കാണിച്ചു.  മാറാതായപ്പോൾ ഏതോ ഹോമിയോ ഡോക്ടറെ കാണിച്ചു. ഒന്ന് കൊണ്ടും പ്രയോജനം ഉണ്ടായില്ല.
ഇത്രയും പറഞ്ഞു കേട്ടപ്പോൾ ആണ് ക്ലാസ്സിൽ ഇവൻ എന്നോടല്ലാതെ വേറെ ആരോടും സംസാരിക്കാറില്ല എന്ന് ഞാൻ ഓർത്തത്. ഒരു മാനസിക രോഗം വന്നാൽ എന്ത് ചെയ്യണം എന്നോ ഒരു ഭീതിജനകമായ കാഴ്ച കുട്ടികളുടെ മനസിനെ ബാധിക്കുമോ എന്നൊന്നും എനിക്കന്നു അറിയില്ലായിരുന്നു. ഇന്നാണെങ്കിൽ ജനിതകം, ചെറുപ്പത്തിലെ മറ്റും ഉണ്ടാവുന്ന മാനസിക ആഘാതം, കുടുംബത്തിൽ ഉണ്ടാവുന്ന മരണം, ഡിവോഴ്സ് തുടങ്ങി മനസിനെ  ബാധിക്കുന്ന നിരവധി കാര്യങ്ങളെ കുറിച്ചും അവ കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും അവയ്ക്ക് മരുന്ന് മുതൽ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി വരെ ഉപയോഗിച്ച് ചികിത്സ ലഭ്യം ആയതിനെ കുറിച്ചെല്ലാം വായിച്ചറിവുണ്ടാവുമായിരുന്നു. പക്ഷെ ഇതിനെ കുറിച്ചെല്ലാം വായിക്കാൻ എന്നെ പ്രേരിപ്പിച്ചത് വിനീഷാണ് എന്നതാണ് സത്യം.
പ്രീ ഡിഗ്രി ആദ്യ തവണ തോറ്റെങ്കിലും രണ്ടാമത് എഴുതി എടുത്തു മഹാരാജാസിൽ BA ഹിസ്റ്റോറിക്ക് അവൻ ചേർന്നു. കാര്യങ്ങൾ എല്ലാം മെച്ചപ്പെടുന്നു എന്ന് എനിക്ക് തോന്നി. ഞാൻ MCA പഠിക്കാൻ തിരുവനന്തപുരത്തേക്കും പിന്നീട് ബാംഗ്ലൂരിലേക്കും പോയി. വിനീഷ് ഒരു ഓട്ടോ ഓടിക്കാൻ തുടങ്ങിയെന്നും BA പാസ്സാക്കാൻ ഒരു പേപ്പർ മാത്രം ബാക്കിയുള്ളൂ എന്നെല്ലാം ആണ്  അമേരിക്കയിൽ വരുന്നതിനു മുൻപ്  ഞാൻ സംസാരിച്ചപ്പോൾ അവൻ പറഞ്ഞത്. BA പാസ്സായിട്ട് PSC പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവൻ.  പക്ഷെ അപ്പോഴാണ് അവന്റെ അമ്മയുടെ മരണം. അവന്  പഴയ ഓർമ്മകൾ തികട്ടിവരികയും മനസ് കൈവിട്ടു പോവുകയും ചെയ്തു. കുറച്ചു നാൾ അവന്റെ സഹോദരങ്ങൾ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി പിന്നീട് ചികിത്സ നിർത്തി വീട്ടിൽ കൊണ്ടുവന്നു. മനസിന്റെ താളം തെറ്റുന്പോഴൊക്കെ അവൻ വീട്ടിൽ നിന്നും ഇറങ്ങി എങ്ങോടെങ്കിലും നടന്നു. ഇങ്ങിനെയുള്ള നടത്തങ്ങൾക്കിടയിൽ ആണ് ഞാൻ ഇവനെ പലപ്പോഴും കണ്ടുമുട്ടുന്നത്.
ഇവന്റെ കാര്യങ്ങൾ എല്ലാം അറിയാവുന്ന ഒരു തലമുറ അപ്പോഴേക്കും ജീവിതത്തിന്റെ പല പ്രാരാബ്ദങ്ങളിൽ പെട്ട് പല വഴിക്കായി പോയിക്കഴിഞ്ഞിരുന്നു. പുതിയവർക്ക് ഇവൻ വെറും പ്രാന്തൻ വിനീഷ് മാത്രം ആയിക്കഴിഞ്ഞിരുന്നു. ഇവനോട് സംസാരിക്കുന്നതിൽ നിന്നും കുട്ടികക്ക് വിലക്കുണ്ടായി. സമൂഹത്തിന്റെ കാഴ്ച്ചയിൽ നിന്ന് വിനീഷ്  പതുക്കെ അപ്രത്യക്ഷനായി, സ്ഥിരമായി കാണുന്ന ഭിക്ഷക്കാരെയും പ്രാന്തന്മാരെയും നാം നമ്മുടെ മനസിന്റെ പിന്നാന്പുറത്തേക്ക് മാറ്റികേട്ടുമല്ലോ. ഇപ്പോൾ അവനെ നോക്കുന്ന സഹോദരങ്ങൾക്ക് തന്നേ അവനൊരു ബാധ്യത ആയി മാറുകയാണ്, അവരുടെ കുട്ടികൾക്ക്  വരുന്ന കല്യാണ ആലോചനകൾ ഈ കാരണം പറഞ്ഞു തള്ളിപ്പോവുന്നു.
ഇന്ത്യയിൽ ആറു കോടി മാനസിക രോഗികൾ ഉണ്ടെന്നാണ് കണക്ക്. ഇത് കനത്ത ഡിപ്രെഷനും മറ്റും ഉണ്ടായിട്ടും അതെല്ലാം ഒളിച്ചു വച്ച് നമ്മുടെ ഇടയിൽ ജീവിക്കുന്ന ആളുകൾ ഒഴിച്ചാണ്, പക്ഷെ ദേശീയ ആരോഗ്യ ബഡ്ജറ്റിന്റെ 0.06% മാത്രം ആണ് നാം മാനസിക ആരോഗ്യത്തിന് വേണ്ടി ചിലവഴിക്കുന്നത്. ഇങ്ങിനെ ഉള്ള രോഗികളെ കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം , കാരണം ഒരിക്കൽ ഒരാൾക്ക് ഒരു മാനസിക പ്രശ്നം ഉണ്ടെന്നു അറിഞ്ഞാൽ ആ കുടുംബത്തെ തന്നെ സമൂഹം മാറ്റിനിർത്തും എന്നതാണ് അനുഭവം.
ജില്ലാ സബ് ജില്ലാ തലങ്ങളിൽ മാനസിക രോഗങ്ങൾ വേണ്ട വിധം ചികിൽസിക്കാൻ തക്ക ആശുപത്രികളും ഡോക്ടർമാരും ഇല്ല എന്നതും ഒരു പ്രധാന പ്രശ്നം ആണ്. കേരളത്തിൽ ദേശീയ ശരാശരി വച്ച് നോക്കുന്പോൾ ആത്മഹത്യകൾ വളരെ കൂടുതലാണ്. ഒരു ലക്ഷത്തിൽ നാല്പത് പേരാണ് കേരളത്തിലെ കൊല്ലം ജില്ലയിൽ ആത്മഹത്യാ ചെയ്തത്, ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ നിരക്കാണ്. ഇതിൽ ചിലതെല്ലാം തക്ക സമയത്തു ചികിത്സ കിട്ടാതെ പോകുന്ന മാനസിക പ്രശ്നങ്ങൾ ഉള്ളവരും ആണ്. ചെറിയ ഉൽക്കണ്ഠ മുതൽ ബൈപോളാർ ഡിസീസ് വരെയുള്ള പലതരം അസുഖങ്ങൾ എല്ലാം ഭ്രാന്ത് എന്ന ഒറ്റ വാക്കിൽ ഒതുക്കി സമൂഹത്തിന്റെ പുറത്തു നിർത്തുകയാണ് നമ്മൾ ചെയ്യുന്നത്.
കേരളത്തിൽ പത്ത് ശതമാനം പേർക്കും എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഒരുപക്ഷെ അത് നമ്മുടെ സുഹൃത്താവാം, നമ്മൾ തന്നെയാവാം. ഭ്രാന്തന്മാർ എന്ന് പറഞ്ഞു ഒഴിച്ച് നിർത്താതെ നാം ഇവരെ ചേർത്തുപിടിച്ച് ചികിൽസിച്ചു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യം ആണ്.
“Calling it lunacy makes it easier to explain away the things we don’t understand.”
― Megan Chance, The Spiritualist
നോട്ട് 1 : കുട്ടികളെ ചെറുപ്പത്തിലെ ഭീകര അനുഭവങ്ങൾ എങ്ങിനെ ബാധിക്കുന്നു എന്ന് മനസിലാക്കാൻ വായിക്കുക  : http://www.nctsnet.org/sites/default/files/assets/pdfs/understanding_child_traumatic_stress_brochure_9-29-05.pdf
കേരളത്തിലെ ആത്മഹത്യകളുടെ സ്റ്റാറ്റിസ്റ്റിക്‌സ് : http://www.ksmha.org/Suicide2014.pdf
സംഗത് എന്ന സംഘടനയെ കുറിച്ചുള്ള  npr ആർട്ടിക്കിൾ : http://www.npr.org/sections/goatsandsoda/2016/12/15/505733704/neighbors-treating-neighbors-for-depression-and-alcoholism
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് : http://timesofindia.indiatimes.com/india/7-5-indians-suffer-from-mental-disorders-who-report/articleshow/57344807.cms

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: