2008 ൽ അമേരിക്കയിലെ ഫിനാൻഷ്യൽ മാർക്കറ്റ് ചീട്ടു കൊട്ടാരം പോലെ തകരുന്പോൾ അവിടെ ഉള്ള മെരിൽ ലിഞ്ച് എന്ന സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു ഞാൻ. ഓരോ ദിവസം ജോലിക്കു വരുന്പോഴും ബ്രൗൺ നിറത്തിലുള്ള വലിയ പെട്ടികൾ ക്യൂബിക്കിളിൽ ഉണ്ടോ എന്ന് നോക്കും. അത് വന്നാൽ അതിനർത്ഥം അന്ന് നമ്മളെ പറഞ്ഞു വിടും എന്നാണ്. നമ്മുടെ സാധനങ്ങൾ പാക്ക് ചെയ്യാൻ ആണ് ഈ വലിയ ബ്രൗൺ പെട്ടികൾ. ഓരോ ദിവസവും അഞ്ചോ ആറോ ആളുകളെ നിങ്ങളുടെ ടീമിൽ നിന്ന് തന്നെ പറഞ്ഞു വിട്ടു കൊണ്ടിരുന്നു. ചില മുഴുവൻ ടീമുകളും പിരിച്ചു വിടപ്പെട്ടു.
2008 ൽ എന്ത് കൊണ്ട് മാർക്കറ്റ് തകർന്നു എന്നതിനെ കുറിച്ച്, പല നല്ല ഡോക്യൂമെന്ററികളും ഉണ്ട്. ഇൻസൈഡ് ജോബ് , ദി ബിഗ് ഷോർട് എന്നിവ ഉദാഹരണം. അമേരിക്കൻ മുതലാളിത്ത വ്യവസ്ഥയുടെ അടിവേര് തോണ്ടിയ ഒരു തകർച്ച ആയിരുന്നു 2008 ലേതു. അമേരിക്കൻ മുതലാളിത്ത വ്യവസ്ഥ വളരെ ചുരുക്കം മാത്രം ഗവണ്മെന്റ് ഇടപെടലിൽ നടന്നു പോകുന്ന ഒന്നാണ് എന്നാണ് വയ്പ്പ്. പക്ഷെ ചിലപ്പോഴെല്ലാം അമേരിക്കയുടെ മാത്രം അല്ല , ലോക സന്പത് വ്യവസ്ഥ തന്നെ തകരാറിൽ ആക്കുന്ന ചില കളികൾ വാൾ സ്ട്രീറ്റിലെ ദല്ലാൾമാർ കളിക്കും. അത്തരം കുറെ കളികൾ ആയിരുന്നു 2008 ലെ തകർച്ചയിലേക്ക് നയിച്ചത്.
1980 പകുതി മുതൽ വിലക്കയറ്റം തടയുവാൻ ആയി വളരെ നാളുകൾ ആയി ഫെഡറൽ റിസേർവ് പലിശ നിരക്കുകൾ വളരെ താഴ്ത്തി വഴിരിക്കുക ആയിരുന്നു. 2001 ലെ ഡോട്ട് കോം കുമിള (https://en.wikipedia.org/wiki/Dot-com_bubble) പൊട്ടിയതിനു ശേഷം സ്റ്റോക്ക് മാർക്കറ്റിൽ നിന്നും അധികം ലാഭം കിട്ടാതിരുന്ന കന്പനികൾ , വീടിനു കൊടുക്കുന്ന ലോൺ ( മോർട്ടഗേജ്) വളരെ അധികം ആയി വിൽക്കാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോഴേക്കും തിരിച്ചു അടക്കാൻ ശേഷി ഇല്ലാതിരുന്ന ആളുകൾക്ക് എങ്ങിനെ ഈ ലോണുകൾ വിൽക്കാം എന്ന ചിന്ത തുടങ്ങി. നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാവും, ബാങ്കുകൾ എന്തിനാണ് തിരിച്ചു അടക്കാൻ ശേഷി ഇല്ലാത്തവർക്ക് ലോൺ കൊടുക്കുന്നത് എന്ന്. അത് അതിനു കാരണം ബാങ്ക് ഈ ലോണുകൾ എല്ലാം കൂട്ടി എംബിഎസ് എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന mortgage backed securities ആയി മറ്റുള്ളവർക്ക് വിൽക്കുന്നു. പല റേറ്റിംഗ് ഏജൻസികളും പൈസ കൈപറ്റി ഈ ബോണ്ടുകൾക്കു AAA റേറ്റിംഗ് നൽകി പോന്നു. അങ്ങിനെ 2008 ആയപ്പോഴേക്കും തിരിച്ചടക്കാൻ സാധിക്കാത്ത ലോണുകൾ ആയി ഈ ബോണ്ടുകളിൽ ഭൂരി ഭാഗവും. ആളുകൾ പൈസ തിരിച്ചു അടക്കൽ നിർത്തി തുടങ്ങിയപ്പോൾ ബാങ്കുകൾക്ക് പറഞ്ഞ റിട്ടേൺ നൽകാതെ വരികയും, മാർക്കറ്റ് തകരുകയും ചെയ്തു. ക്രെഡിറ്റ് ഡീഫോൾട്ട് സ്വാപ്പ് (CDS ), CDO തുടങ്ങിയ അനുബന്ധ ഡെറിവേറ്റീവ് ട്രേഡുകൾ ഈ തകർച്ചയെ പർവതീകരിച്ചു.
ഞാൻ ജോലി ചെയ്തിരുന്ന കന്പനി തകർച്ചയുടെ വക്കിൽ ആയിരുന്നു. നൂറു കണക്കിന് വർഷത്തെ പാരമ്പര്യം ഉള്ള ബാങ്കുകൾ ആണ് വാൾ സ്ട്രീറ്റിൽ. പ്രശ്‌നം എന്താണ് എന്ന് വച്ചാൽ ഇത്തരം ഒരു കമ്പനി തകർന്നാൽ പല കമ്പനികൾ തമ്മിൽ തമ്മിൽ ട്രേഡ് ഉള്ളത് കൊണ്ട് മാർട്ട് മൊത്തം തകരും, നാം ഇന്ന് കാണുന്ന സന്പത് വ്യവസ്ഥ ഇല്ലാതാവുകയും ചെയ്യും. മുൻപ് പല തവണ ചെയ്ത പോലെ അമേരിക്കൻ ഫെഡറൽ റിസേർവ് ഇടപെട്ടു.
അവരുടെ ആദ്യത്തെ ടെസ്റ്റ് ഒരു കമ്പനി തകരുവാൻ അനുവദിക്കുക എന്നതായിരുന്നു. അമേരിക്ക ഫ്രീ മാർക്കറ്റ് ഇക്കോണമി ആണല്ലോ. അങ്ങിനെ 1850 മുതൽ വാൾ സ്ട്രീറ്റിൽ ഉണ്ടായിരുന്നു ലെ മാൻ ബ്രദർസ് എന്ന കമ്പനി 2008 സെപ്റ്റംബറിൽ അടച്ചു പൂട്ടി. സ്റ്റോക്ക് മാർക്കറ്റ് ക്രാഷ് ആയി. കുറച്ചു നേരത്തേക്ക് ട്രേഡിങ്ങ് നിർത്തി വെക്കേണ്ടി വന്നു. പല കമ്പനികളും തങ്ങൾക്കു ലെ മാൻ ബ്രദർസ് പൂട്ടിയതിലൂടെ എത്ര നഷ്ടം വന്നു എന്ന് കണക്കാണ് ആവാതെ കഷ്ടപ്പെട്ടു. പക്ഷെ ഫെഡറൽ റിസേർവിന് ഒരു കാര്യം മനസ്സിൽ ആയി. ഇടപെട്ടില്ലെങ്കിൽ അമേരിക്കൻ മാർക്കറ്റ് അന്ത്യ ശ്വാസം വലിക്കും.
തകർന്നു പോകാൻ സാധ്യത ഉള്ള കമ്പനികളെ സഹായിക്കാൻ അമേരിക്കൻ ഗവണ്മെന്റ് പദ്ധതി തയാറാക്കി. മെറിൽ ലിഞ്ച് ബാങ്ക് ഓഫ് അമേരിക്കയിൽ ലയിപ്പിച്ചു. സാധാരണക്കാരന്റെ tax പൈസ എടുത്തു വലിയ പല കമ്പനികൾക്കും സഹായം കൊടുത്തു. വലിയ കമ്പനികൾ കാണിച്ച കൊള്ളരുതായ്മയ്ക് അമേരിക്കയിലെ പാവപ്പെട്ടവരുടെ പോക്കറ്റിൽ നിന്നും പൈസ പോയി.
വാൾ സ്ട്രീറ്റിൽ നല്ല ഒരു ട്രേഡ് ചെയ്താൽ നല്ല പൈസയും ബോണസും കിട്ടും. പക്ഷെ കുരുത്തകേട് കാണിച്ചു പൈസ പോയാൽ താങ്ങാൻ ഗോവെര്മെന്റും. ഈ ചിന്ത ആണ് 2011 ലെ ഒക്ക്യൂപൈ വാൾ സ്ട്രീറ്റ് എന്ന ബഹു ജന മുന്നേറ്റത്തിലേക്കു നയിച്ചത്. അമേരിക്കയുടെ 35% സ്വത്തും കയ്യിൽ വച്ചിരിക്കുന്നത് ഒരു ശതമാനം ആളുകൾ ആണ്. 4 കോടി (13 ശതമാനം) ആളുകൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ ആണ് ജീവിക്കുന്നത്. കറുത്ത വർഗക്കാരും കുടിയേറ്റക്കാരും വിദ്യാഭ്യാസവും ജോലിയും ഇല്ലാതെ കഴിയുമ്പോൾ അമേരിക്കൻ ഗവണ്മെന്റ് വാൾ സ്ട്രീറ്റിലെ ദല്ലാൾ മാരെ സംരക്ഷിക്കുന്നു.
2011 സെപ്തംബര് 17 നു എന്റെ ഓഫീസിനു അടുത്തുള്ള സുക്കോട്ടി പാർക്കിൽ തുടങ്ങിയ സമരം കുറച്ചു ദിവസം കൊണ്ട് തന്നെ അനേകായിരങ്ങൾ ആകർഷിച്ചു. കുറച്ചു ദിവസങ്ങൾ ഞാൻ ഈ സമരം നടക്കുന്ന സ്ഥലത്തു ഉണ്ടായിരുന്നു. പല ജീവിത സാഹചര്യങ്ങളും ജീവിത വീക്ഷണവും ഉള്ള വളരെ അധികം പേര് അന്ന് അവിടെ വച്ച് പരിചയപെട്ടു. പ്രധാനമായും, വളരെ കുറച്ചു കൂലിക്കു ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ആയിരുന്നു ഈ സമരത്തിന്റെ ആണിക്കല്ല്. വാൾ സ്ട്രീറ്റിൽ നിന്നും വളരെ വ്യത്യസ്തം ആയ ചിന്ത ഗതി ആയിരുന്നു ഇവർക്ക്.
പ്രധാനപെട്ട ഒരു കാര്യം ഈ സമരത്തിന് ഒരു നായകൻ ഉണ്ടായിരുന്നില്ല എന്നാണ്. എല്ലാവരും ഇതിന്റെ നായകർ ആയിരുന്നു. ആർക്കു വേണമെങ്കിലും ഒരു മീറ്റിങ് വിളിച്ചു കാര്യങ്ങൾ ചർച്ച ചെയ്യാനും, അത് വോട്ടിനിട്ട് കാര്യങ്ങൾ നടപ്പിലാക്കാനും ഉള്ള അവകാശവും ചുമതല ബോധവും ഉണ്ടായിരുന്നു. ഞാൻ ആണ് വരെ കണ്ട പല സമരമുറകളിൽ നിന്നും വളരെ വ്യത്യാസപ്പെട്ട ഒരു സമരമുറ ആയിരുന്നു അവിടെ.
വളരെ അധികം പാട്ടുകാരും മറ്റു കലാകാരന്മാരും ഈ സമരം ഒരു വ്യത്യസ്തമായ അനുഭവം ആക്കി മാറ്റി. ന്യൂ യോർക്ക്, ന്യൂ ജേഴ്സി തുടങ്ങി പല സംസ്ഥാനങ്ങളിൽ നിന്നുള്ള കുറെ ആളുകൾ ഇവർക്ക് ഭക്ഷണം കൊണ്ട് വന്നു കൊടുത്തു. അവിടെ ചെല്ലുന്ന എല്ലാവർക്കും ഭക്ഷണം ലഭിക്കുമായിരുന്നു. ഡാൻസും പാട്ടും മേളവും, വളരെ സീരിയസ് ആയ ചർച്ചകളും ആയി വളരെ രസകരം ആയ ഒരു സമരം. ഹ്യൂമൻ മൈക്രോഫോൺ രസകരം ആയ ഒന്നാണ്. ഒരിടത്തു നിന്ന് ഒരാൾ സംസാരിക്കുമ്പോൾ, കേൾവിക്കാർ അത് ഏറ്റു പറഞ്ഞു പുറകിൽ നിൽക്കുന്ന ആളുകളെ കേൾപ്പിക്കുന്ന ഒരു സംഭവം ആണിത്.
ഇവിടെ സമരത്തിന് വന്ന പലരും നല്ല വായന ശീലം ഉള്ളവർ ആയിരുന്നു. എല്ലാവരുടെയും കയ്യിലുള്ള പുസ്തകങ്ങൾ കൂട്ടിവച്ചു 5500 പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഉണ്ടാക്കി. ആർക്കു വേണമെങ്കിലും ബുക്ക് എടുത്തു വായിക്കാം. യുദ്ധ വിരുദ്ധരും LGBT അവകാശങ്ങൾക്കു വേണ്ടി പോരാടുന്നവരും മറ്റും ഒത്തുചേരുന്ന ഒരു ഇടം കൂടി ആയി മാറി ഈ സമര പന്തൽ.
നവംബർ 15 നു പോലീസ് സമരക്കാരെ ബലം പ്രയോഗിച്ചു ഒഴിപ്പിച്ചു. അമേരിക്കയുടെ മുതലാത്ത ചിന്ത ഗതിക്കെതിരെ അമേരിക്കയുടെ തന്നെ മണ്ണിൽ നിന്നും ഉയർന്നു വന്ന സമരം എവിടെയും എത്താതെ അവസാനിച്ചു, പക്ഷെ അത് അന്ന് ഉയർത്തിയ ചോദ്യങ്ങൾ ഇന്നും വളരെ പ്രസക്തം ആണ്.
Leave a Reply