ഒരിടത്ത് ഒരിടത്ത് ഒരു കവി ഉണ്ടായിരുന്നു…

ഒരിടത്ത് ഒരിടത്ത് ഒരു കവി ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ കവിതകളെ സ്നേഹിച്ചിരുന്ന ഒരു പാട്ടുകാരിയും.

അന്നാട്ടിലെ ഭരണാധികാരി തന്റെ നാടിനെ ഒരു മത രാഷ്ട്രമാക്കാൻ ആഗ്രഹിച്ചു. സാധാരണക്കാരുടെ അവകാശങ്ങൾ മതത്തിന്റെ പേരിൽ നിഷേധിച്ച അയാൾ, ആ നാട്ടിലെ പെണ്ണുങ്ങൾ ഇനി മേൽ സാരി ധരിക്കരുത് എന്നൊരു ഉത്തരവിറക്കി.

വിപ്ലവകാരിയും തന്റെ നാട്ടിലെ സാധാരണക്കാരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നില കൊള്ളുകയും ചെയ്ത കവി ആ ഭരണാധികാരിക്കെതിരെ കവിതകൾ എഴുതുകയും അതിന്റെ ഫലമായി ജയിലിൽ അടക്കപ്പെടുകയും ചെയ്തു. കവിയെ ഇഷ്ടപെട്ട അന്പതിനായായിരത്തോളം ആരാധകർ ഒരു സ്റ്റേഡിയത്തിൽ തടിച്ചു കൂടി. അവിടെ വച്ച് ഭരണാധികാരിയുടെ വിലക്കുകൾ അവഗണിച്ച് ഒരു കറുത്ത സാരി ഉടുത്തു കൊണ്ട് ആ പാട്ടുകാരി തന്റെ പ്രിയപ്പെട്ട കവിയുടെ ഏറ്റവും പ്രശസ്തമായ പാട്ടു പാടി.

ഞങ്ങൾ കാണും

ഞങ്ങൾ തീർച്ചയായും കാണും
ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത ആ നാൾ

അനീതിയുടെ ക്രൂര പർവതങ്ങൾ
ഒരു പഞ്ഞികെട്ടു പോലെ പറന്നു പോകും

അടിച്ചമർത്തപ്പെട്ടവന്റെ കാൽകീഴിൽ
ഈ ഭൂമി ഹൃദയമിടിപ്പ്പ് കൊണ്ട് വിറക്കും

അധികാരത്തിനു മുകളിൽ ഇരിക്കുന്നവരുടെ തലയ്ക്ക്ക് മുകളിൽ
ഒരു ഇടിമിന്നൽ പതിക്കും

ഞങ്ങൾ കാണും

ദൈവത്തിന്റെ ഈ വിശുദ്ധ ഭൂമിയിൽ നിന്ന്
എല്ലാ വിഗ്രഹങ്ങളും തച്ചുടയ്ക്കപ്പെടും

ഞങ്ങൾ ഏറ്റവും ശുദ്ധിയുള്ള, അവഗണക്കപെട്ടവർ
പതുപതുപ്പുള്ള മെത്തകളിൽ ഇരിക്കും

എല്ലാ സിംഹാസനങ്ങളും കിരീടങ്ങളും തച്ചുടയ്ക്കപ്പെടും

അങ്ങിനെ പോയി ആ ഗാനത്തിന്റെ വരികൾ. ആവേശം കൊണ്ട കേൾവിക്കാർ ഉറക്കെ വിളിച്ചു പറഞ്ഞു

“ഇൻക്വിലാബ്, സിന്ദാബാദ്, വിപ്ലവം ജയിക്കട്ടെ” അധികാരികൾ വിളറി പിടിച്ചു, മൈക്കും, ലൈറ്റും ഓഫ് ചെയ്തു, പക്ഷെ കാണികൾ ആ ഗായിക പാടി തീരുന്നതു വരെ അവിടെ തന്നെ നിന്നു.

പക്ഷെ മതം എന്ന കറുപ്പ് ഉപയോഗിച്ച് ആ ഭരണാധികാരി തന്റെ നാടിനെ ഒരു മത രാഷ്ട്രമാക്കുക തന്നെ ചെയ്തു. ആ രാഷ്ട്രത്തെ മതരാഷ്ട്രം ആക്കി മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ നടന്ന ഏറ്റവും വലിയ ചെറുത്ത് നിൽപ്പായി ആ ഗാനം ഇന്നും നിലനിൽക്കുന്നു. ആ ഗായിക ആ രാജ്യത്തെ എവിടെ പാടുന്നതിൽ നിന്നും വിലക്കപെട്ടു.

ഇത് ഒരു കഥയല്ല, മറിച്ച് നമ്മുടെ അയൽ രാജ്യത്തിൻറെ ചരിത്രമാണ്.

ആ രാജ്യം പാകിസ്ഥാൻ ആണ്. കവി, നാല് തവണ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ട, ഫൈസ് അഹ്മദ് ഫൈസ്. പാട്ടുകാരി ഗസൽ കേൾവിക്കാരുടെ പ്രിയപ്പെട്ട ഇഖ്‌ബാൽ ബാനോ, ഭരണാധികാരി പാകിസ്താനെ ഇസ്ലാമിക രാഷ്ട്രം ആക്കി മാറ്റിയ സിയ ഉൽ ഹഖ്, ഈ സംഭവം നടന്നത് 1985ൽ ലാഹോറിൽ വച്ച്. hum dekhenge iqbal bano എന്ന് ഗൂഗിൾ ചെയ്താൽ കിട്ടുന്ന യൂട്യുബ് ലിങ്കിൽ നിങ്ങൾക്ക് ആ പാട്ടും ഇൻക്വിലാബ് സിന്ദാബാദ് വിളികളും കേൾക്കാം.

നിങ്ങൾ ഒരു പക്ഷെ വിശ്വസിക്കില്ല, പാക്കിസ്ഥാൻ ആരംഭ ദശയിൽ ഒരു ഇസ്ലാമിക രാഷ്ട്രം ആയിരുന്നില്ല, മറിച്ച് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നല്ല വേരോട്ടം ഉള്ള നാടായിരുന്നു അത്, അതിന്റെ ഉത്ഭവം മതത്തിനെ അടിസ്ഥാനപ്പെടുത്തി ആയിരുന്നെങ്കിൽ കൂടി. പാക്കിസ്ഥാൻ പീപ്പ്പിൾസ് പാർട്ടിയുടെ ഉത്ഭവം തിരക്കി പോയാൽ നാം എത്തിച്ചേരുന്നത് കമ്മ്യൂണിസ് പാർട്ടിയിൽ ആണ്. പാകിസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടിയും അവിടെ വളരെ ആക്റ്റീവ് ആയിരുന്നു. ഫൈസ് അഹമ്മദ് ഫൈസ് അങ്ങിനെ ഉള്ള സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ഒരു വിപ്ലവ കവി ആയിരുന്നു.

പാകിസ്ഥാനിൽ ഇസ്ലാമിക ശരിയ നിയമം അന്നുണ്ടായിരുന്നില്ല, സിയ ഉൽ ഹക്ക് അധികാരത്തിൽ വരുന്നത് വരെ. സുൾഫിക്കർ അലി ഭൂട്ടോ എന്ന പ്രധാനമന്തിയുടെ കീഴിൽ ഉണ്ടായിരുന്ന ഒരു സൈനിക ജനറൽ ആയിരുന്നു സിയ ഉൽ ഹഖ്. 1977 ജൂലൈ അഞ്ചാം തീയതി ഒരു അട്ടിമറിയിലൂടെ സിയ ഉൽ ഹഖ് അധികാരം പിടിച്ചെടുത്തു. അധികാരത്തിൽ വന്നു അധികം നാളുകൾക്ക് മുൻപ് തന്നെ പാകിസ്ഥാനിൽ ശരിയാ നിയമം പ്രഖ്യാപിച്ച് കൊണ്ട് അതിനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി തീർത്തു.

അതിന്റെ അനന്തര ഫലം ആയിരുന്നു സാരി നിരോധനം, സാരി ഇസ്ലാമിക വസ്ത്രം അല്ല എന്നായിരുന്നു സിയ ഇതിനു പറഞ്ഞ ന്യായം. മാത്രമല്ല, പാക്കിസ്ഥാൻ ക്രിമിനൽ നിയമത്തിൽ കല്ലെറിഞ്ഞു കൊല്ലൽ, ചാട്ടവാറടി , കൈ വെട്ടൽ തുടങ്ങി അനേകം ഇസ്ലാമിക ശിക്ഷാ രീതികൾ ഉൾപ്പെടുത്തുകയും ചെയ്തു.

ഇതെല്ലാം നല്ലതിനാണ് എന്ന് ബോധ്യപ്പെടുത്താൻ ഗവണ്മെന്റ് വളരെ അധികം പണം ചിലവഴിച്ചു.

ഇതിനെതിരെ കമ്മ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് പാർട്ടികൾ വലിയ സമരങ്ങൾ നടത്തി. അതിൽ ഒന്നായിരുന്നു ഞാൻ മുകളിൽ പറഞ്ഞ പ്രധിഷേധം. പക്ഷെ മതത്തിനു മുന്നിൽ ഇങ്ങിനെ ഉള്ള പ്രതിഷേധങ്ങള്ക് അധികം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രം ആയി പാക്കിസ്ഥാൻ മാറുകയും ചെയ്തു.

നമ്മുടെ നാട്ടിലെ ഇന്നത്തെ നിരോധനങ്ങൾ കാണുന്പോൾ ഞാൻ 1977 ലെ പാകിസ്താനെ ഓർക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇത് ഒരു പ്രധാന സമയം ആണ്. നമ്മുടെ നാട് പതുക്കെ ഒരു മത രാഷ്ട്രം ആയി മാറിക്കൊണ്ടിരിക്കുകയാണ്.

നാളെ നെഹ്രുവിന്റെ ഓർമ ദിവസം ആണ്. അദ്ദേഹത്തിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ വായിച്ചവർക്കറിയാം ഇറ്റലിയിൽ കൂടെയുള്ള യാത്രയിൽ മുസോളിനിയുടെ കർശന നിർദ്ദേശം അവഗണിച്ചു കൊണ്ട് ഒരു ഫാസിസ്റ്റു ഭരണാധികാരിയെ താൻ കാണില്ലെന്ന് വ്യക്തമാക്കിയ കഥ. ലോക ചരിത്രത്തെ കുറിച്ചും, ഇന്ത്യയെ കുറിച്ച് പ്രത്യകിച്ചും അപാര അറിവുണ്ടായിരുന്ന അദ്ദേഹത്തെ പോലെ ഉള്ളവർ ആണ് നമ്മുടെ നാട് ഇത് വരെ ഒരു മത രാഷ്ട്രമാകാതെ പിടിച്ചു നിൽക്കാൻ സഹായിച്ചത്.

ഒരു വിപ്ലവത്തിന് സമയമായിരിക്കുന്നു. എവിടെയാണ് നമ്മുടെ കവികളും പാട്ടുകാരും? എവിടെയാണ് നമ്മുടെ പ്രതിപക്ഷം?

ചരിത്രം കണ്ടു പഠിക്കാത്ത ജനത മണ്ടന്മാരാണ്.

നോട്ട് : താഴെ കൊടുത്ത വിഡിയോയോയിൽ 7 ആം മിനിറ്റ് മുതൽ നിങ്ങൾക്ക് ഇൻക്വിലാബ് സിന്ദാബാദ് വ്യക്തമായി കേൾക്കാം…. ഇതിന്റെ കുറച്ച് വരികളുടെ പരിഭാഷ ഞാൻ പെട്ടെന്ന് ചെയ്തതാണ്, ഉർദു അറിയാവുന്ന ആരെങ്കിലും മലയാളത്തിലേക്ക് ഭംഗിയായി വിവർത്തനം ചെയ്താൽ നന്നായിരുന്നു. ചില ഇടങ്ങളിൽ ഈ വീഡിയോ കിട്ടില്ല, അങ്ങിനെ ഉള്ളവർ ഗൂഗിൾ ചെയ്താൽ ലിങ്ക് കിട്ടും.

https://www.youtube.com/watch?v=dxtgsq5oVy4

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: