“നസീറേ ഇന്ന് വെളുപ്പിന് ശിവൻ മരിച്ചുപോയി…” രാവിലെ തന്നെ പള്ളുരുത്തിയിൽ നിന്നും കൂട്ടുകാരൻ ജോഷിയാണ്.
എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല. ഞാനും ജോഷിയും മറ്റു പലരും ഇത് പ്രതീക്ഷിച്ചിരുന്ന വാർത്തയായിരുന്നു. വലിയ കരച്ചിലുകൾ ഒന്നും ഇല്ലാത്ത ഒരു മരണവീട് ഞാൻ എന്റെ മനസ്സിൽ കണ്ടു. ഒരു പക്ഷെ ശിവന്റെ ‘അമ്മ മാത്രം ഉറക്കെ കരഞ്ഞെന്നിരിക്കും.
ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒൻപതിൽ എറണാകുളം സാക്ഷരതാ മിഷന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു ക്യാന്പിൽ വച്ചാണ് ഞാൻ ആദ്യമായി ശിവനെ കാണുന്നത്. താടി വച്ച് സുന്ദരനായ എല്ലാവരോടും വളരെ പ്രിയതോടെ ഇടപെടുന്ന ഒരാൾ. ആ കൂട്ടുകെട്ട് ഞാനും അശോകൻ ചേട്ടനും ജോഷിയും എല്ലാം ഉൾപ്പെടുന്ന പള്ളുരുത്തി – മട്ടാഞ്ചേരി ഭാഗത്തെ പരിഷത് ബാലവേദിയുടെ പ്രധാനപ്പെട്ട ഒരു സംഘം ആയി മാറി. സ്വർണ പണി ആയിരുന്നു ശിവന്. അച്ഛൻ സർക്കാർ സർവീസിൽ തിരുവന്തപുരത്ത് ആയിരുന്നു. പരിചയത്തിൽ പെട്ട ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുന്ന വരെ ശിവന്റെ വീട്ടിലായിരുന്നു ഞങ്ങൾ എല്ലാം കൂടിയിരുന്നത്. സാഹിത്യവും ശാസ്ത്രവും വിദ്യാഭ്യാസവും എല്ലാം ഞങ്ങൾ ചർച്ച ചെയ്തു. ആ പ്രദേശത് ശിവനോളം സ്വീകാര്യത ഉള്ള വേറെ പ്രവർത്തകർ വളരെ കുറവായിരുന്നു. 1990 ലെ എറണാകുളം ജില്ലാ സന്പൂർണ സാക്ഷരതാ പ്രഖ്യാപനും തുടർ വിദ്യാഭ്യാസവും എല്ലാം കേരളം മുഴുവൻ ഏറ്റെടുക്കുകയും 1991 ഏപ്രിൽ 18 ന് കേരളം സന്പൂർണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.
പുസ്തകങ്ങൾ വിറ്റാണ് പരിഷത് പണം കണ്ടെത്തുന്നത്. അതുമായി ബന്ധപ്പെട്ട് ഞാൻ ചില ആരോപണങ്ങൾ എന്റെ യൂണിറ്റിൽ ഉന്നയിച്ചതിനെ തുടർന്ന് എന്റെ യൂണിറ്റ് എനിക്കെതിരെ ഒരു പെൺകുട്ടിയുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ചു. പെണ്ണ് കേസുകളുടെ ഒരു പ്രത്യേകത അത് അറിയേണ്ട ആൾ ഒഴിച്ച് വേറെ എല്ലാവരും അറിയും എന്നുള്ളതാണ്. ഒരാളെ കുടുക്കാൻ ഉള്ള ഏറ്റവും എളുപ്പ വഴി അയാൾക്ക് ഒരു പെണ്ണുമായി ബന്ധമുണ്ടെന്ന് ഒരു ഊഹാപോഹം അടിച്ചിറക്കുകയാണ്. കൊച്ചി മേഖല കമ്മിറ്റിയിൽ ഈ ആരോപണം വന്നപ്പോൾ ശിവനും ജോഷിയും എല്ലാം ഉണ്ടായിരുന്നെങ്കിലും എന്നെ ഒരു തരത്തിലും പിന്തുണച്ചില്ല. അതിൽ മനം മടുത്ത ഞാൻ പരിഷത് പ്രവർത്തനം ഉപേക്ഷിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തു.
വളരെ നാൾ കഴിഞ്ഞ് ഒരു പത്രവാർത്തയിലൂടെ ആണ് ഞാൻ പിന്നെ ശിവനെ കാണുന്നത്. പണ തട്ടിപ്പിൽ പ്രതിയായി ജയിലിൽ ആയ വാർത്ത ആയിരുന്നു അത്. എനിക്ക് വിശ്വസിക്കാൻ ആയില്ല. കാരണം അത്രയ്ക്ക് സത്യസന്ധനായ ഒരാൾ ആയിരുന്നു ശിവൻ. നാട്ടിൽ അന്വേഷിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ കിട്ടി.
സ്വർണ പണി കുറഞ്ഞപ്പോൾ ഒരു ജ്വല്ലറിയിൽ സഹായി ആയി ചേർന്നതാണ് ശിവൻ. അവിടെ വച്ച് ആരോ പറഞ്ഞു സ്വർണം ഈടു വച്ച് കൊടുത്താൽ ആഴ്ചകൾ കൊണ്ട് പണം ഇരട്ടിക്കുന്ന തട്ടിപ്പിൽ വീണതാണ്. നാട്ടിൽ നല്ല വിശ്വാസം ഉള്ള ആളായത് കൊണ്ട് വളരെ ഏറെ പേർ ശിവനെ വിശ്വസിച്ച് പണം നിക്ഷേപിച്ചു. എല്ലാ തട്ടിപ്പുകാരേയും പോലെ ആദ്യമെല്ലാം പണം തിരിച്ചു കൊടുത്ത തട്ടിപ്പുകാർ രണ്ടു കോടി രൂപയുമായി മുങ്ങി. ആളുകൾ ശിവനെതിരെ കേസ് കൊടുത്തു. ശിവൻ ജയിലിലായി. ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആളുകളുടെ പരിഹാസവും കുറ്റപ്പെടുത്തലും കൂടി ശിവൻ മദ്യത്തിൽ അഭയം കണ്ടെത്തി.
ഈ വാർത്ത കേട്ട് പിറ്റേ തവണ നാട്ടിൽ പോയ ഞാൻ സാധാരണ കാണാറുള്ളത് പോലെ എല്ലാ കൂട്ടുകാരുടെയും വീടുകൾ സന്ദർശിച്ചു. അപ്പോഴേക്കും എനിക്ക് അമേരിക്കയിൽ ജോലി കിട്ടുകയും പഴയ പിണക്കം എല്ലാം മാറ്റിവച്ച് എല്ലാവരോടും സംസാരിക്കാനും തുടങ്ങിയിരുന്നു.
“ശിവൻ പുറത്തു കാണിക്കുന്നത് പോലെ അല്ല കാര്യങ്ങൾ നസീർ. അവൻ കിട്ടിയ പൈസ എല്ലാം ഭാര്യയുടെ പേരിൽ സ്ഥലമായി വാങ്ങി ഇട്ടിരിക്കുകയാണ്. ഈ പൈസ ഇരട്ടിപ്പുകാരുടെ കാര്യം എല്ലാം വെറുതെ പറയുന്നതാണ്..” ഞങ്ങളൂടെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരൻ എന്നോട് പറഞ്ഞു. ശിവനെ വീട്ടിൽ എന്നും കൂടാറുള്ള കൂട്ടത്തിൽ ഉള്ളവൻ ആയിരുന്നു അവൻ. വേറൊരു കൂട്ടുകാരന്റെ അച്ഛനും എന്നോട് ഇത് തന്നെ പറഞ്ഞു.
ഞാൻ സംസാരിച്ച ഭൂരിഭാഗം പേരും ഇങ്ങിനെ പറഞ്ഞു കേട്ട ഞാൻ ശിവനെ വീട്ടിൽ പോയി കാണാൻ തീരുമാനിച്ചു. സത്യം അറിയണമല്ലോ. എന്റെ അടുത്ത പരിചയമുള്ള പലരും ഇങ്ങിനെ മണി ചെയ്ത് തട്ടിപ്പിൽ വീണിട്ടുണ്ട്. അവരുടെ എല്ലാം പൈസ പോയിട്ടും ഉണ്ട്.
ഒരു വൈകുന്നേരം ആണ് ഞാൻ ശിവന്റെ വീട്ടിൽ എത്തുന്നത്. ഞാൻ അവസാനം ശിവന്റെ വീട്ടിൽ പോയി വളരെ വർഷങ്ങൾ കഴിഞ്ഞു പോയിരുന്നു അപ്പോഴേക്കും. കുറച്ചു അവിശ്വനീയതയോടെ ആണ് ശിവന്റെ അച്ഛൻ എന്നെ സ്വീകരിച്ചത്. പണ്ട് കണ്ട വീടായിരുന്നില്ല. മുകളിൽ കോൺക്രീറ്റ് അടർന്നു വീണു തുടങ്ങിയിരുന്നു. ദാരിദ്ര്യത്തിന്റെ എല്ലാ ലക്ഷണവും എനിക്കവിടെ കാണാൻ പറ്റി. ചായ തരാൻ പാലില്ല എന്ന ക്ഷമാപണത്തോടെ ശിവന്റെ ഭാര്യ വീടിന്റെ സ്ഥിതി മറച്ചു വയ്ക്കാൻ ഒരു വിഫല ശ്രമം നടത്തി. അവന്റെ രണ്ടു കുട്ടികൾ അടുത്തിരുന്നു പഠിച്ചുകൊണ്ടിരുന്നു.
“ശിവന്റെ കൂട്ടുകാർ ആരും ഇപ്പോൾ ഇവിടെ വരാറില്ല നസീർ. നസീർ ഒരു പക്ഷെ വാർത്തകൾ ഒന്നും അറിയാത്തതു കൊണ്ട് കയറിയതാവും…”
“അല്ല, ഞാൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞു, ശിവനെ കണ്ടു ഒന്ന് സംസാരിക്കാൻ വന്നതാണ്…”
“ശിവൻ ഇവിടെ ഇല്ലല്ലോ….” എന്ന് അച്ഛൻ പറഞ്ഞ് തീരുന്നതിനു മുൻപ് ശിവൻ മുകളിലത്തെ നിലയിൽ നിന്നും ഇറങ്ങി വന്നു.
“നസീർ ഒന്നും വിചാരിക്കരുത്. പൈസ ചോദിച്ചു വരുന്നവരുടെ ശല്യത്തെ കാരണം ഇവൻ ഇവിടെ ഉള്ള കാര്യം ഞങ്ങൾ ആരോടും പറയാറില്ല. ” അച്ഛൻ പറഞ്ഞു.
എന്റെ ഓർമയിൽ ഉള്ള ശിവന്റെ മുഖം ആയിരുന്നില്ല ഞാൻ കണ്ടത്. താടി എല്ലാം നരച്ചു , കണ്ണുകൾ കുഴിഞ്ഞ് ആകെ അവശനായി ഒരു വൃദ്ധന്റെ രൂപം. എന്റെ ചങ്കു തകർന്ന് പോയി.
“ഞാൻ വിശ്വസിക്കാൻ പാടില്ലാത്തവരെ വിശ്വസിച്ചതാണ് പ്രശ്നം നസീർ. ഇപ്പോൾ എന്നെ കൊണ്ട് വീട്ടുകാർക്ക് വരെ പ്രശ്നം ആയി. എങ്ങിനെ എങ്കിലും ഒന്ന് മരിച്ചു കിട്ടിയാൽ മതിയായിരുന്നു.” ശിവന്റെ വാക്കുകൾ കേട്ട് അമ്മ വാവിട്ടു കരഞ്ഞു.
പുറത്തു നിന്ന് കേട്ട വാർത്തകൾ തരിന്പ് പോലും ശരിയല്ലെന്ന് എനിക്ക് മനസിലായി. ഒരാൾക്ക് ഒരു പ്രശ്നം വരുന്പോൾ നാട്ടുകാരും കൂട്ടുകാരും പെരുമാറുന്നത് എങ്ങിനെ എന്ന് ഞാൻ മുൻപ് അനുഭവിച്ച് അറിഞ്ഞതാണ്.
ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേക്ക് പോയി. ബാപ്പ വേറെ കല്യാണം കഴിച്ച് ആഴ്ചയിൽ രണ്ടു ദിവസം മാത്രം വീട്ടിൽ വരുന്ന ദിവസങ്ങളിൽ ഞാനും ഉമ്മയും കൂടി രാവിലെ 4:30 നുള്ള ബസ് പിടിച്ചു എറണാകുളം മാർകെറ്റിൽ പോയി സെക്കന്റ് ഹാൻഡ് വസ്ത്രങ്ങൾ വാങ്ങി കൊണ്ട് വന്നു അലക്കി തേച്ചു വിൽക്കുമായിരുന്നു. രാവിലെ എന്റെ സ്കൂൾ തുറക്കുന്നതിന് മുൻപ് തിരിച്ചു വരും. പക്ഷെ പല നാട്ടുകാരും ഞങ്ങൾ വെളുപ്പിനെ പോകുന്നത് ആയിരുന്നില്ല കാണുന്നത്, എറണാകുളത്ത് നിന്ന് തിരിച്ചു വരുന്നത് മാത്രം ആയിരുന്നു. ഉമ്മയെ കുറിച്ച് അതേക്കുറിച്ചു ആരെങ്കിലും നേരിട്ട് അപവാദം പറഞ്ഞാൽ ചീത്ത കേൾക്കുമെന്ന് അറിയാവുന്ന ഒരാൾ ഒരിക്കൽ സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന എന്നെ പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞു…
“നീയും ഉമ്മയും കൂടി എറണാകുളത്ത് പോകുന്നത് ഒക്കെ ഞങ്ങൾക്കറിയാം. രാവിലെ ബസ്സിന് തിരിച്ചു വന്നിറങ്ങുന്നത് ഞങ്ങളൊക്കെ കാണുന്നുണ്ട് “
സ്കൂളിൽ പഠിക്കുന്ന എനിക്ക് അന്ന് അയാൾ പറഞ്ഞതിന്റെ ദ്വയാർത്ഥം മനസിലായില്ല. ഇന്ന് ഓർത്തു നോക്കുന്പോൾ മനസിലാവുന്ന ഒരു കാര്യം നമുക്ക് ഒരു പ്രശ്നം വരുന്പോൾ നാട്ടുകാർ അവർക്ക് ഒന്നും അറിയില്ലെങ്കിലും നമ്മെ കുറിച്ച് എന്തൊക്കെ അപവാദം പറഞ്ഞു പറത്താൻ പറ്റുമോ അതെല്ലാം ചെയ്യും എന്നതാണ്. എല്ലാവരും അല്ല, പക്ഷെ ഭൂരിപക്ഷം പേരും ഇങ്ങിനെ കേട്ടാൽ പോലും നമ്മോട് ചോദിച്ചു കാര്യങ്ങൾ മനസിലാക്കാതെ ആളുകൾ പറയുന്നത് വിശ്വസിക്കുകയും ചെയ്യും. സദാചാരം , പൈസ കേസ് തുടങ്ങിയവ പ്രത്യേകിച്ച്..
മറ്റൊരാൾ തെറ്റ് ചെയ്തു എന്ന് കേൾക്കുന്പോഴേക്കും നമ്മളെല്ലാം മനസ്സിൽ നമ്മളെ തെറ്റൊന്നും ചെയ്യാത്ത ശുദ്ധന്മാരായും തെറ്റ് ചെയ്തവരെ എപ്പോഴും തെറ്റ് ചെയ്യുന്നവരായും ഒരു തരം തിരിക്കൽ ഉണ്ട്. എന്നാൽ നമ്മൾ എല്ലാവരും ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ തെറ്റ് ചെയ്തവരാണ്. ഉമ്മ കോഴിമുട്ടയും മറ്റും വിറ്റു കിട്ടുന്ന പൈസ സൂക്ഷിക്കുന്ന പെട്ടിയിൽ നിന്ന് പൈസ കട്ടെടുത്ത മുതൽ ആരോടും പറയാൻ കഴിയാത്ത തെറ്റുകൾ വരെ ചെയ്ത ഒരാളാണ് ഞാനും. ബാലചന്ദ്രൻ ചുള്ളിക്കാടിനെ പോലെ ചിദംബര സ്മരണകൾ ഇറക്കാൻ മാത്രം ഉള്ള തൊലിക്കട്ടിയില്ലാത്തതു കൊണ്ട് നമ്മൾ വിശുദ്ധന്മാരാകുന്നില്ല. ഒരു പക്ഷെ ഈ തെറ്റുകളുടെ ജാള്യത മറക്കാനാവും മറ്റൊരാൾ തെറ്റ് ചെയ്തു എന്ന് കേൾക്കുന്പോൾ ഉടൻ തന്നെ നമ്മൾ നമ്മെ വിശുദ്ധന്മാരാക്കി പ്രഖ്യാപിക്കുന്നത്.
സത്യം പറഞ്ഞാൽ നമ്മൾ ആരും പൂർണമായും വെളുത്തവരോ കറുത്തവരോ അല്ല, വെളുപ്പും കറുപ്പും ചേർന്ന ചാര നിറമുള്ള മനുഷ്യർ മാത്രമാണ്.
Leave a Reply