നിങ്ങളുടെ മരണത്തെ കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ

നിങ്ങളുടെ മരണം എങ്ങിനെ ആയിരിക്കും എന്ന് നിങ്ങൾ എന്നെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും ഞാനും എങ്ങിനെ ആണ് മരിക്കാൻ പോകുന്നത്? അത് ദൈവം തീരുമാനിക്കുന്നതല്ലേ എന്നാണ് ഉത്തരമെങ്കിൽ തുടർന്ന് വായിക്കുക. നിങ്ങളുടെ മരണത്തെ കുറിച്ച് ചില കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം.
 
നാം എങ്ങിനെ മരിക്കും എന്നതറിയാൻ നമ്മുക്ക് പരിചയമുള്ളതോ പ്രിയപെട്ടതോ ആയവർ അടുത്ത കാലത്ത് മരണപ്പെട്ടത് എങ്ങിനെ എന്നോ മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത് എങ്ങിനെ എന്നോ ഓർത്തു നോക്കിയാൽ മതി. ആധുനിക വൈദ്യ ശാസ്ത്രം അടുത്ത അന്പത് വർഷങ്ങൾക്കുള്ളിൽ അവിശ്വസനീയമായ അത്ഭുതങ്ങൾ ഒന്നും കാട്ടിയില്ലെങ്കിൽ ഞാനും നിങ്ങളും മരിക്കാൻ പോകുന്നത് എങ്ങിനെ എന്ന് പ്രകൃതി മറ്റുള്ളവരുടെ മരണത്തിലൂടെ നമ്മോടു പറയുന്നുണ്ട്.
 
അപകട മരണങ്ങളും മാറാരോഗങ്ങൾ പിടിപെട്ടുള്ള മരണങ്ങളും ഒഴിച്ച് നിർത്തിയാൽ പണ്ട് കാലത്ത് ആളുകൾ വയസായി മരിച്ചിരുന്നത് വീടുകളിൽ വച്ചായിരുന്നു. എന്റെ ചെറുപ്പത്തിൽ അടുത്ത വീട്ടിലെ അപ്പൂപ്പൻ മരിക്കാറായപ്പോൾ ഒരു മുറിയിൽ ഒന്നോ രണ്ടോ ദിവസത്തോളം “വായ് വലിച്ചു” കിടന്നു അവസാന ശ്വാസം എടുക്കുന്നത് ഭയത്തോടെ കണ്ടിട്ടുണ്ട്. പക്ഷെ അന്നത്തെ കാലത്ത് വയസായവർ വീടുകളിൽ മരിക്കുന്നത് സാധാരണമായിരുന്നു. പുറത്ത് ആളുകൾ കൂട്ടമായി വർത്തമാനം പറഞ്ഞു നിൽക്കും. ചിതയ്‌ക്കുള്ള മരം വെട്ടുകാരനും ആളുകളെ ദൂരെ പോയി അറിയിക്കേണ്ടവരും ക്ഷമയോടെ കാത്ത് നിൽക്കും. മരണം ഒരു സാധാരണ “ജീവിത” പ്രതിഭാസമായിരുന്നു.
 
ആധുനിക ശാസ്ത്രം വികാസം പ്രാപിച്ചതോടെ മരണത്തിന്റെ മുഖം മാറി. വളരെ അധികം അസുഖങ്ങൾ സുഖപ്പെടുത്താനുള്ള മരുന്നുകളും സാങ്കേതിക വിദ്യകളും വന്നു. മരണം പതുക്കെ ICU വിലക്ക് മാറി. പ്രായമെത്താതെ അപകടത്തിലൂടെയോ അസുഖങ്ങളിലൂടെയോ ഉള്ളവർ മാത്രമല്ല പ്രായമായി മരിക്കുന്നവരും ICU വിലേക്ക് മാറി. അവസാന ശ്വാസം ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നടുവിൽ വച്ചായി. പ്രിയപെട്ടവരെ എങ്ങിനെ എങ്കിലും ഒരുക്കൽ കൂടി ജീവനോടെ കാണാൻ ആകാംക്ഷയോടെ ആളുകൾ പുറത്തു കാത്ത് നിന്നു.
 
ഇതിനിടയിൽ നാം മറന്നു പോയ ഒരു കാര്യമുണ്ട്. മനുഷ്യൻ വേറെ എല്ലാ ജീവികളെയും പോലെ ഒരു നിശ്ചിത സമയമാണ് ഈ ഭൂമുഖത്തുള്ളത്. ആരും ഇരുന്നൂറോ മുന്നൂറോ കൊല്ലം ജീവിക്കുന്നില്ല. 1993 ൽ ഷെർവിൻ ന്യൂലാൻഡ്‌ നാം എങ്ങിനെ മരിക്കുന്നു എന്ന പുസ്തകം എഴുതിയപ്പോൾ ഉള്ളതിനേക്കാൾ അറിവ് മരണത്തെയും വയസാകുന്നതിനെ കുറിച്ച് ഇപ്പോൾ നമുക്കുണ്ട്. അത് കൊണ്ട് ഭൂരിഭാഗം പേരും മരിക്കാൻ പോകുന്നത് എങ്ങിനെ എന്ന് ഇന്ന് തന്നെ നമുക്കറിയാം. ഇതറിഞ്ഞാൽ ചില ഗുണങ്ങളുണ്ട്. അത് പോസ്റ്റിന്റെ അവസാനം പറയാം.
 
കേരളത്തിലെ ഇപ്പോഴത്തെ പ്രതീക്ഷിത ജീവിതദൈര്‍ഘ്യം75 വയസാണ്. എന്ന് വച്ചാൽ അപകടമോ അസുഖമോ വന്നു നേരത്തെ മരിക്കുന്ന ന്യൂനപക്ഷം ഒഴിച്ചാൽ ഏതാണ്ട് എല്ലാവരും 70 മുതൽ 90 വയസ്സിനുള്ളിൽ ആണ് മരിക്കാൻ പോകുന്നത്. ഇങ്ങനെയുള്ളവർ പക്ഷെ നിശ്ചിത സമയം ആവുന്പോൾ പെട്ടെന്ന് തട്ടിപോവുന്നത് അല്ല, മറിച്ച് പല കാരണങ്ങൾ കൊണ്ട് വളരെ നാൾ ആശുപത്രിയിൽ കിടന്നോ വീട്ടിൽ തന്നെ വയസായതു മൂലം ഉണ്ടാവുന്ന പല രോഗങ്ങളുടെ പിടിയിൽ അമർന്നോ സാവധാനം ആയിരിക്കും മരണം സംഭവിക്കുന്നത്. നിങ്ങൾ മുപ്പതു വയസിന് മുകളിൽ ഉള്ള ഒരാൾ ആണെങ്കിൽ ഇപ്പോൾ തന്നെ നിങ്ങൾ പതുക്കെ മരിച്ചു കൊണ്ടിരിക്കുകയാണ്, നിങ്ങൾ അത് തിരിച്ചറിയുന്നില്ല എന്ന് മാത്രം. ഉദാഹരണത്തിന് താഴെ പറയുന്ന മരണകാരണമായ രോഗങ്ങൾ നോക്കുക.
 
എ) ഹൃദയ സംബന്ധമായ രോഗങ്ങൾ.
 
ഹൃദയം അസാധാരണമായ ഒരു അവയവമാണ്. ജനിക്കുന്നതിന് മുന്നേ തന്നെ മിടിക്കാൻ തുടങ്ങി തലച്ചോറിൽ നിന്നുള്ള ബന്ധം നഷ്ടപ്പെട്ടാൽ പോലും തനിയെ മിടിക്കാനുള്ള ചില സംവിധാനങ്ങൾ ഒക്കെ ഉള്ള തലച്ചോർ കഴിഞ്ഞാൽ ഏറ്റവും കോംപ്ലക്സ് ആയ ഒരവയവം. പക്ഷെ വയസായി മരിക്കുന്ന മൂന്നിൽ ഒരാൾ ഹൃദയ സംബന്ധിയായ അസുഖം മൂലം ആണ് മരിക്കുന്നതു. കാരണം ഹൃദയത്തിലെ പല പേശികളുടെയും ശക്തി നമ്മൾക്ക് പ്രായം ചെല്ലുന്തോറും ക്ഷയിച്ചു വരും. കുറേക്കാലം ജോലി ചെയ്തു തളർന്ന് ഇലാസ്തികത കുറഞ്ഞ, രക്തസമ്മർദ്ദം കൂടിയ പ്ലേക് അടിഞ്ഞു കൂടി കുഴലുകളുടെ വ്യാസം കുറഞ്ഞ ഈ രക്തക്കുഴലുകളിൽ ഹൃദയത്തിലേക്ക് രക്തം കൊടുക്കുന്ന കൊറോണറി ആർട്ടറി ബ്ലോക്ക് ആകുന്നതോടെ രക്തവും ഓക്സിജനും കിട്ടാതെ ഹാർട്ട് അറ്റാക്ക് ആയി രോഗി മരണത്തിന് കീഴടങ്ങുന്നു.
 
ബി) സ്ട്രോക്ക്
 
മുകളിൽ പറഞ്ഞ പോലെ പ്രായമാവുന്പോൾ ഇലാസ്തികത കുറഞ്ഞ രക്ത ധമനികളിൽ പ്ലാക്ക് പൊട്ടി ഉണ്ടാവുന്ന രക്തം കട്ടപിടിക്കൽ ഹൃദയത്തിലേക്കുള്ള ധമനിക്കു പകരം തലച്ചോറിലേക്കുള്ളതാണ് ബ്ലോക്ക് ചെയ്യുന്നതെങ്കിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചു തലച്ചോറിലെ ചില ഭാഗങ്ങൾ നശിച്ചു പോയി രോഗി ഒരു ഭാഗം തളർന്നു കിടക്കുകയോ, ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവത്തെ നിയർന്ത്രിക്കുന്ന ഭാഗം ആണ് തലച്ചോറിൽ നശിച്ചു പോകുന്നതെങ്കിൽ മരണവും സംഭവിക്കാം.
 
സി) ന്യൂമോണിയ
 
ഹൃദയത്തെയും തലച്ചോറിനെയും പോലെ തന്നെ നമ്മുടെ ജീവൻ നിലനിർത്തുന്ന ഒരവയവം ആണ് നമ്മുടെ ശ്വാസകോശം. അതിനകത്തേക്കു പോകുന്ന അനാവശ്യമായ ഏതൊരു വസ്തുവിനെയും ചുമച്ചു പുറത്തു ചാടിക്കാനുള്ള കഴിവ് അതിനുണ്ട്, പക്ഷെ വയസാവുന്പോൾ ആ കഴിവ് കുറയുകയും ചില ബാക്റ്റീരിയകൾക്ക് എളുപ്പത്തിൽ തന്പടിക്കാവുന്ന ഒരു സ്ഥലം ആയി ശ്വാസകോശം മാറുകയും ചെയ്യുന്നു. വയസായ ആളുകളിൽ പെട്ടെന്ന് ന്യൂമോണിയ വരാൻ കാരണം ഇതാണ്. പണ്ടത്തെ കാലത്തു പലരും വായു വലിച്ചു മരിച്ചിരുന്നത് ശ്വാസകോശത്തിൽ വെള്ളം കെട്ടി കിടന്നു ഓക്‌സിജൻ കിട്ടാതെ ശരീരം അതിന്റെ അവസാന ശ്രമം നടത്തിയിരുന്ന ശബ്ദം ആണ്. അവസാനം ആവശ്യത്തിന് ഓക്‌സിജൻ കിട്ടാതെ തലച്ചോറ് ശരീരത്തിലെ മറ്റു പ്രധാനപ്പെട്ട ഭാഗങ്ങളോ പ്രവർത്തനം നിലയ്ക്കുന്പോൾ നാഡി നോക്കി ആളുകൾ മരണം ഉറപ്പു വരുത്തുന്നു. ആധുനിക സംവിധാനങ്ങളിൽ തലച്ചോർ മരിച്ചോ എന്നാണ് നോക്കുന്നത്, അവയവ ദാനത്തിന് തലച്ചോറിന്റെ മരണം ആണ് അടിസ്ഥാനം ആയി കണക്കാക്കുന്നത്.
 
ഡി) കാൻസർ
 
നമ്മിൽ നാലിൽ ഒരാൾ കാൻസർ കൊണ്ടാണ് മരണപ്പെടാൻ പോകുന്നത്. ചില കോശങ്ങൾ അന്തവും കുന്തവും ഇല്ലാതെ വിഭജിക്കുന്നത് എല്ലാ പ്രായത്തിലും ശരീരത്തിൽ സംഭവിക്കുമെങ്കിലും ചെറുപ്പകാലത്ത് ഇങ്ങിനെ ഉള്ള കോശങ്ങളെ പ്രതിരോധിക്കാൻ ഉള്ള ശരീരത്തിന്റെ കഴിവ് കൂടുതൽ ആണ്. പ്രായമേറുന്പോൾ ഈ കഴിവ് കുറഞ്ഞു വരുന്നത് കൊണ്ടാണ് കാൻസർ വരുന്ന 60 ശതമാനം ആളുകളും 65 വയസിനു മുകളിൽ ആവാൻ കാരണം. കാൻസർ എല്ലാം പുതിയ രോഗം ആളാണ് പണ്ടുള്ളവർക്ക് വന്നിരുന്നില്ല എന്ന് പറയുന്നവർ മറന്നു പോകുന്ന ഒരു കാര്യം 1921 ൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഗ്യം വെറും 25 വയസായിരുന്നു, 1954 ൽ 36 വയസും ഞാൻ ജനിച്ച 1972 ൽ 50 വയസും. കാൻസർ വരുന്നതിനു മുൻപേ ഭൂരിപക്ഷം ആളുകളും തട്ടിപോയിരുന്നു എന്ന് ചുരുക്കം.
 
സമയമാവുന്പോൾ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കിടക്കാതെ പെട്ടെന്ന് മരിച്ചു പോണം എന്നാണ് നമ്മിൽ പലരുടെയും ആഗ്രഹം. പക്ഷെ യാഥാർഥ്യം മറ്റൊന്നായിരിക്കും. മുകളിൽ പറഞ്ഞ മരണകാരണമായ അസുഖങ്ങൾ വരുന്നതിന് മുൻപ് വരുന്ന ചില അസുഖങ്ങൾ ആണ് നമ്മെ ശരിക്കും വയസാകുന്നതിന്റെ ബുദ്ധിമുട്ടു അനുഭവിപ്പിക്കാൻ പോകുന്നത്. വയസായി പല അവയവങ്ങളും അതിന്റെ പകുതി പോലും പ്രാപ്തിയിൽ ജോലി ചെയ്യാതെ പതുക്കെ പതുക്കെയാണ് മരണം നമ്മെ വരിഞ്ഞു ചുറ്റുന്നത്. അത് ചുറ്റുമുളളവരെ പല തരത്തിലും ബാധിക്കുകയും ചെയ്യും.
മൂത്രസഞ്ചിയുടെ ഇലാസ്തികത നഷ്ടപെട്ട രാത്രി മൂത്രം ഒഴിക്കാൻ എഴുന്നേറ്റ് , ചിലപ്പോൾ അറിയാതെ തന്നെ മലമൂത്ര വിസർജനം ചെയ്ത്, കണ്ണ് കാണാതെ തപ്പി നടക്കേണ്ട സമയത്ത്, നമ്മെ കൊണ്ട് നടക്കേണ്ട ബാധ്യത മക്കൾക്ക് വന്നു ചേരുന്പോൾ എല്ലാവർക്കും നല്ല അനുഭവങ്ങൾ ആവണം വരുന്നത് എന്നില്ല.
 
25 വയസിനു ശേഷം നമ്മുടെ തലച്ചോറിന്റെ ഭാരം വർഷത്തിൽ 2 ഗ്രാം വച്ച് കുറഞ്ഞു കൊണ്ടിരിക്കും. പ്രായമാവുമ്പോൾ നാം ചെറുപ്പത്തിൽ ചെയ്ത പല കാര്യങ്ങളും പഴയ പ്രാപ്തിയോടെ ചെയ്യാൻ കഴിയില്ല. കണ്ണും കാതും ജോലി ചെയ്യാത്ത മൂലവും ഓർമക്കുറവ് മൂലവും മുൻപ് എളുപ്പം ചെയ്തിരുന്ന കാര്യം ചെയ്യാൻ കഴിയാതെ വരുന്പോൾ പെട്ടെന്ന് ദേഷ്യം വരുന്ന സ്വാഭാവം വരാം. അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. മസിലുകളും എല്ലും പഴയ ബലം ഇല്ലാത്തതു കൊണ്ട് അധികം നടക്കാനോ പടി കയറാനോ ഉള്ള ബുദ്ധിമുട്ടുകൾ വരാം.
 
ഇത്രമാത്രം നിങ്ങളുടെ ഉന്മേഷം കളയുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞതിന് പല കാരണങ്ങൾ ഉണ്ട്.
 
ഒന്ന് – പലരുടെയും വയസാവരോടുള്ള മനോഭാവം പൂർണമായും മാറും. കാരണം നാളെ നമ്മൾ എത്തിപ്പെടാൻ പോകുന്ന ആ അവസ്ഥയിൽ ഇന്ന് നിൽക്കുന്നവർ ആണവർ. ഓർമ കുറഞ്ഞ, പെട്ടെന്ന് ദേഷ്യം വരുന്ന, നമ്മെ അനുസരിക്കാത്ത, ചിലപ്പോൾ മലമൂത്ര വിസർജനം നിയന്ത്രിക്കാൻ പോലും ആവാത്ത, നമ്മുടെ മാതാ പിതാക്കൾ ഉൾപ്പെടുന്ന വൃദ്ധർ നമ്മുടെ വളരെ അധികം അനുകന്പ അർഹിക്കുന്നവർ ആണ്. അവരുടെ സ്ഥാനത്ത് ആ പ്രായത്തിൽ നമ്മെ പ്രതിഷ്ഠിച്ചു നോക്കിയാൽ നമ്മുടെ അവരോടുള്ള സമീപനം മാറും എന്ന് പ്രതീക്ഷിക്കുന്നു.
 
രണ്ട് : പ്രായമായ നമ്മുടെ പ്രിയപ്പെട്ടവർക്ക് നാളെ മേൽപ്പറഞ്ഞ അസുഖങ്ങൾ വരുന്പോൾ തീരുമാനം എടുക്കുന്നതിന് ഈ അറിവുകൾ സഹായിക്കും. ഭൂരിഭാഗം കേസിലും നമ്മൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കഴിവ് പ്രകടിപ്പിക്കാൻ അവസരം കൊടുക്കുമെങ്കിലും, ചില കേസിലെങ്കിലും സമാധാനത്തോടെ മരിക്കാൻ പാലിയേറ്റീവ് കെയർ പോലെ ഉള്ള മാർഗങ്ങൾ തിരഞ്ഞെടുക്കേണ്ടി വന്നേക്കാം.
 
മൂന്ന് – പിന്നീട് ചെയ്യാം എന്ന് നാം മാറ്റി വയ്ക്കുന്ന കാര്യങ്ങൾ നമുക്ക് പിന്നീട് ചെയ്യാൻ കഴിയില്ല എന്ന് മനസിലാകുന്പോൾ കാര്യങ്ങൾ കൂടുതൽ പ്ലാൻ ചെയ്യാൻ കഴിയും. ഉദാഹരണത്തിന്…
 
നിങ്ങൾ മാറ്റി വച്ച ആ യാത്ര… നാളെ നടക്കാനും മല കയറാനും പറ്റാതാവുന്പോൾ ആണോ നിങ്ങൾ പോകാൻ പോവുന്നത്?
 
സൗഹൃദം പുതുക്കാൻ മറന്നു പോയ ആ കൂട്ടുകാരനെ വിളിക്കാൻ കുറെ നാളായില്ലേ നിങ്ങൾ വിചാരിക്കുന്നത്?
 
നിങ്ങൾ സ്നേഹിക്കുന്ന നിങ്ങളുടെ പ്രിയപെട്ടവരോട് പറയാൻ കരുതി വച്ച കാര്യങ്ങൾ…
 
ചെറുപ്പത്തിൽ ജീവിത തിരക്കിൽ നിങ്ങൾ മാറ്റി വച്ച ആ ഹോബി , പാട്ടു പാടലാവാം, ചിത്ര രചന ആവാം…
 
അപ്പോൾ നമ്മൾ തുടങ്ങുകയല്ലേ? നാളെ വരെ കാത്തിരിക്കുന്നത് എന്തിനാണ്?
 
നോട്ട് 1 : ഈ പറഞ്ഞ എല്ലാ കാര്യത്തിനും പൊതുവായ ഒരു കാര്യം ശരീരം വയസാവുന്നതാണ്. പുതിയ കണ്ടുപിടുത്തങ്ങൾ പ്രകാരം ഈ വയസകൾ പ്രക്രിയയ്ക്ക് ഒരു അടിസ്ഥാന കാരണം ഉണ്ട്. അത് കോശ വിഭജനവും ആയി ബന്ധപെട്ടതാണ്. കോശ വിഭജനത്തിൽ പ്രധാനപ്പെട്ട ഒരു പരിപാടി മനുഷ്യനെ മനുഷ്യൻ ആക്കുന്ന 23 ജോഡി ക്രോമസോമുകൾ വിഭജിക്കുന്നത് ആണ്. ഇങ്ങിനെ വിഭജിക്കുന്പോൾ ഡിഎൻഎ യുടെ ഘടന നഷ്ടപ്പെടാതിരിക്കാൻ ആയി ക്രോമസോമുകളുടെ അറ്റത്ത് ടെലോമീർ (telomere) എന്നൊരു സംഭവം ഉണ്ട്. പക്ഷെ ഓരോ വിഭജനത്തിന് ശേഷവും ഈ ടെലോമെറിന്റെ നീളം കുറഞ്ഞു വരുന്നു. ഏതാണ്ട് 50 തവണ കോശം വിഭജിച്ചു കഴിയുന്പോഴേക്കും ക്രോമസോം ഘടന മാറാതെ കോശവിഭജനം സാധ്യം അല്ലാതെ വരുന്നു. ചുരുക്കി പറഞ്ഞാൽ നമ്മൾ വയസാവുന്നത്തിന്റെ കാരണം നമ്മുടെ ജീനുകളിൽ തന്നെ ഉണ്ട്.
 
ഈ കണ്ടുപിടുത്തതിനാണ് Elizabeth H. Blackburn, Carol W. Greider , Jack W. Szostak എന്നിവർക്ക് 2009 ലെ മെഡിസിൻ നോബൽ സമ്മാനം കിട്ടിയത്. (https://www.nobelprize.org/nobel_prizes/medicine/laureates/2009/press.html)
 
നോട്ട് 2 : ഞാൻ ഒരു ഡോക്ടർ അല്ല, വായിക്കുന്ന ഡോക്ടർമാർ ഇതിൽ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും തെറ്റ് കാണുകയാണെങ്കിൽ ദയവായി കമന്റ് ചെയ്യുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: