“കേരളത്തിൽ ഗ്രാമങ്ങൾ ഇല്ലേ? ഒരു പട്ടണം കഴിഞ്ഞു അടുത്ത പട്ടണം തുടങ്ങുകയാണല്ലോ? തമിഴ്നാട്ടിലാണെകിൽ ബസിൽ യാത്ര ചെയ്‌യുന്പോൾ ഒരു നഗരം കഴിഞ്ഞു അടുത്ത നഗരം എത്തുന്നതിനു മുൻപ് ഒരു വലിയ പല ഗ്രാമങ്ങൾ കടന്നു പോകും. കൃഷിഭൂമിയും കുടിലുകളുമുള്ള അധികം ആശുപത്രികളോ സ്കൂളുകൾ പോലുമോ ഇല്ലാത്ത ഗ്രാമങ്ങൾ. കേരളത്തിൽ അങ്ങിനെ ഒന്ന് ഞാൻ കാണുന്നതേ ഇല്ല, വലിയ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും പകരം വലുതോ ചെറുതോ ആയ പട്ടണങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്ക് കടന്നുള്ള യാത്രയാണ് കേരളത്തിൽ..” വിവാഹശേഷം ആദ്യമായി കേരളത്തിൽ യാത്ര ചെയ്തപ്പോൾ ഗോമതി പറഞ്ഞതാണിത്. പക്ഷ അത് പതിനേഴു വർഷങ്ങൾക്ക് മുന്പായിരുന്നു. ഇപ്പോൾ പക്ഷെ നമുക്ക് വലിയ മെട്രോ നഗരങ്ങൾ ഉണ്ട്.
ഒരു സ്ഥലം പുരോഗമിക്കുന്നത് എങ്ങിനെ എന്ന് എനിക്ക് പണ്ട് ചില അബദ്ധ ധാരണകൾ എല്ലാം ഉണ്ടായിരുന്നു. ഒരു സ്ഥലത്തു താമസിക്കുന്നവർ പണക്കാരാവുന്നതും അവർ പുതിയ വീട് വയ്ക്കുന്നതും പുതിയ ജോലിസ്ഥലങ്ങളും ഫാക്ടറികളും സ്കൂളുകളുകൾ ആശുപത്രികൾ മുതലായവയും ആ സ്ഥലങ്ങളിൽ വന്നു അവിടെ താമസിക്കുന്നവരുടെ ജീവിത നിലവാരം ഉയരുന്നതായിരുന്നു എന്റെ മനസിലെ വികസനം. ഒരു സ്ഥലത്തു താമസിക്കുന്നവർ സ്ഥലവും വീടും വിറ്റു കൂടുതൽ ദരിദ്രമായ ഒരു സ്ഥലത്തേക്ക് പോവുകയും പുറത്തു നിന്ന് പണക്കാരായ ആളുകൾ ഈ സ്ഥലങ്ങൾ വാങ്ങിച്ചു അവിടെക്കു വരുകയും ചെയ്യന്ന ഒരു ഡൈനാമിക്സ് ഞാൻ ആലോചിച്ചത് പോലും ഇല്ല. നഗരങ്ങളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും ഉള്ള കുടിയേറ്റം ഒഴിവാക്കാൻ ആവാത്തതാണ്, പക്ഷെ അതിന്റെ ഇപ്പോഴത്തെ വ്യാപ്തി എന്നെ അത്ഭുതപ്പെടുത്തുന്നു. പഴയ എല്ലാവരും പോയി പുതിയവർ വരുന്ന നഗരങ്ങൾ ആണ് നമ്മളുടെ നഗരങ്ങൾ എല്ലാം.
പണ്ട് എന്റെ അയല്പക്കകാരായി താമസിച്ചിരുന്ന കുറെ പേരെ ഇത്തവണ നാട്ടിൽ പോയപ്പോൾ അവരുടെ വീടുകൾ അന്വേഷിച്ചു പോയി കണ്ടിരുന്നു. തെക്കുവശത്തു താമസിച്ചിരുന്ന മുരളിച്ചേട്ടൻ പള്ളുരുത്തിയുടെ ഏറ്റവും അകലെയുള്ള അതിർത്തിയായ കോണം പടിഞ്ഞാറു ഭാഗത്തേക്കാണ് മാറിയത്. പണ്ട് മഴ പെയ്താൽ എന്റെ വീടിനടുത്തു വെള്ളം കെട്ടികിടക്കുമായിരുന്നു. ഇപ്പോൾ അവിടെ കോൺക്രീറ്റ് വഴിയെല്ലാം ആയി. മുരളിച്ചേട്ടൻ ഇപ്പോൾ താമസിക്കുന്ന സ്ഥലം ഞങ്ങൾ പണ്ട് താമസിച്ചിരുന്ന സ്ഥലത്തെ ഒരുമിപ്പിച്ചു, വീടിനു മുൻപിലെ വെള്ളക്കെട്ടിന് മുകളിൽ മരക്കഷ്ണം ഇട്ടാണ് നടപ്പാത ഒരുക്കിയിരുന്നത്. ജീവിത നിലവാരം മുന്പുണ്ടായിരുന്നതിൽ നിന്നും ഒട്ടും മെച്ചം ആയിട്ടില്ല.
വീടിന്റെ പടിഞ്ഞാറു താമസിച്ച ഗംഗൻ ചേട്ടൻ എറണാകുളം ജില്ലാ തന്നെ വിട്ടു തൊട്ടടുത്ത ജില്ലയായ ആലപ്പുഴയിലെ ചന്തിരൂരിലേക്ക് താമസം മാറ്റി. കുട്ടികൾ കൂലിപ്പണിക്ക് പോകുന്നു. ഒരു മകൻ ഈ അടുത്താണ് കെട്ടിടം ജോലിക്കിടെ പണിതുകൊണ്ടിരുന്ന ഒരു ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണു മരിച്ചത്.
ഞാൻ അമേരിക്കയിൽ വന്നത് മുതൽ നാട്ടിൽ സ്ഥലം വാങ്ങി ഇടാൻ എനിക്ക് നാട്ടുകാരുടെയും വീട്ടുകാരുടെയും കയ്യിൽ നിന്ന് നല്ല സമ്മർദ്ദം ഉണ്ടായിരുന്നു. ഒരാളെ സഹായിക്കാൻ ബാങ്ക് ലോൺ എടുത്തു വാങ്ങിയ ഒരു സ്ഥലവും പഴയ വീട്ടിലേക്ക് നടവഴി കിട്ടും എന്നത് കൊണ്ട് വാങ്ങിയ മറ്റൊരു അഞ്ചു സെന്റും വാങ്ങിയപ്പോഴേ എനിക്കൊരു കാര്യം മനസിലായി. നമ്മൾ ആവശ്യമില്ലാതെ സ്ഥലം വാങ്ങിയിട്ടാൽ സ്ഥലത്തിന്റെ വില മുകളിലെക്കു പോവുകയും നാട്ടിൽ താമസിക്കുന്നവർക്ക് ന്യായവിലയ്ക്ക് സ്ഥലം കിട്ടാതിരിക്കുന്ന ഒരവസ്ഥ വരികയും ചെയ്യും. അത് കൊണ്ട് സ്ഥലം വാങ്ങിയിടുക എന്ന ഐഡിയ ഞാൻ ഉപേക്ഷിച്ചു. ഒരാൾ ഇങ്ങിനെ വിചാരിച്ചിട്ട് കാര്യമില്ല, ഇപ്പോൾ കേരളത്തിൽ വീടില്ലാത്തവരുടെ എന്നതിനേക്കാൾ കൂടുതൽ ആണ് വെറുതെ പൂട്ടിക്കിടക്കുന്ന വീടുകളുടെയും ഫ്ളാറ്റുകളുടെയും എണ്ണം. എന്റെ നാട്ടിൽ സ്ഥലങ്ങൾ മുറിച്ചു വിറ്റ് അടുത്തടുത്തു വീടുകൾ വന്നിട്ട് ശ്വാസം മുട്ടുന്ന അവസ്ഥയാണ്. കുട്ടികൾക്ക് കളിയ്ക്കാൻ കുറച്ചു സ്ഥലം പോലുമില്ല. ഇടവഴികളിൽ ആണ് കുട്ടികൾ ക്രിക്കറ്റ് പോലും കളിക്കുന്നത്. കുറെ ആളുകൾ അവർ പതിറ്റാണ്ടുകൾ ആയി താമസിച്ചിരുന്ന സ്ഥലം വിട്ട് നഗരത്തിന്റെ അതിർത്തികളിലേക്ക് മാറുന്നു, നഗരം വളരുന്പോൾ അവർ ഒരു പക്ഷെ വീണ്ടും മാറുമായിരിക്കും.
മഹാബലിയും വാമനനും പ്രതീകങ്ങൾ ആണെന്ന് തോന്നുന്നു. കമ്മട്ടിപ്പാടങ്ങളിലേക്ക് എന്നും ചവിട്ടി താഴ്‌ത്തപെട്ടുകൊണ്ടേയിരിക്കുന്ന മഹാബലിമാരും അവരെ എന്നും ചവിട്ടിതാഴ്‌ത്തുന്ന വരേണ്യ വാമനന്മാരും.
എല്ലാവർക്കും ഓണാശംസകൾ….
Leave a Reply