ഞങ്ങൾ പ്രേമിച്ചു കല്യാണം കഴിച്ചത് കൊണ്ട് കുറെ കൂട്ടുകാർ അവരുടെ പ്രേമത്തിന് ഞങ്ങളുടെ ജീവിതം ഒരു ഊർജമാണ് എന്ന് പറയുന്ന കേൾക്കുന്പോൾ എനിക്ക് കലയെ ഓർമ വരും. അവളും എന്നെ പോലെ വേറെ മതത്തിൽ നിന്നൊരാളെ പ്രേമിച്ചു കല്യാണം കഴിച്ചതാണ്. രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപാണ് അവസാനമായി അവൾ എന്നെ ഫോണിൽ വിളിച്ചത്.
“എടാ ഞാൻ ആരുടെ കൂടെ വേണമെങ്കിലും കിടക്കാം, എനിക്കൊരു ഇരുപതിനായിരം രൂപ വേണം, മോൾക്ക് കോളേജിൽ ഫീസ് കൊടുക്കാൻ സമയമായി…?” കരഞ്ഞു കൊണ്ടാണ് ഞാൻ അത് കേട്ടത്.
എന്റെ ഓർമ്മകളിൽ തെളിഞ്ഞു വരുന്നത് ചുറുചുറുക്കുള്ള ഒരു കോളേജ് പെൺകുട്ടിയാണ്. ജീൻസും ടോപ്പും എല്ലാം ഇട്ടു കോളേജിൽ പാറിനടന്ന അവൾ പഠനം കഴിയുന്നതിനു മുൻപ് തന്നെ ഒരാളുമായി പ്രേമത്തിലായി. കല മുസ്ലിമും കാമുകൻ നായരും ആയതു കൊണ്ട് പ്രതീക്ഷിച്ച പോലെ രണ്ടു വീട്ടുകാരും എതിർത്തു. വീട്ടുതടങ്കലിൽ നിന്ന് ഒരു വീട്ടിൽ ഇട്ട നൈറ്റി പോലും മാറ്റാതെ മതിൽ ചാടി ആണ് അവൾ ഞങ്ങളുടെ ഹോസ്റ്റലിലേക്ക് വന്നത്. കാമുകനെ വിളിച്ചു വരുത്തിയതും ഒളിച്ചോടി പോകാൻ സഹായം ചെയ്തു കൊടുത്തതും എല്ലാം ഞങ്ങളുടെ സുഹൃത്തുക്കൾ തന്നെയാണ്. അതിനു ശേഷം അവൾക്ക് പഠനം പൂർത്തിയാകാൻ കഴിഞ്ഞില്ല. കാമുകൻ ഡ്രൈവർ ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞ് രണ്ടു പെൺകുട്ടികളുടെ അമ്മയായ ശേഷം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന അവളെ ഞങ്ങൾ വീട്ടിൽ പോയി കണ്ടിട്ടുണ്ട്.
അങ്ങിനെ ഒരിക്കൽ എനിക്ക് അവളുടെ ഫോൺ കാൾ വന്നു. വീട്ടിൽ എന്തൊക്കെയോ പ്രശനങ്ങൾ ഉണ്ടെന്നും അവരെ രണ്ടു പേരെയും അറിയാവുന്ന ആളുകൾ എന്ന നിലയ്ക്ക് എനിക്കും വേറെ രണ്ടു സുഹൃത്തുക്കൾക്കും ഇടപെടാൻ കഴിയുമോ എന്നും ചോദിച്ചുള്ള ഫോൺ കാൾ ആയിരുന്നു അത്. പ്രണയ വിവാഹത്തിന്റെ ഒന്നാമത്തെ പ്രശ്നം ഇതാണ്, ഭാര്യയും ഭർത്താവും തമ്മിൽ ഒരു പ്രശ്നം ഉണ്ടാവുന്പോൾ വീട്ടുകാർക്ക് പകരം കൂട്ടുകാരാണ് ആ സ്ഥാനത്തു വരിക. എല്ലാവർക്കും നല്ല കൂട്ടുകാർ ഉണ്ടാവണം എന്നില്ല. അവരുടെ വാടക വീട്ടിൽ പോയി ഞങ്ങൾ അവരെ കണ്ടു.
രണ്ടു പ്രശ്നങ്ങൾ ആയിരുന്നു. ഒന്നാമതായി കാമുകൻ വീട്ടുകാരുമായി അടുത്തതിന് ശേഷം ഇവളെ അധികം മൈൻഡ് ചെയ്യുന്നില്ല. അവന്റെ വീട്ടിൽ പോയി ആണ് ചില ദിവസങ്ങളിൽ നിൽപ്പ്. ഇവളെ ഉപേക്ഷിക്കാൻ അവന്റെ അമ്മ അവനെ ഉപദേശിക്കുകയാണ്. ബന്ധത്തിലെ ഏതോ പെൺകുട്ടിയുടെ വീട്ടുകാർ ഇവന്റെ കാര്യങ്ങൾ അറിഞ്ഞിട്ടു പോലും സ്ത്രീധനം കൊടുത്തു അവരുടെ മകളെ ഇവന് കെട്ടിച്ചു കൊടുക്കാൻ റെഡി ആയി നിൽക്കുക ആണത്രേ!
രണ്ടാമത്തെ കുറച്ചു കൂടി സീരിയസ് ആയ പ്രശനം ആണ്, ഇന്റർനെറ്റ് വഴി അവൻ കൊച്ചിയിലുള്ള വേറൊരു കാമുകിയെ വളച്ചെടുത്തിരിക്കുകയാണ്. പുതിയ കാമുകിയുമായി സ്ഥിരം ചാറ്റ് ചെയ്യുന്നത് കൊണ്ട് അവനു കലയെയും കുട്ടികളെയും നോക്കാൻ സമയം കിട്ടുന്നില്ല.
പ്രണയ വിവാഹങ്ങളിൽ സംശയവും പൊസ്സസ്സീവെനീസും സ്ഥിരമായി ഉണ്ടാവുന്ന ഒന്നായാണ് കൊണ്ട് ഇതൊരു വലിയ പ്രശ്നം ആയി ഞങ്ങൾക്ക് ആർക്കും തോന്നിയില്ല, പക്ഷെ കമ്പ്യൂട്ടർ തുറന്ന് അവൻ അറിയാതെ റെക്കോർഡ് ചെയ്ത ചില ചാറ്റ് / വീഡിയോ സെഷൻസ് കണ്ടപ്പോൾ ഇവൾ പറയുന്നത് സത്യം ആണെന്ന് ഞങ്ങൾക്ക് മനസിലായി. രണ്ടാമത്തെ കുട്ടിക്ക് വെറും ഒരു വയസു മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ അപ്പോൾ.
ഞങ്ങളും ആയി അധികം സൗഹൃദം ഇല്ലെങ്കിൽ കൂടി ഞങ്ങളുടെ ഉപദേശങ്ങൾ കേട്ടുകൊണ്ട് ഇനി ഇങ്ങിനെ ഒന്നും ചെയ്യില്ല എന്ന് കലയുടെ ഭർത്താവു സമ്മതിച്ചു. അന്ന് പക്ഷെ കല പറഞ്ഞത് എനിക്കിന്നും ഓർമയുണ്ട്.
“പിള്ളേരെ ഓർത്തു ഒരു ചാൻസ് ഞാൻ കൊടുക്കാം, പക്ഷെ ഇനി ഇവൻ വേലി ചാടിയാൽ ഞാൻ മതില് ചാടും”
പിന്നീട് ഭർത്താവിനെ കാമുകിയും ആയി സ്വന്തം വീട്ടിൽ നിന്ന് പിടി കൂടിയപ്പോൾ അവൾ അത് തന്നെയാണ് ചെയ്തത്. പ്രണയത്തിലും ബന്ധങ്ങളിലും വിശ്വാസം നഷ്ടപെട്ട അവൾ അവനെ ഡിവോഴ്സ് ചെയ്തു. തങ്ങളെ ധിക്കരിച്ച മകളെ വീട്ടുകാർ ഏറ്റെടുത്തില്ല, പക്ഷെ അവളുടെ കുട്ടികളെ അവർ നോക്കാം എന്ന് സമ്മതിച്ചു. കുട്ടികളെ മാതാപിതാക്കളുടെ കൂടെ ആക്കിയിട്ട് കല ദുബായിയിൽ ജോലി അന്വേഷിച്ചു പോയി.
പഠനം പൂർത്തിയാക്കാത്ത കൊണ്ട് ദുബായിയിൽ ജോലി ലഭിക്കുക ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. അവളുടെ സാഹചര്യം കുറെ ആളുകൾ ശരിക്കും മുതലെടുത്തു. പലരും കാര്യസാധ്യം കഴിഞ്ഞ് സ്ഥലം വിട്ടു, ചിലർ ചില നക്കാ പിച്ച ജോലികൾ ശരിയാക്കി കൊടുത്തു. വാടകയും മറ്റും കൊടുക്കാനില്ലാതെ വന്നപ്പോൾ കുറെ നാൾ കൂട്ടുകാർ സഹായിച്ചു. പിന്നീട് ആരെയും ശല്യപ്പെടുത്താൻ വയ്യാതെ സ്വന്തം ശരീരം വിറ്റു ജീവിക്കാൻ തുടങ്ങി. അങ്ങിനെ ചെയ്തു തുടങ്ങുന്നതിന് മുന്പായിരുന്നു എന്നെ അവൾ അവസാനം ആയി ഫോൺ ചെയ്തത്. ഇപ്പോൾ ഏതോ കന്പനിയിൽ ചെറിയൊരു ജോലി ചെയ്തു ജീവിക്കുന്നു. കുട്ടികളിൽ മൂത്ത ആൾ കോളേജിലും ഇളയ ആൾ സ്കൂളിലും പോകുന്നു.
കുറച്ചു നാൾ കഴിഞ്ഞ് ഇവളുടെ ഭർത്താവിനെ കാമുകി ഉപേക്ഷിച്ചു പോയപ്പോൾ അവൻ ഒരു ഒത്തു തീർപ്പിന് ഞങ്ങൾ വഴി ശ്രമിച്ചിരുന്നു. പക്ഷെ അപ്പോഴേക്കും സംഗതികൾ എല്ലാവരുടെയും കൈ വിട്ടു പോയിരുന്നു.
“അവന്റെ കൂടെ വേണമെങ്കിൽ ഒരു രാത്രി ഞാൻ കിടക്കാം പക്ഷെ ഭാര്യയായി ആയിരിക്കില്ല..” എന്നായിരുന്നു അവളുടെ മറുപടി.
ഇങ്ങിനെ ഉള്ള പ്രശ്നങ്ങൾ പ്രണയ വിവാഹത്തിന്റേതു മാത്രം അല്ല, മാതാപിതാക്കൾ ഉറപ്പിച്ച വിവാഹങ്ങളിലും ഇങ്ങിനെ ഒരു പ്രശ്നം ഉണ്ടായാൽ പെണ്ണിന് വീട്ടിൽ നിന്ന് കുറച്ചു സപ്പോർട്ട് ഒക്കെ കിട്ടും എന്നല്ലാതെ അത് സ്ഥിരപരിഹാരം ആവുന്നില്ല.
അത് കൊണ്ട് പ്രേമിച്ചോ അല്ലാതെയോ കല്യാണം കഴിക്കണം എന്ന് വിചാരിക്കുന്ന പെൺകുട്ടികൾ ദയവായി പഠിച്ച് ഒരു ജോലി സന്പാദിക്കുക. എന്നിട്ട് സ്വന്തം കാലിൽ നിൽക്കുന്ന ഒരു ചെക്കനെ പ്രേമിച്ചു കല്യാണം കഴിക്കുക. ആൺകുട്ടികളും ദയവായി സ്വന്തം കാലിൽ നിൽക്കാൻ കഴിവുണ്ടാക്കിയതിന് ശേഷം വിവാഹം കഴിക്കുക. പ്രേമം പ്രായത്തിന്റെ – ഹോർമോണുകളുടെ ഒരു മാനസിക / ശാരീരിക പ്രതിഭാസമാണ്. വിവാഹം കഴിഞ്ഞു കുട്ടികൾ ഒക്കെ ആയിക്കഴിഞ്ഞാൽ പിന്നെ പ്രായോഗികമായി ജീവിത കാലം മുഴുവൻ ഒരുമിച്ചു താമസിക്കേണ്ടി വരും, പക്ഷെ ഒരു പ്രശ്നം ഉണ്ടായിക്കഴിയുന്പോൾ പ്രേമിക്കുന്ന സമയത്തു ഉപേക്ഷിച്ചു പോവാൻ കഴിയുന്ന പോലെ ഒരുമിച്ചു ജീവിച്ചു തുടങ്ങുന്പോൾ കഴിയണം എങ്കിൽ സ്വന്തമായി സാന്പത്തിക ഭദ്രത വേണം. ഇത് വഴക്കിന്റെ കാര്യത്തിൽ മാത്രം അല്ല പങ്കാളിയുടെ പ്രത്യകിച്ച് നമ്മുടെ സാമൂഹിക ചുറ്റുപാടിൽ പുരുഷന്റെ മരണമോ മറ്റോ സംഭവിച്ചാലും സംഭവിക്കാവുന്ന കാര്യം ആണ്.
മാതാപിതാക്കളോട് ഒരു വാക്ക്, രണ്ടു മിനിറ്റ് ചായ കുടിക്കാൻ വരുന്ന ഒരാളുടെ കൂടെ ജീവിക്കാൻ തുടങ്ങുന്നതിനേക്കാൾ എത്രയോ നല്ലതാണു പരസ്പരം അറിഞ്ഞ – ഇഷ്ടപെട്ട രണ്ടു പേര് ഒരുമിച്ചു ജീവിക്കുന്നത്. നിങ്ങൾ സപ്പോർട്ട് ചെയ്താൽ പ്രണയവിവാഹം പോലെ സുന്ദരമായ ഒരു അനുഭവം ഇല്ല. ഞങ്ങളുടെ ജീവിതം സത്യം.
Leave a Reply