നിങ്ങൾ എന്ന അത്ഭുതം. 

ഈസ്റ്ററിന്റെ അന്ന്, പാരീസ് സന്ദർശനത്തിന്റെ അവസാന ദിവസം, ഗാർ ഡു നോർ എന്ന സ്ഥലത്തുള്ള നൂറുകണക്കിനുള്ള തമിഴ് റെസ്റ്റോറന്റുകളിൽ വളരെ പഴയതായ മുനിയാണ്ടി വിലാസിൽ പോയി മൂക്ക് മുട്ടെ ഇന്ത്യൻ ഭക്ഷണവും കഴിച്ചു മെട്രോയിൽ തിരിച്ചു വരുന്ന വഴിയാണ് അടിച്ചു പൂസായ ഒരു ഫ്രഞ്ച് കാരൻ എന്റെ അടുത്ത് വന്നിരുന്നത്.
 
ഒറ്റ നോട്ടത്തിൽ അയാൾ ന്യൂ യോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയത്തിലെ പ്രശസ്തമായ വാൻ ഗോഗ് ചിത്രമായ സെൽഫ് പോർട്രൈറ് വിത്ത് സ്ട്രോ ഹാറ്റ് ( വാൻ ഗോഗിന്റെ വൈക്കോൽ തൊപ്പി വച്ച സ്വന്തം ചിത്രം) ഓർമിപ്പിച്ചു. വളരെ നല്ല ഒരു ചിരി ചിരിച്ചു കൊണ്ട് ഒരു ഹസ്തദാനം ചെയ്തു. കോട്ടിന്റെ അകത്തെ പോക്കെറ്റിൽ നിന്ന് പകുതി തീർത്ത ഒരു വിസ്കി കൂപ്പി എടുത്തു ഒരു കവിൾ കുടിച്ചു. ഒരു പരിചയവും ഇല്ലാത്തവരെ ചിരപരിചിതർ ആക്കുന്ന മദ്യത്തിന്റെ കഴിവാണോ എന്നറിയില്ല, ഫ്രഞ്ചിൽ എന്തോ എന്നോട് സംസാരിക്കാൻ തുടങ്ങി. കുറച്ചു ശ്രമപ്പെട്ടിട്ടാണെങ്കിലും ഫ്രഞ്ച് അറിയില്ല എന്ന് ഞാൻ അയാളെ പറഞ്ഞു മനസിലാക്കി. മനസിലായി കഴിഞ്ഞിട്ടും ഫ്രഞ്ചിൽ അയാൾ സംസാരിച്ചു കൊണ്ടേയിരുന്നു, പറയുന്നത് മനസിലാക്കാൻ ഞാൻ ആവുന്നത് ശ്രമിച്ചു. ഒന്നോ രണ്ടോ ഇംഗ്ലീഷ് വാക്കുകൾ അവിടെ ഇവിടെ ആയി കടന്നു വന്നു.
 
എന്റെ ഫ്രഞ്ച് പരിജ്ഞാനം പോലെ തന്നെ ആയിരുന്നു അയാളുടെ ഇംഗ്ലീഷും. മുറി ഭാഷകളിൽ ഞങ്ങൾ പരസ്പരം അറിയാൻ ഒരു ശ്രമം നടത്തി. താങ്കളെ കണ്ടാൽ വാൻ ഗോഗിന്റെ സെല്ഫ് പോർട്രൈറ് പോലെ ഉണ്ടെന്നു ഫോണിൽ ചിത്രം കാണിച്ചു ഞാൻ പറഞ്ഞു മനസിലാക്കി.
 
“നിങ്ങൾ ഇന്ത്യയിൽ പോയിട്ടുണ്ടോ? നിങ്ങൾക്കു ഇന്ത്യക്കാരെ ഇഷ്ടമാണോ?” ഞാൻ അയാളോട് ചോദിച്ചു. പല പ്രാവശ്യം ആവർത്തിച്ചു ചോദിച്ചാണെങ്കിലും ചോദ്യം മനസ്സിൽ ആയി കഴിഞ്ഞപ്പോൾ അയാൾ നിഷേധ അർത്ഥത്തിൽ തലയാട്ടി. എന്നിട്ടു പറഞ്ഞു.
 
“എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. നിങ്ങൾ ഇന്ത്യക്കാരായി ജനിച്ചതും ഞാൻ ഫ്രഞ്ച്കാരൻ ആയി ജനിച്ചതും ചില സാദ്ധ്യതകൾ മാത്രം ആണ്. അതു മനസിലാക്കി കഴിഞ്ഞാൽ ആരെയും പ്രത്യകം ഇഷ്ടപെടാനോ വെറുക്കണോ നിങ്ങള്ക്ക് കഴിയില്ല”
 
കള്ളു കുടിയന്മാരോട് സംസാരിക്കുന്പോൾ ഉള്ള പ്രശ്നം ഇതാണ്. ചിലപ്പോ ഒടുക്കത്തെ തത്വശാസ്ത്രം പറഞ്ഞു കളയും. ആലോചിച്ചു നോക്കുന്പോൾ ഒരു വാക്യത്തിൽ എത്ര വലിയ തത്വശാസ്ത്രം ആണ് അയാൾ മുന്നോട്ടു വച്ചതു എന്ന് ഞാൻ ആലോചിച്ചു.
 
ഒരാൾ അയാളായി ജനിക്കാനുള്ള സാധ്യതയുടെ ദശ ലക്ഷ മടങ്ങു സാധ്യത ആണ് നാം ജനിക്കാതിരിക്കാൻ. ഈ സാധ്യത കണക്കു കൂട്ടുന്നത് രസകരം ആയ കാര്യം ആണ്.
 
ഒന്നാലോചിച്ചു നോക്കൂ നിങ്ങളുടെ അച്ഛനും അമ്മയും കണ്ടു മുട്ടി കല്യാണം കഴിക്കാനുള്ള സാധ്യത എത്രത്തോളം ആണ്? എല്ലാ ദിവസവും കാണുന്ന ആളുകളിൽ കല്യാണം പ്രായം ആയ, എതിർ ലിംഗത്തിൽ പെട്ട ആളുകൾ എത്ര പേരുണ്ടാവും? അതിൽ എത്ര പേരോട് നാം സംസാരിക്കാനും ഇടപഴകാനും നമുക്ക് അവസരം കിട്ടും? കല്യാണ വെബ് സൈറ്റിലെ ലക്ഷകണക്കിന് പോർട്ട് ഫോളിയോകളിൽ ഇഷ്ടപെട്ട പങ്കാളിയെ കണ്ടെത്തുന്ന സാധ്യത ആലോചിക്കൂ. ലോകത്തിലെ എല്ലാ ദേശത്തും ഉള്ള സ്ത്രീ പുരുഷന്മാരിൽ നിന്ന് ഒരാളെ പങ്കാളിയായി തെരഞ്ഞെടുക്കുന്ന സാധ്യത തന്നെ നാലു കോടിയിൽ ഒന്നാണ് എന്ന് നമുക്ക് കാണാം.
 
ഇനിയാണ് ഈ കളിയിലെ ഏറ്റവും വലിയ തമാശ. ഒരു സ്ത്രീ ശരീരത്തിൽ ഒരു ലക്ഷത്തോളം അണ്ഡം ഉണ്ടാകും. ഒരു പുരുഷൻ ഒരു സമയത്തു പുറപ്പെടുവിക്കുന്നത് ഇരുപത്തി അഞ്ചു കോടിക്ക് മുകളിൽ ബീജങ്ങളെ ആണ്. ഒരു പുരുഷായുസിൽ പന്ത്രണ്ടു ലക്ഷം കോടി ബീജാണുക്കൾ. ഇതിൽ ഒരു ബീജാണു മാത്രമാണ് നിങ്ങൾ. പന്ത്രണ്ടു കോടി ബീജാണുക്കളിൽ ഒന്ന് ഒരു ലക്ഷത്തിൽ ഒരു അണ്ഡത്തിൽ പോയി യോജിക്കാനുള്ള സാധ്യത നാന്നൂറ് ക്വാഡ്രില്ല്യണിൽ ഒന്നാണ് ( 1 quadrillion =1,000,000,000,000,000).
 
ഇത് മാത്രം പോരാ, നാം നാമായി ജനിക്കണമെങ്കിൽ നമ്മുടെ അച്ഛനമ്മമാർ അവരുടെ അച്ഛനമ്മമാരുടെ കുട്ടികളായി ജനിക്കാനുള്ള സാധ്യത കൂടി കണക്കു കൂട്ടണം. അവസാനം കൂട്ടി വരുന്പോൾ ഈ പ്രപഞ്ചത്തിൽ ഉള്ള ആറ്റങ്ങളുടെ സംഖ്യയേക്കാൾ പല മടങ്ങിൽ ഒന്നാണ് നമ്മൾ എന്ന അത്ഭുതം. നമ്മൾ ഫ്രഞ്ച് കാരനോ, ഇന്ത്യനോ പാകിസ്താനിയോ ആയി ജനിക്കുന്നത് വെറും ചില കണക്കിന്റെ കളികൾ മാത്രം ആണ്. അത് കൊണ്ട് ജനിച്ച സ്ഥലം, സമയം നിറം ജാതി മതം എന്നിവ നോക്കി അഭിമാനിക്കാൻ ഒരു വകയും ഇല്ല.
 
അടുത്ത തവണ മതം ജാതി രാഷ്ട്രം നിറം എന്നിവ നോക്കി ആളുകളെ വിലയിരുത്തുന്പോൾ ഓർക്കുക, ഒരു ചെറിയ സാധ്യത മാത്രമാണ് നമ്മൾ അവരായി ജനിക്കാതിരുന്നത്. വളരെ വളരെ ചെറിയ ഒരു സാധ്യത.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: