കുടിയേറ്റത്തിന്റെ സാന്പത്തിക ശാസ്ത്രങ്ങൾ

ഞങ്ങളുടെ പുതിയ പ്രസിഡന്റ് ട്രന്പ് അദ്ധേഹത്തിന്റെ അധികാരത്തിന്റെ ആദ്യത്തെ ആഴ്ച ചെയ്ത ഒരു കാര്യം സിറിയ ഉൾപ്പെടയുള്ള ഏഴു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ അമേരിക്കയിൽ വരുന്നതിൽ നിന്നും തടയുക എന്ന ഉത്തരവിൽ ഒപ്പു വച്ചതാണ്. ഇതിന്റെ ഒന്നാമത്തെ പ്രശ്നം കുടിയേറ്റക്കാരുടെ രാജ്യമായ അമേരിക്ക മറ്റു കുടിയേറ്റക്കാരെ തടയുക എന്ന വിരോധാഭാസം ആണെങ്കിലും ഒറ്റ നോട്ടത്തിൽ ഇത് അമേരിക്കൻ സന്പത് വ്യവസ്ഥയെ സഹായിക്കാനാണ് എന്ന് ചിലർക്ക് തോന്നിയേക്കാം. പ്രത്യകിച്ചും സിറിയ പോലെ ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന അഭയാർത്ഥികൾ ഇവിടെ എന്ത് ചെയ്യാനാണ്? ഒരു കഥ പറഞ്ഞു തുടങ്ങാം.
 
ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒന്നിൽ സിറിയയിൽ ജനിച്ച അബ്ദുൽ ഫത്താ ജൻഡാലി ലെബനനിലെ യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കുന്പോൾ അവിടെ നടന്ന രാഷ്ട്രീയ വിപ്ലവത്തെ തുടർന്നു കൊളംബിയ , വിസ്കോൺസിൻ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥിയായി അമേരിക്കയിലേക്ക് കുടിയേറി. വിസ്കോൺസിൻ സർവകലാശാലയിൽ പഠിച്ചു കൊണ്ടിരിക്കവേ അദ്ദേഹം ജോആൻ കാരൾ എന്ന കത്തോലിക്കാ യുവതിയുമായി പ്രണയത്തിലാവുകയും, ഒരു കുട്ടി ജനിക്കുകയും ചെയ്തു. ഒരു മുസ്ലിമിന് തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന ഉറച്ച നിലപാടെടുത്ത ജോആൻറെ പിതാവിന്റെ കടും പിടുത്തം, ആ കുട്ടിയെ മനസില്ല മനസോടെ ദത്ത് കൊടുക്കാൻ ഈ ദന്പതികളെ നിർബന്ധിതരാക്കി. ജോബ്സ് കുടുംബം ആ കുട്ടിയെ ദത്തെടുത്തു. ആ കുട്ടിയാണ് പിന്നീട് ആധുനിക കമ്പ്യൂട്ടർ, ഫോൺ തുടങ്ങിയവയെ വിപ്ലവകരമായ മാറ്റങ്ങൾക്കു വിധേയമാക്കിയ ആപ്പിൾ കംപ്യൂട്ടേഴ്സിന്റെ സ്ഥാപകൻ സ്റ്റീവ് ജോബ്സ്. ഒരു സിറിയൻ അഭയാര്ഥിയുടെ മകൻ. ലോകത്തിലെ ഏറ്റവും വലിയ പത്തു കന്പനികളിൽ ഒന്നായ ആപ്പിൾ അറുപത്തി ആറായിരത്തോളം അമേരിക്കക്കാർക്ക് ഇപ്പൊൾ ജോലി നൽകുന്നുണ്ട്.
 
സ്റ്റീവിനെ ദത്ത് കൊടുത്തതിനു ഒരു വർഷത്തിന് ശേഷം ജൻഡാലി ജോആനെ തന്നെ വിവാഹം കഴിച്ചു. അതിൽ ഉണ്ടായ കുട്ടി ആണ് അമേരിക്കയിലെ പ്രശസ്ത നോവലിസ്റ്റ് ആയ മോനാ സിംപ്സൺ. മോനയാണ് വളരെ നാളുകൾക്കു ശേഷം സ്റ്റീവ്‌ ആണ് ആണ് ജൻഡാലി ദത്തു കൊടുത്ത കുട്ടി എന്ന് കണ്ടു പിടിക്കുന്നത്. സ്റ്റീവ് മരിച്ചപ്പോൾ മോനാ ഹൃദയസ്പർശിയായ ഒരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട് (http://www.nytimes.com/2011/10/30/opinion/mona-simpsons-eulogy-for-steve-jobs.html)
 
ഈ കഥ ഓഫീസിൽ പറഞ്ഞു കൊണ്ടിരിക്കുന്നപ്പോഴാണ് ട്രന്പിനെ സപ്പോർട്ട് ചെയ്യുന്ന എന്റെ ഒരു സഹപ്രവർത്തകൻ അദ്ദേഹത്തിന്റെ കഥ പറഞ്ഞത്. നാൽപതു വർഷം ആയി AT&T എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു റിട്ടയർ ചെയ്യാൻ കുറച്ചു വർഷങ്ങൾ മാത്രം ശേഷിക്കെ പുള്ളി ജോലി ചെയ്തു കൊണ്ടിരുന്ന ഡാറ്റാ സെന്റർ മാനേജ് ചെയ്യുന്ന കോൺട്രാക്ട് ഇന്ത്യയിലെ ഒരു കന്പനിക്ക് കൊടുത്തു. മൂന്ന് മാസം സമയത്തിനുള്ളിൽ അറിവെല്ലാം പുതിയ കന്പനിയിൽ നിന്ന് വന്നവർക്ക്‌ ജോലി പഠിപ്പിച്ചു കൊടുക്കാൻ നിർദ്ദേശം കിട്ടി, അത് കഴിഞ്ഞാണ് പിരിച്ചു വിടും. അറിവ് പറഞ്ഞു കൊടുത്തില്ലെങ്കിൽ (knowledge transfer ) പിരിച്ചു വിടുന്പോൾ ഉള്ള ചില ആനുകൂല്യങ്ങൾ കിട്ടില്ല.
 
സംഭവം ശരിയാണ്. ഇങ്ങിനെ കുറെ നടക്കുന്നുണ്ട്. പക്ഷെ എന്റെ സഹപ്രവർത്തകൻ മറന്നു പോയ ഒരു കാര്യം ഉണ്ട്, AT&T എന്ന അമേരിക്കൻ സ്ഥാപനം ആരംഭിച്ചത് ടെലിഫോൺ കണ്ടു പിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ ആണ്, AT&T ബെൽ ലാബ്സ് എന്നായിരുന്നു പേര്. ഈ അലക്സാണ്ടർ ഗ്രഹാം ബെൽ സ്‌കോട്ട് നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആളാണ്.
 
മറ്റൊരു കഥ പറഞ്ഞു അവസാനിപ്പിക്കാം. ആദ്യത്തെ ചാന്ദ്ര യാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തുന്ന നീൽ ആംസ്‌ട്രോങും ബസ് ആൽഡ്രിനും ആരിസോണയിലെ ഒരു മരുഭൂമിയിൽ ബഹിരാകാശ വസ്ത്രം എല്ലാം ധരിച്ചു പ്രാക്ടീസ് ചെയ്യുകയായിരുന്നു . അതിനിടെ അവർ ഒരു നേറ്റീവ് അമേരിക്കക്കാരനെ ( വെള്ളക്കാർ വന്നു അമേരിക്ക കീഴടക്കുന്നതിനു മുൻപ് അമേരിക്കയിൽ ജീവിച്ചിരുന്ന തദ്ദേശ വാസികൾ, റെഡ് ഇന്ത്യൻസ് എന്ന് കൊളംബസ് തെറ്റായി വിളിച്ച ആളുകൾ) കണ്ടു മുട്ടി. വിചിത്രമായ വസ്ത്രങ്ങൾ ധരിച്ച ഇവരെ കണ്ടു അന്പരന്ന റെഡ് ഇന്ത്യക്കാരനെ തങ്ങൾ ചന്ദ്രനിൽ പോകാൻ ഉള്ള പരിശീലനം നടത്തുക ആണെന്ന് ആംസ്ട്രോങ് പറഞ്ഞു മനസിലാക്കി. അപ്പോൾ അയാൾ പറഞ്ഞു
 
“ചന്ദ്രൻ ഞങ്ങൾ റെഡ് ഇന്ത്യക്കാർക്ക് പരിപാവനം ആയ സ്ഥലം ആണ്, അവിടെ ഞങ്ങളുടെ ഒരു ദൈവം വസിക്കുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം. നിങ്ങൾ ചന്ദ്രനിൽ പോവുക ആണെങ്കിൽ ഞാൻ ഒരു പ്രാർത്ഥന പറഞ്ഞു തരാം, അത് അവിടെ പോയി ഉറക്കെ ചൊല്ലാൻ പറ്റുമോ”
 
“അതിനെന്താണ് , ഇംഗ്ലീഷിൽ പറഞ്ഞു തന്നാൽ ഞങ്ങൾ അവിടെ പോയി പറയാം ” ആംസ്ട്രോങ് മറുപടി പറഞ്ഞു
 
“ഈ പ്രാർത്ഥന ഇംഗ്ലീഷിൽ പറഞ്ഞാൽ അതിന്റെ ഫലം പോകും, ഞങ്ങളുടെ ഭാഷയിൽ തന്നെ പറയണം , ചെറിയ ഒരു പ്രാർത്ഥന ആണ്, ഞാൻ നിങ്ങള്ക്ക് ഞങ്ങളുടെ ഭാഷയിൽ ഇത് ചൊല്ലാൻ പഠിപ്പിച്ചു തരാം”
 
അങ്ങിനെ ആംസ്‌ട്രോങിനെയും ബസ് ആൽഡ്രിനെയും ഒരു പ്രാർത്ഥന തദ്ദേശീയ ഇന്ത്യൻ ഭാഷയിൽ പഠിപ്പിച്ചു കൊടുത്തു. തിരിച്ചു നാസയുടെ കേന്ദ്രത്തിൽ എത്തിയ ആംസ്ട്രോങ് അവിടെ ഈ കഥ പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ഒരാൾക്ക് നേറ്റീവ് അമേരിക്കക്കാരുടെ ഭാഷ അറിയാമായിരുന്നു. എന്താണ് പ്രാർത്ഥന എന്ന് ആംസ്ട്രോങ് ഉറക്കെ ചൊല്ലി കേൾപ്പിച്ചപ്പോൾ, അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്നിട്ടു പറഞ്ഞു
 
“ഇത് പ്രാർത്ഥന ഒന്നുമല്ല, ഈ വരുന്നവർ നിങ്ങളുടെ നാടും സ്ഥലവും കൈയടക്കാൻ വരുന്നവർ ആണ്, ഇവരെ സൂക്ഷിക്കുക എന്നാണ് നിങ്ങൾ ഇപ്പൊ ചൊല്ലിയ വാക്കുകളുടെ അർഥം”
 
കോടി കണക്കിന് റെഡ് ഇന്ത്യക്കാരെ കൊന്നും ആഫ്രിക്കക്കാരെ അടിമകൾ ആക്കിയും കെട്ടിപൊക്കിയ ഒരു നാട് വേറെ ആരും ഇവിടെ വരരുത് എന്ന് പറയുന്നത്തിന്റെ മണ്ടത്തരം ചരിത്രം അറിയാവുന്നവർക്ക് മനസിലാവും. പക്ഷെ ചരിത്രത്തിന്റെയോ സാന്പത്തിക ശാസ്ത്രത്തിന്റെയോ അറിവില്ലായ്മ ആണല്ലോ ഇപ്പോഴുള്ള ഭരണാധികാരികളുടെ അടിസ്ഥാന യോഗ്യത.
 
കുടിയേറ്റക്കാർ അമേരിക്കയിൽ തുടങ്ങിയ കന്പനികൾ ഏതൊക്കെയാണ്? ടെസ്‌ല , ഗൂഗിൾ, ആമസോൺ, യാഹൂ, ആപ്പിൾ…..
 
അതിരുകൾ ഇല്ലാത്ത മുതലാളിത്ത കന്പോളവും അതിരുകൾ കൊണ്ട് ജീവിക്കുന്ന ദേശീയതയും ആണ് ഏറ്റുമുട്ടുന്ന കാഴ്ച ആണ്, ബ്രിട്ടനിലും, അമേരിക്കയിലും മറ്റും നാം കാണുന്നത്. ആര് ജയിക്കും എന്ന് കണ്ടറിയാം..
 
ആളുകൾ മാത്രമല്ല കുടിയേറുന്നത് അറിവും കുടിയേറുന്നുണ്ട്. ബാബിലോണിയയിൽ തുടങ്ങി അറേബ്യയിൽ വികസിച്ച അൽജിബ്രയും, ഇന്ത്യയിലെ ദശക സ്ഥാന ഉപയോഗവും പൂജ്യവും , ഒരു മെക്സിക്കക്കാരൻ കണ്ടുപിടിച്ച കളർ ടീവി യും എല്ലാം നിരോധിക്കട്ടെ, അതല്ലേ ഹീറോയിസം 🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: